എരിഞ്ഞു തീരും
മുമ്പ് നീയൊരു
കാറ്റാകണം പെണ്ണേ
കാവു തീണ്ടി
കനല് തീണ്ടി
പുഴയാകണം പെണ്ണേ
കാൽച്ചിലമ്പഴിച്ചി-
രുളിലേക്കെറി-
ഞ്ഞലറണം പെണ്ണേ
കാട്ടുനീതിക്കെതിരെ
നീ പൊരുതണം പെണ്ണേ….
കരഞ്ഞു തീരും മുമ്പ്
നീയൊരു
തീയാവണം പെണ്ണേ
അലറിവീഴാതലയടിച്ചു നീ
ഉണരണം പെണ്ണേ……
നിന്റെ സ്വപ്നം കൊണ്ടു
നീ നിൻ ചിറകു തുന്നേണം
നിന്റെ ശബ്ദം കൊണ്ടു നീ
നിൻ കോട്ട പണിയേണം
നിന്റെ നോവ് കൊണ്ട് നീ നിൻ
പാത പണിയേണം
നിന്റെ ഓർമ്മപ്പുഴയിൽ
മുങ്ങി പുനർജ്ജനിക്കേണം…..
ഉരുകി വീഴും മുമ്പ്
നീയൊരു നേരാവണം പെണ്ണേ
നെറികേടിൻ നെഞ്ചു കീറി
തുണയാകണം പെണ്ണേ…..
എരിഞ്ഞു തീരും മുമ്പ്
നീയൊരു കാട്ടുതീയായ്
പടരണം
നാവറുത്തിലക്കീറിൽ
വെച്ചുനീ കുരുതിയാട്ടം
തുടരണം
നിന്റെ മണ്ണിൽ
കാലുകുത്തി നീ
നാവോറു പാടണം
നിന്റെ ചോരചുവപ്പിൽ നീ
നിന്റെ പേര് കുറിക്കണം…..
അലിഞ്ഞു തീരും മുമ്പ്
നീയൊരു
മഴയാവണം പെണ്ണേ
ഉരുകി ഉരുകി
തീരുവോർക്കു നീ
കുളിരാകണം പെണ്ണേ
കാടടച്ചു, കടലടച്ചു നീ
പെയ്യണം പെണ്ണേ
വറുതിയറ്റു വരണ്ട
ഭൂമിക്ക് നനവേകണം പെണ്ണേ
പുതിയ നാമ്പു
തളിർക്കുവാൻ നീ
കനിവേകണം പെണ്ണേ…..

By ivayana

Leave a Reply

Your email address will not be published. Required fields are marked *