രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ .✍
മഴവില്ലിൻ നിറങ്ങളാൽ
അകതാരം പൂത്തു നീ…
മറവിയില്ലാ നിമിഷങ്ങളാൽ
എൻ ജീവിതമാകിയ പെണ്ണിവൾ…
ചില്ലുപോൽ മൗന ദിനങ്ങളിൽ
ചിരിയോടെ കൈകോർത്തവൾ…
ചിറകറ്റ സ്വപ്നങ്ങൾക്കുള്ളിൽ
ചിറകായി മാറിയ പെണ്ണിവൾ…
പാതിവഴി മങ്ങിയ രാവുകളിൽ
പാതയായ് തെളിഞ്ഞു നിന്നു നീ…
പാരിജാത സുഗന്ധമെന്നോണം
പ്രാണനിൽ നിറഞ്ഞ സഖിയേ…
കാറ്റിൻ താളമുണർത്തി നീ
കാവ്യമായി ഒഴുകിയില്ലയോ…
കാലമെന്ന നദിയൊഴുക്കിലും
കൈവിടാതെ നിന്നവളല്ലോ…
മൗനത്തിൻ ഇടവേളകളിൽ
മഴയായി പെയ്തിറങ്ങിയവൾ…
മുറിവേറ്റ ഹൃദയത്തിനുള്ളിൽ
മൃദുസ്പർശം തീർത്തവളേ…
നിഴലായ് പിന്തുടർന്നെന്നും
നിലാവായി ചേർന്നവളേ…
നിശിയുടെ ഏകാന്തതയിൽ
നിറവായി മാറിയ സഖിയേ…
ഇന്നീ ജീവിത വീണയിൽ
ഇണചേർന്നൊരു ഗാനമല്ലേ നീ…
എൻ ഉള്ളം ചേർത്ത് വച്ചൊരു
എക്കാലത്തെയും സ്നേഹദീപമല്ലേ…

