ഐ വായനയുടെ എല്ലാ നല്ലവരായ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ ഓണാശംസകൾ !

എന്നെ പ്രണയിക്കുകയെന്നാൽ,
പൂക്കൾ നിറഞ്ഞ മഞ്ഞമന്ദാരം കാറ്റിലാടിയുലന്നപോലെയാണ്.
ആത്മാവിനെ തൊട്ടുണർത്തുന്ന
ആനന്ദനിർവൃതിയിൽ ലയിച്ചുചേരുന്ന അനുഭൂതിയാവുകയെന്നാണ്.
എന്നെ ഞാനറിയുമ്പോൾ ,
പ്രപഞ്ചത്തിലൂടെയൂളിയിട്ട്
അനന്തവിഹായസ്സിലേക്ക്
പാറിപ്പറക്കുന്ന
പക്ഷിയാവുകയാണെന്നാണ്.
നക്ഷത്രക്കൂടാരത്തിലേക്ക്
ഒളിഞ്ഞുനോക്കി,
അകത്തു കടക്കാൻ വെമ്പുന്ന
വെള്ളിമേഘമാണ്
ഞാനെന്നാണ്.
എനിക്കു ഞാൻ,
ഞാൻമാത്രമാകുമ്പോൾ
എല്ലാം സഹിക്കുന്ന ഭൂമിയെപ്പോലെയും.
എന്നെ ഇഷ്ടപ്പെടുകയെന്നാൽ
മഞ്ഞു വീണ താഴ്‌വരയിൽ
പൊങ്ങിയും താണും നിറഞ്ഞു നിൽക്കുന്ന മൊട്ടക്കുന്നുകളെയും
അംബരചുംബിയായ മലനിരകളെയും താലോലോക്കുകയെന്നാണ്.
അവയ്ക്കിടയിൽ ഒളിച്ചിരിക്കുന്ന
നിഗൂഢതകളെ
മറന്നേക്കുകയെന്നുമാണ്.
എനിക്കേറ്റവും പ്രിയപ്പെട്ട
എന്റെ ഞാനേ,
ഞാനറിയുന്ന നിന്നെയറിയുന്നവർ
ആകുലതയും വിവരക്കേടുമായി
ആവലാതി പറഞ്ഞ്
വിറളിപിടിക്കുന്ന ഒരു ഭ്രാന്തിയായാണ്.
പ്രിയപ്പെട്ട ഞാനേ,
നിന്നെയറിയുകയെന്നാൽ
പ്രാർത്ഥനയുടെ ശീലുകൾനിറയുന്ന
മനസ്സുമായി
ധ്യാനത്തിലെന്നോണമിരിക്കുന്ന
നിന്നിലൂടെയൊരു
യാത്രപോവുകയെന്നാണ്.
ആഴക്കടലിലെ മുത്തും പവിഴവും
തേടി മുങ്ങാംകുഴിയിടുന്ന
മുങ്ങൽവിദഗ്ദ്ധരെപ്പോലെ,
ആകാശരഹസ്യങ്ങൾത്തേടുന്ന
ബഹിരാകാശസഞ്ചാരിയെപ്പോലെ,
ദുർഘടം പിടിച്ച പാതകൾ
താണ്ടിയാലേ
നിന്നിലേക്കെത്താനാവൂയെന്നാണ്.
എന്റെ ഞാനേ…
നീയെപ്പോഴുമാർക്കും
ഇറങ്ങിവരാനാവാത്ത
രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന
നിലവറയല്ലേ!

അൻസൽന ഐഷ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *