​സാഗർ ആട്സ് കോളേജിലെ അനൂപ് മാസ്റ്ററോട് അടങ്ങാത്ത അഭിനിവേശമായിരുന്നു നിഷാനയ്ക്ക്. പഠനത്തിൽ പിന്നിലായിരുന്ന അവൾക്ക് മാഷുടെ വഴക്കുകൾ പോലും ഒരു പ്രണയസമ്മാനമായിരുന്നു. തന്റെ കൗമാര പ്രണയം നിഷാന തുറന്നുപറഞ്ഞത് കൂട്ടുകാരി ലതികയോട് മാത്രമായിരുന്നു.
​”നിഷാന, നിനക്ക് ഇഷ്ടമാണെന്ന് നേരിട്ട് പറഞ്ഞാലെന്താ? എനിക്ക് വയ്യ നിങ്ങളുടെ രണ്ടുപേരുടെയും ഈ ഒളിച്ചുകളി കണ്ടുകൊണ്ടിരിക്കാൻ,”
ലതിക അല്പം ദേഷ്യത്തോടെ പറഞ്ഞു.
​”അങ്ങനെ പറയല്ലെ എന്റെ മോളെ, നീ എന്റെ സുഹൃത്തല്ലെ? എനിക്ക് പേടിയാണ്… അടുത്ത് വന്നാൽ പേടിയാ. മോള് വേഗം ചെന്ന് ഒന്ന് പറ, എന്നെ കെട്ടിയില്ലെങ്കിൽ ഞാൻ ചത്തു കളയുമെന്ന്…”
നിഷ്കളങ്കതയോടെ നിഷാന അപേക്ഷിച്ചു.

ആയിടക്കായിരുന്നു അനൂപിന് സർക്കാർ ജോലി കിട്ടി ദൂരേക്ക് പോകേണ്ടി വന്നത്. ആ വേർപാട് നിഷാനയുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി. ആ നോവിനെ അവൾ വാശിയാക്കി മാറ്റി, കഠിനാധ്വാനത്തിലൂടെ പഠനത്തിൽ മുന്നേറി.
​വർഷങ്ങൾക്ക് ശേഷം ഒരു റെയിൽവേ സ്റ്റേഷനിൽ വെച്ച് അനൂപിനെയും ലതികയെയും നിഷാന യാദൃശ്ചികമായി കണ്ടുമുട്ടുന്നു. അനൂപ് പരിചയപ്പെടുത്തിയ അനൂപിന്റെഭാര്യയെ കണ്ടപ്പോൾ നിഷാന ഞെട്ടിപ്പോയി! പണ്ട് തനിക്ക് വേണ്ടി ദൂത് കൈമാറിയ തന്റെ സ്വന്തം കൂട്ടുകാരിയായിരുന്ന – ലതിക.
“നിഷാന, ഞങ്ങളുടെ കല്യാണത്തിന് നിന്നെ ക്ഷണിക്കാൻ പറ്റിയില്ല. ചേട്ടനും എനിക്കും ജോലി കിട്ടിയപ്പോൾ ഉടനെ ജോയിൻ ചെയ്യേണ്ടി വന്നതുകൊണ്ട് വളരെ പെട്ടെന്ന് ചുരുക്കത്തിലായിരുന്നു കല്യാണം. നിന്റെ കല്യാണം കഴിഞ്ഞില്ല അല്ലേ? ജോലിയും ഒന്നും ആയില്ലേ?”
ലതിക ചോദിച്ചു.
​”ലതിക, എനിക്ക് ജോലിയുണ്ട്. ഇവിടെ തുണിക്കടയിൽ സെയിൽസ് ഗേളായി…”
നിഷാന ശാന്തമായി മറുപടി പറഞ്ഞു.

അത് കേട്ടപ്പോൾ ലതിക പുച്ഛത്തോടെ അനൂപിനെ നോക്കി ഒന്ന് ചിരിച്ചു.
“ഒക്കെ ശരിയാവും, വിധിയാണ് നിഷാന.”
​ലതികയുടെ ആ വാക്കുകൾക്ക് മുന്നിൽ തളർന്നുപോകുമെന്ന് കരുതിയ നിഷാന തികച്ചും ശാന്തയായിരുന്നു. പൊങ്ങച്ചങ്ങളുടെയും പദവികളുടെയും പൊള്ളത്തരങ്ങൾ എടുത്തുപറഞ്ഞ് അവരെ ചെറുതാക്കാൻ അവൾ മുതിർന്നില്ല.
തിരക്കുപിടിച്ച ആ പ്ലാറ്റ്‌ഫോമിൽ ലതികയുടെ സ്വരത്തിന്റേയും സംസാരശൈലിയിലെ പൊങ്ങച്ചവും വല്ലാതെ ഉയർന്നു കേട്ടു. തന്റെ ഭർത്താവിന്റെ പുതിയ കോർപ്പറേറ്റ് ജോലിയുടെ പദവിയും, വിദേശയാത്രകളുടെ പ്ലാനുകളും, കമ്പനി നൽകുന്ന വമ്പൻ ആനുകൂല്യങ്ങളും ഒന്നിനുപുറകെ ഒന്നായി ലതിക നിഷാനയുടെ മുന്നിൽ വിളമ്പുകയായിരുന്നു. താൻ നേടിയെടുത്തതോ കുടുംബം വഴി കൈക്കലാക്കിയതോ ആയ വിജയങ്ങളുടെ ഭാരത്താൽ നിഷാനയുടെ ലളിതമായ ജോലിയേയും സാധാരണ ജീവിതസാഹചര്യങ്ങളേയും നിസ്സാരവത്കരിക്കാൻ ലതിക ബോധപൂർവ്വം ശ്രമിച്ചു.

ലതികയുടെ വമ്പൻ വിശേഷങ്ങൾ കേട്ട് മടുത്ത് യാതൊരു താല്പര്യവുമില്ലാതെ നിഷാന തല വെട്ടിച്ചു. പെട്ടെന്നാണ് അവളുടെ കണ്ണുകൾ പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള പഴയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ചുവരിലേക്ക് നീണ്ടത്. പെയിന്റ് അടർന്നു തുടങ്ങിയ ആ ചുവരിലെ വരികളിൽ കറുത്ത മഷിയിൽ എഴുതിവെച്ചിരുന്ന ആ ദൈവവചനം അവളുടെ കണ്ണിൽ തറച്ചു:
“ദൈവം നിങ്ങൾക്കായി വേണ്ടി അത്ഭുതങ്ങൾ പ്രവർത്തിച്ചു കൊണ്ടേയിരിക്കും…”
​”എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ലതിക. നിങ്ങൾ ഈ പറയുന്ന പദവികൾക്കും തിളക്കങ്ങൾക്കുമൊക്കെ ഒരുപക്ഷേ അല്പായുസ്സേ ഉണ്ടാകൂ എന്നും വരാം, ആർക്കും പറയാൻ പറ്റില്ല. പക്ഷേ, എല്ലാ മനുഷ്യർക്കും അതിജീവിക്കാൻ ഇതിലുമേറെ വലിപ്പമുള്ള ചില ഉൾക്കരുത്തുകൾ വേറെയുണ്ട്,”

നിഷാനയുടെ ശബ്ദം പതുക്കെയായിരുന്നെങ്കിലും അതിൽ വ്യക്തമായൊരു ദൃഢതയുണ്ടായിരുന്നു.
അടുത്ത നിമിഷം സംഭവിച്ചത് ലതികയും പ്രതീക്ഷിച്ചിരുന്നില്ല. അതുവരെ ലതികയുടെ വർത്തമാനങ്ങളെ നിസ്സാരമായി കേട്ടിരുന്ന അനൂപ്, നിഷാനയുടെ ഈ മറുപടി കേട്ട് ഞെട്ടിപ്പോയി. ഇതുവരെ താൻ കണ്ടുശീലിച്ച നിഷാനയിൽ നിന്നുമുള്ള തികച്ചും വ്യത്യസ്തമായ ഒരു ഭാവമായിരുന്നു അത്. ഒതുങ്ങിക്കൂടും എന്ന് കരുതിയവൾ തന്റെ വാക്കുകൾ കൊണ്ട് ഇത്രയും ആഴത്തിൽ പ്രതികരിക്കുമെന്ന് അനൂപ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അയാളുടെ മുഖത്തെ ആത്മവിശ്വാസം പെട്ടെന്ന് മാഞ്ഞുപോയി.
​യാത്ര പറഞ്ഞ് അനൂപും ലതികയും അവരുടെ കാറിൽ കയറി പോയി. നിസ്സംഗ ഭാവത്തിൽ നിഷാനയും സ്റ്റേഷൻ വിട്ടു.

എന്നാൽ വഴിയിൽ വെച്ച് അവർ സഞ്ചരിച്ച കാർ വലിയൊരു അപകടത്തിൽപെട്ടു! കാറിന്റെ മുൻസീറ്റിലുണ്ടായിരുന്ന ലതികയ്ക്ക് മാരകമായ പരിക്കുകൾ പറ്റി. രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിലായ ലതികയുമായി ആംബുലൻസ് അടുത്തുള്ള വലിയ ആശുപത്രിയിലേക്ക് പാഞ്ഞു.
ആപത്ഘട്ടത്തിൽ അത്യാഹിത വിഭാഗത്തിലേക്ക് രോഗിയെ എത്തിച്ചപ്പോഴുള്ള ബഹളങ്ങൾക്കിടയിലേക്ക് നഴ്സുമാരും ജീവനക്കാരും ചേർന്ന് ആ കേസ് ഏറ്റെടുത്തു. സ്റ്റെതസ്കോപ്പുമായി അവിടേക്ക് ഡോക്ടർ നിഷാന കടന്നുവന്നു! തങ്ങളെ ചതിച്ച കൂട്ടുകാരി മരണത്തോടു മല്ലിട്ടുകിടക്കുന്ന കിടക്കയ്ക്ക് അരികിലേക്ക്…
​തന്റെ മുന്നിൽ നിൽക്കുന്നത് അന്ന് താൻ നിസ്സാരയായി തള്ളിക്കളഞ്ഞ അതേ നിഷാനയാണെന്ന് തിരിച്ചറിഞ്ഞ അനൂപ്, കുറ്റബോധത്തോടെ തല കുനിച്ചുനിന്നു. വിധി തന്നെ എത്ര ക്രൂരമായാണ് തനിക്ക് മുന്നിൽ കൊണ്ടുവന്ന് നിർത്തിയത് എന്ന് ഓർത്ത് ആ മനുഷ്യൻ ആശുപത്രി ഇടനാഴിയിൽ വെച്ച് തകർന്നുപോയി. എന്നാൽ പ്രതികാരചിന്തകൾ മാറ്റിവെച്ച്, ഒരു ഡോക്ടറുടെ പവിത്രമായ കർമ്മബോധം മാത്രം മുന്നിൽക്കണ്ട് അവൾ ആ ജീവൻ രക്ഷിച്ചെടുത്തു..

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ലതികയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർ നിഷാനയ്ക്ക് കഴിഞ്ഞു. എന്നാൽ വിധിയുടെ ക്രൂരമായ മറ്റൊരു പരീക്ഷണം ബാക്കിയുണ്ടായിരുന്നു. ആഘാതത്തിന്റെ ആഴം ലതികയുടെ ഓർമ്മശക്തിയെ പൂർണ്ണമായും കവർന്നെടുത്തിരുന്നു. ചുറ്റുമുള്ളവരെ തിരിച്ചറിയാനോ പഴയ കാര്യങ്ങൾ ഓർത്തെടുക്കാനോ കഴിയാത്ത അവസ്ഥയിലായി അവൾ.
​തുടർന്നുള്ള ദിവസങ്ങൾ ആശുപത്രിയുടെ നാലുചുവരുകൾക്കുള്ളിൽ സംഘർഷഭരിതമായിരുന്നു. ഓർമ്മകൾ മാഞ്ഞുപോയ ലതികയെ ശുശ്രൂഷിക്കുന്നതിനിടയിൽ നിഷാനയുടെ മുന്നിൽ അനൂപ് പലതവണ തലകുനിഞ്ഞു നിന്നു. തന്റെ പഴയ സ്വാർത്ഥതയും ചതിയും ഓർത്ത് അവന്റെ ഉള്ളിൽ കുറ്റബോധത്തിന്റെ കനലുകൾ എരിഞ്ഞു കൊണ്ടിരുന്നു.

മറുവശത്ത്, നിഷാനയുടെ മനസ്സും വലിയൊരു സംഘർഷത്തിലൂടെയായിരുന്നു കടന്നുപോയത്. താൻ കഠിനമായി സ്നേഹിക്കുകയും, പിന്നീട് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നോവായി മാറുകയും ചെയ്ത അനൂപ് ഇന്ന് തന്റെ മുന്നിൽ നിസ്സഹായനായി നിൽക്കുന്നു. അവൾ കഠിനാധ്വാനം ചെയ്ത് നേടിയെടുത്ത ഉന്നത പദവിയിൽ ഇന്ന് മുൻകാമുകൻ അപകർഷതാബോധത്തോടെ നിൽക്കുമ്പോൾ, ആദ്യമൊക്കെ ചെറിയൊരു നീറ്റൽ തോന്നിയിരുന്നെങ്കിലും ദിവസങ്ങൾ കഴിയവേ ആ ആശുപത്രി മുറിയിൽ അനൂപിന്റെ സാന്നിധ്യം അവളെ വല്ലാതെ സ്വാധീനിക്കാൻ തുടങ്ങി.

അനൂപിന്റെ കണ്ണുകളിലെ ആധിയും നിസ്സഹായാവസ്ഥയും കാണുമ്പോൾ, തന്നോട് കാണിച്ച തെറ്റിനുള്ള പ്രായശ്ചിത്തമാണ് ആ മനുഷ്യൻ അനുഭവിക്കുന്നതെന്ന് നിഷാന തിരിച്ചറിഞ്ഞു. ആ സാന്നിധ്യം വർഷങ്ങൾക്ക് മുൻപ് താൻ അടക്കിപ്പിടിച്ചുവെച്ച പഴയ പ്രണയത്തിന്റെ നൊമ്പരങ്ങളെയും മായാത്ത അനുഭൂതികളെയും വീണ്ടും അവളുടെ മനസ്സിലേക്ക് പതുക്കെ പടർത്തി. ഒരേമുറിയിൽ, ഒരാൾ കുറ്റബോധത്തിന്റെ തീച്ചൂളയിലും മറ്റൊയാൾ വികാരങ്ങളുടെവേലിയേറ്റത്തിലും പെട്ട് നീറുമ്പോൾ, അവർക്കിടയിലെ മൗനം കൂടുതൽ അർത്ഥവത്താകുകയായിരുന്നു…
നിഴലുകൾ പോലെ അവരുടെ പഴയ ഓർമ്മകൾ ആ ആശുപത്രി മുറികളിൽ വീണ്ടും സജീവമാവുകയായിരുന്നു.

ദിവാകരൻ. പി.കെ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *