ഐ വായനയുടെ എല്ലാ നല്ലവരായ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ ഓണാശംസകൾ !

പനച്ചിക്കാട്ടമരും പരമേശ്വരീ,
പദ്മാസനേ, വാണീ, വാഗീശ്വരീ;
പ്രണവസ്വരൂപിണീ, ജ്ഞാനാംബികേ,
പ്രസീദ പ്രസീദ ശാരദാംബികേ…
വീണാതന്ത്രികളിൽ വേദം വിരിയുമ്പോൾ
വേദാന്തസാരമേ, നീയല്ലയോ;
മൗനാർച്ചനകളിൽ മന്ത്രം തെളിയുമ്പോൾ
മാതംഗകന്യേ, നീയല്ലയോ…
വല്ലരിനികുഞ്ജത്തിൻ ഗൂഢാന്തരാളത്തിൽ
വാഗമൃതധാരയായ് വാഴുന്നവളേ,
വിദ്യാങ്കുരങ്ങളിൽ ചൈതന്യമേകുന്ന
വിശ്വപ്രകാശിനീ, ശ്വേതാംബരേ;
ഹംസഗമനേ, ഹേമാഭരണേ,
ഹൃദയസരോവര ഹംസികേ നീ,
അക്ഷരദീപങ്ങൾ ആയിരം തെളിയുന്ന
ആനന്ദസന്നിധി നീയമ്മേ…
ശ്രുതിയുടെ ശ്രീകോവിൽ തുറക്കുന്ന വേളയിൽ
സ്വരസപ്തകങ്ങൾ നമിക്കുന്നവളേ,
ലയത്തിന്റെ നാഭിയിൽ കാലം മറന്നൊരു
നാദബ്രഹ്മമായി നിറയുന്നവളേ;
കാവ്യരസാമൃത കല്ലോലമാലയിൽ
കാളിദാസന്റെ കനവായവളേ,
വ്യാസന്റെ തൂലികത്തുമ്പിൽ തെളിഞ്ഞൊരു
വിശ്വമഹാകഥയായവളേ…
കുഞ്ഞിളം നാവിലെ ആദ്യാക്ഷരത്തിനും
കുങ്കുമശോഭ പകരുന്നവളേ,
അരിമണിമുറ്റത്തു വിരലൊന്നു നീങ്ങുമ്പോൾ
അറിവിന്റെ ആകാശം തുറക്കുന്നവളേ;
ഗുരുമുഖമൊഴിയുന്ന അക്ഷരമാലയിൽ
ഗുഹ്യമായ് വാഴുന്ന ചിദ്രൂപിണീ,
ജന്മാന്തരങ്ങളിലെ തമസ്സകറ്റുന്ന
ജ്ഞാനപ്രദായിനീ, പാഹിമാം…
നവരാത്രിദീപങ്ങൾ നൃത്തം ചവിട്ടുമ്പോൾ
നാദസ്വരാർച്ചന ഏറ്റവളേ,
പുസ്തകപാണിയായ്, വീണാവിലാസിയായ്,
പൂർണേന്ദുബിംബമുഖീ, പാവനീ;
സംഗീതസാഹിത്യ ശാസ്ത്രകലകളുടെ
സൗഭാഗ്യലക്ഷ്മിയായ് ശോഭിക്കുന്നവളേ,
പനച്ചിക്കാടിന്റെ പുണ്യഹൃദയത്തിൽ
പരബ്രഹ്മജ്യോതിയായ് വാഴുന്നവളേ…
ഐംകാരരൂപിണീ — അംബികേ!
ആനന്ദദായിനീ — ശാരദേ!
വാഗർത്ഥരൂപിണീ — ഭാരതീ!
വരദേ, വരദേ — സരസ്വതീ!
വീണാവിനോദിനീ — പാഹിമാം,
വിദ്യാപ്രദായിനീ — രക്ഷമാം,
പനച്ചിക്കാട്ടമരും ദേവതേ,
പാദാരവിന്ദേ ശരണം… ശരണം…
ഒരു സ്വരമെങ്കിലും എന്നിൽ ശേഷിച്ചാൽ
അതിന്റെ ശ്രുതിയാകണമേ അമ്മേ;
ഒരു വരിയെങ്കിലും എന്നിൽ പിറന്നാൽ
അതിന്റെ പൊരുളാകണമേ അമ്മേ;
ഒരു ജന്മമെങ്കിലും ഇനിയും ലഭിച്ചാൽ
നിൻ തിരുമുറ്റത്തെ ധൂളിയാകട്ടെ—
പനച്ചിക്കാട്ടമരും സരസ്വതീ…
പരമപാവനീ…
ശാരദേ… ശാരദേ…
അമ്മേ… ശരണം…

By ivayana

Leave a Reply

Your email address will not be published. Required fields are marked *