രചന : അൻവർ ഷാ ഉമയനല്ലൂർ.✍
ശാലീന പുലരികളുണരുന്ന സ്മരണയിൽ
തുള്ളിത്തുളുമ്പിനിൽക്കുന്ന പൊന്നോണമേ,
ലാവണ്യഗ്രാമീണ ഹൃദയങ്ങളിൽ സദാ,
മിന്നിനിൽക്കുന്നൂർജ്ജ വർണ്ണമായ് നിൻ സ്മിതം.
പിഞ്ചിളം മോഹങ്ങൾ തരളിതമാക്കുവാൻ
തെളിമയോടുയരുന്ന ഗ്രാമ്യനന്മാർദ്രതേ,
ഓരോ വസന്തമായ്പ്പാടുന്നു കുയിലുകൾ
കമനീയ വർണ്ണത്തിലെഴുതുന്ന കവിതകൾ.
സൗമ്യസൗന്ദര്യമായണയുന്ന മുകിലുകൾ
സൈകതാനന്ദമായ്ത്തെളിയുന്ന താരകൾ
കാലമേ,യോർമ്മകൾ മേയുന്ന വയലുകൾ
നൈർമ്മല്യ കിരണമായുണരുന്ന നന്മകൾ.
പൊന്നോണ നാളിലെന്നുള്ളിൽത്തിളങ്ങുന്ന
സുമരമ്യ കാലമേ, ഗ്രാമ്യവിചാരമേ,
താഴത്തുവീഴാതെ നുകരുന്ന തേൻകണം-
പോലെയാണുള്ളിൽത്തുളുമ്പുന്ന നിൻപ്രിയം.
പൂവാടികൾപ്പോലഴകാർന്നു നിർണ്ണയം
മാടിവിളിക്കുന്നുണർവ്വാർന്ന ഗ്രാമ്യകം
ശ്രാവണോത്സാഹ വസന്തമേ,യുള്ളിലായ്
തുള്ളിക്കളിക്കയാണിന്നെന്റെ ബാല്യകം.
ഓരോ നിലാവുമിന്നെഴുതുന്നു നിൻ മനം
ഓമൽപ്രഭാതമുണർത്തുന്നു നിൻ ഹിതം
ചേതോഹരം ഗ്രാമ്യമാം വർണ്ണ വിസ്മയം
ചാലിച്ചെഴുതുന്നുഷസ്സിൻ പ്രിയസ്മിതം.
നിന്നിലലിഞ്ഞുചേർന്നൊഴുകുമാ, സൗഭഗം
മന്നിലിന്നേകുന്നുണർവ്വിൻ പ്രസന്നകം
കർണ്ണികാരംപോലുണരുന്നു മാനസം
ഏഴുവർണ്ണങ്ങളായെഴുതുന്നു നിൻ വരം.
പൊന്നോണ പുണ്യമേ,യാരമ്യ ഗ്രാമ്യതേ,
സ്നേഹോദയങ്ങളായുണരുന്ന കാലമേ,
മൺചെരാതായിത്തിളങ്ങുമിക്കാവ്യകം
തിരുമുമ്പിലിന്നും തെളിക്കുന്നു സാദരം..

