വെള്ളിയായനി മല
ഭ്രാന്തെടുത്തൊഴുകിയ
അന്നത്തെ രാത്രി
കുട ചൂടാതെ
നീയെവിടേയ്ക്കാണ് വിക്ടർ
നടന്നുപോയത്…?
ഞാൻ കരുതി,
മലമുഴക്കി വേഴാമ്പലുകളുടെ
അച്ചടക്കമില്ലാത്ത
കൂടുതേടിപ്പോയിരിക്കുമെന്ന്..!
ആ കൂട്ടിൽ ഒരു ദിവസമെങ്കിലും
രാപാർക്കണമെന്ന്
മുമ്പ് നീ പറഞ്ഞിരുന്നല്ലോ…!
ഒറ്റ ക്ലിക്കിൽ നീ വരച്ച
ബ്ലാക്ക് ആന്‍ഡ് വൈറ്റ്
ചിത്രങ്ങളെപ്പോലെയാവും
അവയുടെ കൂടും…!
ആകാശവും ഭൂമിയും കടലും കരയും
ഒന്നിച്ചുണ്ട്, ഒന്നിച്ചുറങ്ങി,
ഒന്നിച്ചിണചേർന്ന്
പൊട്ടിവീഴുന്ന കൂട്..!
ആ കൂട്ടില്‍ , നിന്റെ
വിരൽച്ചൂടു പതിഞ്ഞ
നിക്കോൺ ക്യാമറയുടെ
വിലകൂടിയ ലെൻസ്
അവസാനമായി പകർത്തിയ ചിത്രങ്ങൾ
ആർട് ഗാലറിയുടെ ചുമരിലെന്നോണം
തൂങ്ങിക്കിടപ്പുണ്ടാകുമെന്ന്
എനിക്കുറപ്പുണ്ട്…!
കെട്ടഴിഞ്ഞുപാഞ്ഞ
ഉരുളിന്റെ കയത്തില്‍ തൂങ്ങിക്കിടന്ന്,
മരണത്തിനിടയിലുള്ള
തീരെ ചെറിയ ഇടവേളയിൽ
നീ നിശബ്ദമായി പകർത്തിയ നൊമ്പരങ്ങൾ
ഏത് ഭാഷയിലാകും
അവ വായിക്കുന്നുണ്ടാവുക…?
ഒഴുക്കിലുറച്ചുപോയ ചോദനകളുമായി
നിരന്തരം കലഹിക്കുന്ന
പക്ഷികൾക്കുമാത്രമേ
അതിന്റെ ഭാഷ മനസ്സിലാകൂ..!
മലമുഴക്കി വേഴാമ്പലുകൾ
സത്യത്തിൽ ഇന്നെന്നെ
വല്ലാതെ ഭയപ്പെടുത്തുന്നു വിക്ടർ…
അത്രമാത്രം സ്വച്ഛന്ദമൊഴുകിയ
വെള്ളിയായനി മല
പിന്നീടൊരിക്കലും
അവ കണ്ടിട്ടുണ്ടാകില്ലല്ലോ…!

മധുശങ്കർ മീനാക്ഷി

By ivayana

Leave a Reply

Your email address will not be published. Required fields are marked *