രചന : ഓമന എൻ സി കാർത്തിക ✍
രേഖപ്പെടുത്തുക,
ഇതെൻ്റെ അസ്ഥികൾ കൊണ്ട് തീർത്ത ഭൂപടമാണ്.
കാലം കവർന്നെടുത്ത
എൻ്റെ വിലാസങ്ങളുടെ
പുസ്തകം.
എൻ്റെ കയ്യിലെ അടയാളങ്ങൾ
വെറുമൊരു രേഖയല്ല,
വർഷങ്ങളായ് ഏറ്റ വെയിലിൻ്റെയും,
മഴയുടെയും കവിതകൾ
കൊത്തിയ
ശിലാശാസനങ്ങളാണത്.
കടൽ കുടിച്ച് തീർത്ത
ദാഹമായിരുന്നില്ല എൻ്റേത്,
എൻ്റെ മണ്ണിലെ നീറ്റലായിരുന്നു .
ഒരിക്കലും
നിശ്ശബ്ദമാക്കാൻ കഴിയാത്ത
ഒരു പക്ഷിയുടെ
അവസാനത്തെ
ചിറകടിയാണ് ഞാൻ .
എൻ്റെ നെറ്റിയിലെ
ചുളിവുകളിൽ ചരിത്രം
അതിൻ്റെ വേരുകൾ പടർത്തുന്നു.
ഓരോ ഇലകളിലും
എൻ്റെ രക്തത്തിൻ്റെ
പച്ചപ്പാണ്.
നീ എറിഞ്ഞുടച്ച മൺപാത്രങ്ങളിൽ നിന്നും
ഇന്നൊരു പുതുവഴിയുടെ ഗന്ധം ഉയരുന്നു.
കുറിച്ച് വയ്ക്കുക,
ഞാൻ ആകാശത്തിനും
ഭൂമിക്കുമിടയിൽ പടരുന്ന
ഒരു വലിയ മൗനമാണ്,
സമയത്തിൻ്റെ
ചങ്ങല പൊട്ടിക്കുന്ന
ഒരു യുഗത്തിൻ്റെ ഗർജ്ജനം.
