രചന : സജീവ് ഓയൂർ ✍
പുലരിതൻ വെട്ടവും കണ്ണുതുറക്കും മുൻപേ
അടുക്കളപ്പുകയൂതിയുണർത്തുമീ ജന്മം.
തുരുമ്പിച്ച പാത്രത്തിൽ തിളയ്ക്കുന്ന കഞ്ഞിയിൽ
മക്കളുടെ നാളത്തെ സ്വപ്നം തിരയുന്നു.
തുണയാവാൻ നിഴലില്ലാ പാതകളിൽ അവൾ
ഒരു തരി തണൽ പോലും കൊതിക്കാതെ നീങ്ങുന്നു.
പകലന്തിയാവോളം വിയർപ്പൊഴുക്കീടുന്നു,
വിശപ്പിന്റെ വിളികൾക്ക് അറുതിവരുത്തുവാൻ.
മക്കളുടെ പുസ്തകത്താളുകൾ വാങ്ങാൻ
വിശ്രമമില്ലാതെ വീണ്ടും തുടരുന്നു ഓട്ടം.
ഉത്തരവാദിത്തമാം കനലുകൾ ഉള്ളം കൈയി-
ലേന്തി നടക്കുവാൻ വിധിക്കപ്പെട്ടോരമ്മ
നെറ്റിയിലെ ചോരപ്പൊട്ടും മായ്ച്ചുകളഞ്ഞവൾ
കൈവളച്ചിരികളും എങ്ങോ കളഞ്ഞുപോയ്.
അമ്മയെന്നൊരൊറ്റ പേരിൽ ചുരുങ്ങിപ്പോയ്,
പണ്ടെങ്ങോ കണ്ടൊരാ കൊച്ചു സ്വപ്നങ്ങളൊക്കെയും..
മറ്റുള്ളവർക്കായി ജീവൻ പകുക്കുമ്പോൾ
സ്വന്തം ജീവിതം പോലും ഓർക്കാൻ മറന്നുപോയ്.
നിഴലുപോലും വിശ്രമിക്കുന്നോരീ സന്ധ്യയിൽ
ഒരു അഞ്ചുമിനിട്ടൊന്നു മാറിയിരുന്നവൾ,
തഴമ്പുകൾ വീണതാം കൈവെള്ള നോക്കവെ
ഉള്ളിലൊരു ചോദ്യം പതുക്കെ വിതുമ്പുന്നു:
“തളരുന്നുവോ നീ? ഒന്നുറങ്ങാൻ കൊതിപ്പുവോ?
ഇതുവരെയാരും ചോദിക്കാത്തൊരു ചോദ്യം!”
മക്കൾതൻ നാളെയെക്കുറിച്ചോർത്തു മാറുമ്പോൾ,
തന്റെയാ തളർച്ചയെ മൂടിവെക്കാൻ നോക്കി.
എവിടെയോ വായിച്ചൊരാ വരികൾ തൻ ഓർമ്മയാൽ,
ഉള്ളിൽ നിന്നൊരു മൊഴി പുറത്തേക്ക് വരുന്നു:
“നീ വീണുപോയാൽ തകരുന്നൊരു ലോകം
നിന്റെയീ മക്കൾ തൻ കുഞ്ഞു പ്രപഞ്ചത്തിൽ.”
ഇനിയുള്ള നാളുകളിൽ മാറി നടക്കണം,
ഓട്ടത്തിനിടയിലും ശ്വാസമെടുക്കണം.
അമ്മയായ്, കാവലായ് കൂടെയെന്നും നിൽക്കുവാൻ,
ഞാൻ എന്നെത്തന്നെ സ്നേഹിച്ചു തുടങ്ങണം.
തളരാത്ത മനസ്സോടെ, പുഞ്ചിരിയോടെയീ
പുതിയൊരു പുലരിയെ നോക്കി നടക്കണം.
