രചന : ബഷീർ ബഷീറ ✍️
ജീവിതം നമ്മളെ പലതും പഠിപ്പിക്കുന്നത് പുസ്തകങ്ങളിലൂടെയല്ല…
നമ്മൾ കടന്നുപോകേണ്ടി വരുന്ന സാഹചര്യങ്ങളിലൂടെയാണ്.
ചില സാഹചര്യങ്ങൾ നമ്മെ തകർക്കും…
ചിലത് നമ്മെ മാറ്റും…
പക്ഷേ, ഒടുവിൽ ഓരോ സാഹചര്യവും
നമ്മളെ നമ്മളായി തിരിച്ചറിയാൻ പഠിപ്പിക്കും…
ഈ ലോകത്തിന്റെ
വലിയ തിരക്കുകൾക്കിടയിൽ
ആരുടെയും ശ്രദ്ധയിൽപ്പെടാതെ,
ആരുടെയും ജീവിതത്തിൽ
ഒരിക്കലും ഭാരമാകാതെ,
നിശ്ശബ്ദമായ ഒരു കാറ്റുപോലെ
കടന്നുപോകുന്ന ചില മനുഷ്യരുണ്ട് !
ആർക്കും
ഒരു ദ്രോഹവും ചെയ്യാതെ,
ആരെയും ഒന്നിനും ബുദ്ധിമുട്ടിക്കാതെ,
ആരോടും പരിഭവമോ
പരാതിയോ പറയാതെ
ജീവിക്കുന്നവർ..
അവരുടെ ജീവിതത്തിൽ
വലിയ ആഗ്രഹങ്ങളൊന്നും
ഉണ്ടായിരിക്കുകയുമില്ല !
മറ്റൊരാളുടെ സമ്പത്ത് കണ്ട്
അസൂയപ്പെടാത്തവരാണവർ…
മറ്റൊരാളുടെ ജീവിതത്തിലേക്ക്
ഒളിഞ്ഞുനോക്കി
സ്വന്തം ജീവിതത്തെ
അളക്കാത്തവരുമാകും !
ഒരു പക്ഷി അതിന്റെ
കൂടൊരുക്കുന്നപോലെയാവും
അവരുടെ ജീവിതവും !
ഒരു ചെറിയ മരക്കൊമ്പിൽ,
കാറ്റിനോട് പൊരുതി,
മഴയെ അതിജീവിച്ച്,
കിട്ടുന്ന ചെറിയ ചുള്ളിക്കമ്പുകളും
ഉണങ്ങിയ ഇലകളും
പെറുക്കിക്കൂട്ടി
പക്ഷി തന്റെ കൂടുണ്ടാക്കുന്നു.
അതിന് കൊട്ടാരമൊന്നും വേണ്ട.
ആകാശത്തോളം വലിയ
സ്വപ്നങ്ങളുമില്ല.
വൈകുന്നേരം തിരികെ വന്ന്
തലചായ്ക്കാൻ
ഒരു ചെറിയ ഇടം മാത്രം മതി…
അതുപോലെ തന്നെയാണ്
ആ മനുഷ്യരും !
അവരുടെ ചെറിയ കൂരയിൽ
അവർ സന്തോഷം കണ്ടെത്തും!
ഒരുനേരത്തെ
ആഹാരത്തിൽ പോലും അവർ
സമൃദ്ധി കണ്ടെത്തും !
അവരുടെയുള്ളിൽ
അസാധാരണമായൊരു സമാധാനം
ഒളിഞ്ഞിരിക്കുന്നുണ്ടാവും !
അവർക്കു മാത്രമറിയുന്ന
അവർ മാത്രം അനുഭവിക്കുന്ന
മനസ്സ് നിറഞ്ഞ സമാധാനം !
അവർക്ക് അവരുടേതായ
ഒരു ചെറിയ ലോകമേ കാണൂ
ആ ലോകത്തിൽ ഒരുപക്ഷേ
കുറച്ച് മനുഷ്യർ മാത്രം.
കുറച്ച് ഓർമ്മകൾ.
കുറച്ച് പുസ്തകങ്ങൾ.
ഒരു പഴയ കസേര.
ആ ചെറിയ വീട്,
അവിടെ മഴ നോക്കിനിൽക്കാൻ
ഒരു ചെറിയ ജനാല ..
രാത്രിയിൽ
നക്ഷത്രങ്ങളെ നോക്കി
നിശ്ശബ്ദമായി ഇരിക്കാനുള്ള
കുറച്ചേറെ സമയം !
അതുമതി അവർക്ക്.
സന്തോഷമെന്നത്
വലിയ വീടുകളുടെ
ചുമരുകൾക്കുള്ളിൽ
മാത്രം ജനിക്കുന്നതല്ലല്ലോ ..
മരങ്ങൾ പോലെയാണ്
ആ മനുഷ്യർ ..
ആരും ശ്രദ്ധിക്കാതെ വളരും.
ആർക്കും തണൽ നൽകും.
ആരും പറയാതെ പൂക്കും.
കല്ലെറിഞ്ഞാലും ഫലം നൽകും.
ഒടുവിൽ ഒരു ദിവസം
ആരുമറിയാതെ വീണുപോകും.
അങ്ങനെ ജീവിച്ചിട്ട്
എന്താണു കാര്യം ?
അവരെക്കൊണ്ട് സമൂഹത്തിന്
എന്തു ഗുണമാണുള്ളതെന്ന്
ആരെങ്കിലും ചോദിച്ചേക്കാം ..
അവർ ഒരിക്കൽപ്പോലും
ഒരാളുടെ കണ്ണീരിന്
കാരണമായിട്ടുണ്ടാവില്ല,
ഒരാളുടെ പോലും സമാധാനം
അവർ കാരണം
നഷ്ടപ്പെട്ടിട്ടുണ്ടാവില്ല
അതിലും വലുതായി
ഒരു മനുഷ്യൻ
എങ്ങനെ ജീവിക്കണം ?
ഒരുപക്ഷേ ഈ ലോകത്തിലെ
ഏറ്റവും സമ്പന്നമായ ഹൃദയങ്ങൾ അവരുടേതായിരിക്കാം…
കാരണം,
ഒന്നും സ്വന്തമാക്കാതെ തന്നെ
സമാധാനം സ്വന്തമാക്കിയവരാണ്
ആ മനുഷ്യർ !
ഒന്നു കണ്ണോടിച്ചാൽ
അങ്ങനെ ഒരാളെങ്കിലും
നമ്മുടെ ചുറ്റുവട്ടത്ത്
എവിടെയെങ്കിലും ഉണ്ടാവും !
❤️✍️
