രചന : മൗസമി കല്ലറക്കൽ ✍️
വാർത്തകളിൽ കേൾക്കുന്ന ചില കാര്യങ്ങൾ കാണുമ്പോൾ എന്തുപറയണം എന്നറിയാത്ത ഒരു തരം വിങ്ങലാണ് മനസ്സിൽ. 13 വയസ്സുള്ള ഒരു പെൺകുട്ടിയും കൂട്ടുകാരും ചേർന്ന് സ്വന്തം മുത്തശ്ശനെ കൊലപ്പെടുത്തി എന്ന വാർത്ത വായിച്ചപ്പോൾ ആരും ഒന്ന് ഞെട്ടിപ്പോകും. പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള കുട്ടികൾ വീട്ടിൽ നിന്ന് ഒളിച്ചോടുന്നു, അക്രമത്തിലേക്ക് തിരിയുന്നു, extreme steps എടുക്കുന്നു. കുട്ടികൾക്ക് ഇതെന്തു പറ്റി എന്ന് കേവലം അമർഷത്തോടെ ചോദിച്ച് നമുക്ക് ഇതിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ല. എന്തുകൊണ്ടാണ് ഈ പ്രായത്തിലുള്ള കുട്ടികൾ ഇത്രത്തോളം അഗ്രസീവ് ആകുന്നത്?
പഴയ തലമുറയുടെ കാഴ്ചപ്പാടുകളും നിയന്ത്രണങ്ങളും ഇന്നത്തെ ജെൻ സി, ജെൻ ആൽഫ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുമ്പോൾ ഉണ്ടാകുന്ന കടുത്ത ഫ്രസ്ട്രേഷനാണ് ഇതിന്റെ പ്രധാന കാരണം. മാധ്യമങ്ങളുടെ സ്വാധീനവും, ഡിജിറ്റൽ ലോകത്തെ അക്രമ കാഴ്ചകളും, വികാരങ്ങളെ നിയന്ത്രിക്കാനുള്ള വൈകാരിക പക്വതയില്ലായ്മയും അവരെ കൂടുതൽ അപകടകരമായ വഴികളിലേക്ക് തള്ളിവിടുന്നു.
ഒരു കുട്ടിയുടെ ചെറുപ്പം മുതലേ അവരുടെ കൊച്ചുകൊച്ചു സംശയങ്ങളിലും സന്തോഷങ്ങളിലും സജീവമായി പങ്കാളികളാകുകയാണ് ഏറ്റവും നല്ല parenting രീതി. അവരുടെ ചോദ്യങ്ങൾക്ക് വ്യക്തവും മാന്യവുമായ മറുപടികൾ നൽകി വളർത്തിയാൽ മാത്രമേ മാതാപിതാക്കളുമായി ശക്തമായ ഒരു വൈകാരിക ബന്ധം അവർക്കുണ്ടാകൂ. അങ്ങനെ ചെറുപ്പം മുതലേ ചോദ്യങ്ങൾ ചോദിച്ച് സ്വയം ചിന്തിക്കാനുള്ള അന്തരീക്ഷം വീടുകളിൽ കൊടുത്താൽ മാത്രമേ, ഒരു എക്സ്ട്രീം ഘട്ടത്തിൽ നമ്മൾ അവരുടെ തെറ്റായ തീരുമാനങ്ങളെ ചോദ്യം ചെയ്യുമ്പോൾ അതിനൊരു ചർച്ചയ്ക്കെങ്കിലും അവർ തയ്യാറാവുകയുള്ളൂ.
എന്നാൽ, ഇതുവരെ അതിന് സാധിച്ചില്ല, കുട്ടിക്ക് ഇപ്പോൾ 10-13 വയസ്സായി എങ്കിലും ഓർത്ത് വിഷമിക്കേണ്ടതില്ല. “ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല” എന്ന് കരുതി മാറിനിൽക്കാതെ ഇന്ന് മുതൽ തന്നെ നമ്മൾക്കിത് തുടങ്ങാം.
പക്ഷേ ഒരു കാര്യമുണ്ട്; പെട്ടെന്നൊരു ദിവസം പോയി അവരെ ചോദ്യം ചെയ്യാനോ, അവരുടെ കാര്യങ്ങൾ ഇൻവെസ്റ്റിഗേഷൻ നടത്താനോ നിന്നാൽ കുട്ടികൾ കൂടുതൽ അകലുകയേയുള്ളൂ. അതി പകരം, മാതാപിതാക്കൾ ആദ്യം സ്വന്തം കാര്യങ്ങളും അനുഭവങ്ങളും കുട്ടികളോട് സ്വാഭാവികമായി സംസാരിച്ചു തുടങ്ങുക. നമ്മൾ നമ്മളെ തുറന്നുകാട്ടുമ്പോൾ (vulnerable ആകുമ്പോൾ) കുട്ടികൾക്കും നമ്മളോട് കാര്യങ്ങൾ പറയാൻ ധൈര്യം വരും.
അങ്ങനെയൊരു സൗഹൃദാന്തരീക്ഷം പതുക്കെ കെട്ടിപ്പടുത്ത ശേഷം വേണം “നീ ചെയ്യുന്നത് ശരിയാണോ, ഇതിന്റെ ഭവിഷ്യത്ത് എന്തായിരിക്കും?” എന്ന് ചോദിച്ച്, സ്വന്തം തീരുമാനങ്ങളെക്കുറിച്ച് അവരെക്കൊണ്ട് തന്നെ ചിന്തിപ്പിക്കാൻ.
പേടിപ്പിച്ചോ അടിച്ചോ അനാവശ്യ വിലക്കുകൾ ഏർപ്പെടുത്തിയോ ഇനി കുട്ടികളെ നയിക്കാൻ കഴിയില്ല. അതിരുകൾ കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ, സ്നേഹത്തിലൂടെയും ഇത്തരം സ്വാഭാവികമായ ഓപ്പൺ ഡയലോഗിലൂടെയും വളർത്തിയെടുത്താൽ മാത്രമേ ഇന്നത്തെ തലമുറയെ ഇത്തരത്തിലുള്ള അപകടകരമായ എക്സ്ട്രീം തീരുമാനങ്ങളിൽ നിന്ന് നമുക്ക് കാത്തുസൂക്ഷിക്കാൻ കഴിയൂ.
