രചന : അൻസൽന ഐഷ ✍️
ചേടത്തിയും ചേച്ചിയും
ഈശപോശ നടത്തിയതുകൊണ്ടാണ്
കൊച്ചാട്ടനും അച്ചായനും
അതിരുകല്ലു കെട്ടി പ്രശ്നപരിഹാരം
നടത്തിയത്.
ഒന്നും രണ്ടും പറഞ്ഞു തല്ലുപിടിച്ചത് ചേടത്തിയുടെ പട്ടി
ചേച്ചിയുടെ കോഴിക്കുഞ്ഞിനെ
പിടിച്ചതിന്റെ പേരിലും.
ചേടത്തിക്ക് ടിപ്പു ജീവനായതുപോലെ
പിങ്കികോഴിക്കുഞ്ഞു ചേച്ചിയുടെ
കരളുമായിപ്പോയി.
ഒരിടത്തു ചോറു വെച്ചാൽ
അപ്പുറത്ത് കൂട്ടാൻ വെയ്ക്കും
ഉച്ചക്ക് പണി കഴിഞ്ഞെത്തുന്ന
കണവന്മാർ മുറ്റത്തെത്തുമ്പോൾ
കഞ്ഞിക്കലവും
കൂട്ടാൻച്ചട്ടിയുമായി കെട്ട്യോൾമാരും
ഒരു വാഴയിലയുമെടുത്തു
ചമ്രംപിടിക്കും.
ഈ ഒരുമയ്ക്ക് കൂട്ടോ
മറയില്ലാത്ത മനസുകളും
അതിരില്ലാത്ത പറമ്പുമായിരുന്നു.
പട്ടിസ്നേഹവും കോഴിവളർത്തലും
എടുപിടീന്ന് പറമ്പിനും
മനസ്സിനും വിടവുകൾ
തീർത്തത് തീരാനൊമ്പരമായത്
രണ്ടിണപ്രാവുകൾക്കാണ്.
ഒരാളെ നാടും ദേശവും വിട്ട്
അറബിപ്പൊന്നു വാരാൻ വിട്ടപ്പോൾ
കണ്ണീരും കൈയ്യുമായി
മറ്റൊരാൾ എന്നേക്കും
വേറൊരു ദേശത്തിൻമരുമകളായി.
ഇതുകണ്ടു മനമുരുകിയൊരു താത്ത
അങ്ങോട്ടുമിങ്ങോട്ടും ഓട്ടമായി
ഇരുവർക്കുമിടയിലെ
വേലി പൊളിക്കാൻ.
കൂട്ടിന് താത്തയുടെ കാക്കായും
അച്ചായനെയും കൊച്ചാട്ടനെയും
ഒന്നിപ്പിക്കാനും.
രണ്ടാളും ഒന്നിച്ചു പറഞ്ഞു
വേണ്ട ഇനിയീ ബന്ധം
ഏച്ച് വെച്ചാൽ മുഴച്ചിരിക്കുമെന്നുള്ള
പഴഞ്ചൊല്ല് പറഞ്ഞുകേൾപ്പിച്ചു.
പെൺപ്പിറന്നോളുമാരുടെ
വാശി ജയിക്കട്ടെ
എന്നാലും കാക്ക നമ്മൾ
മൂന്നാളും ഒറ്റക്കെട്ടല്ലേയെന്ന്.
അല്ലേലും ആൺപിറന്നോന്മാർക്ക്
വെട്ടൊന്നു മുറിരണ്ടാണ്
പ്രമാണമെങ്കിലും
ഇച്ചിരി കഴിയുമ്പോൾ
എല്ലാം മറന്നവർ കവലയിൽ
ഒത്തുകൂടില്ലേ.
പക്ഷെ
പെൺപിറന്നോൾമാരുടെ
ആക്രോശം കുടുംബശ്രീയിലും
തീരില്ലയെന്നാണ് സത്യം.
നിസ്സാരകാരണത്തിൽ
അതിരുകൾ തിരിച്ചു വേലികെട്ടിയാലും
കൊടുക്കൽവാങ്ങലുകൾ
വേലിക്കുമുകളിലൂടെ
യഥേഷ്ടമിപ്പോഴും
തകൃതിയായി നടക്കുന്നുണ്ടെന്നൊരു
കരക്കമ്പി നാട്ടിലിപ്പോൾ
പാട്ടാണ്പോലും.
നാട്ടിൻപ്പുറനന്മയിൽ മാത്രമല്ലേ
ഈ കാഴ്ചയിപ്പോഴും
കാണാൻ കഴിയൂ.
അതിരുകൾ വൻമതിലായി
തീർത്തു രാജ്യങ്ങളുടെ
അതിർത്തിയായിക്കണ്ടു
വീട്ടിലും ഫ്ലാറ്റിലും ഒതുങ്ങുന്നവർക്ക്
അതിരുകല്ലുകൾ എന്നും
സുരക്ഷയാണ് പോലും.
ആരും ആരെയും അറിയാതിരിക്കാനുള്ള
വെറുമൊരു സുരക്ഷ മാത്രം.

