ആശുപത്രിക്കിടക്കയിൽ
വേദനയിൽ ഞരങ്ങി മൂളുമ്പോൾ
കോളയിൽ കലർത്തിയ റം തൊണ്ടയിലിറ്റിച്ചു
ഉറക്കഗുളികകൾക്ക് ഉറക്കാനാവാത്തയെന്റെ മനസ്സിന്
ആലസ്യത്തിന്റെ നിദ്രായാമങ്ങൾ സമ്മാനിച്ചവൻ…
അച്ഛന്റെ ശകാരമുനകളാൽ
ഹൃദയം മുറിയവേ,
വിരലുകൾക്കുള്ളിൽ
പാതിവലിച്ച സിഗരറ്റ് തിരുകി വെച്ചു
പുകയുടെ ഊഷ്മള ഗതിവിഗതികളാൽ
ചങ്കിലെ വിഷമങ്ങളെരിയിച്ചവൻ…
കരണത്തു പതിച്ച ഏതോ അടിയിൽ നീറിപ്പുകയവേ
എന്റെ നേരെ ഓങ്ങിയ കരങ്ങൾക്ക്
ഓർത്തോവാർഡിന്റെ വാതിലുകൾ തുറന്നു കൊടുത്തവൻ…
പ്രണയിനിയോട് ആദ്യാനുരാഗം പറയാനാവാതെയുഴലവേ
അവളുടെ ജാലകച്ചാരെ
ധൈര്യവും കൂട്ടുമായ്
പിന്നെയവളുടെ ചേട്ടന്റെ മസിലുകൾ
ദേഹത്തു നീരായ് മുഴച്ചപ്പോൾ
ആവിയുഴിഞ്ഞു തന്നവൻ…
ദാരിദ്ര്യം കയറിലൊടുങ്ങാൻ ക്ഷണിക്കവേ
പണത്തിനായിരം വഴി ചൊല്ലി,
ഒടുവിൽ
മാതൃകാസ്റ്റേഷന്റെ ജയിലറക്കുള്ളിൽ
അർദ്ധനഗ്‌നനായൊപ്പം നിന്നവൻ…
എന്റെ മരണക്കിടക്കയിൽ
സഹതപിച്ച മാന്യരെ
വാരി പുറത്തേക്കെറിഞ്ഞു
വാതിൽ പൂട്ടി
ഡി റ്റി എസ് ന്റെ ശബ്ദഘോഷങ്ങളാൽ
എനിക്ക് സുഖമരണമാശംസിച്ചവൻ…
മരിച്ചു ഞാൻ കിടന്നപ്പോൾ
കരയുന്ന ഫ്രണ്ട്സിനായി
ആ ഒന്നാം തീയതിതൻ നിർജ്ജലാവസ്ഥയിൽ
മിലിറ്ററി ഫുള്ളിന്റെ
ഒടുക്കത്തെ പെരുപ്പിനാൽ
അവരുടെ ഉള്ളം തണുപ്പിച്ചുറക്കിയവൻ…
ഒടുവിലെനിക്കൊപ്പമെത്തണമെന്ന ആശ പോൽ
നഗരവീഥിയുടെ തിരക്കിന്റെ മടിയിൽ
വേഗ വിസ്മയ കാഴ്ചകളുമേറി
പൾസറിൽ കുതിച്ചു പായുന്നവൻ…

By ivayana

Leave a Reply

Your email address will not be published. Required fields are marked *