രചന : നൗഷാദ് അറക്കൽ ✍️
ഇന്നലെ രാത്രി വൈദ്യുതിയില്ലാത്ത ആ കൊടുംചൂടിൽ നൗഫു കിടന്നുറങ്ങാൻ പാടുപെടുകയായിരുന്നു
ഉറക്കം നഷ്ടപ്പെട്ടപ്പോൾ നൗഫുവിന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു
പുലർച്ചെ ഡ്യൂട്ടിക്ക് പോകേണ്ട സമയം ആയപ്പോൾ അലാറം മുഴങ്ങി തിരക്കിട്ട് റൂമിൽ നിന്നും ഇറങ്ങി നൗഫു ബസ്സിൽ കയറി
ബസ്സിൽ വലിയ തിരക്കായിരുന്നു സ്ത്രീകളുടെ സീറ്റിൽ ആരും ഇരിക്കാൻ തയ്യാറായിരുന്നില്ല
ആ തിരക്കിടയിൽ നൗഫുവിനെ കണ്ടതും ആ പെൺസുഹൃത്ത് ദൂരെ നിന്ന് തന്നെ തിരിച്ചറിഞ്ഞു
പല സാഹിത്യ ഗ്രൂപ്പുകളിലും നൗഫു കഥകൾ വായിക്കുകയും കമന്റുകൾ പങ്കുവെക്കുകയും ചെയ്യുന്നവരാണ് നേരിൽ കണ്ടിട്ടില്ലെങ്കിലും ആ പരിചയം അവർക്കിടയിൽ ഉണ്ടായിരുന്നു
സീറ്റിൽ ഇരിക്കാൻ ഒരു ഇടം തന്നു ഇൻബോക്സിൽ മാത്രം പരിചയമായിരുന്ന അവരുടെ സൗഹൃദം ആ ബസ്സിലെ യാദൃശ്ചികമായ കണ്ടുമുട്ടലിലൂടെ നേരിൽ കാണാൻ ഇടയാക്കി
ആ സൗഹൃദത്തിന്റെ കരുതലിൽ നൗഫു ഇരുന്നു സാഹിത്യ വിശേഷങ്ങളും പ്രവാസത്തിന്റെ നോവുകളും ആ യാത്രയിൽ പങ്കുവെച്ചു
ഇടയ്ക്ക് വെച്ച് ഒരു സ്റ്റോപ്പിൽ അവൾ ഇറങ്ങേണ്ട സമയം ആയതുകൊണ്ട് പിന്നെ കാണാം എന്ന് പറഞ്ഞ് അവൾ യാത്ര പറഞ്ഞു ഇറങ്ങി പോയി
ബസ്സ് വലിയ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി കമ്പനിയിൽ എത്താൻ വൈകി
തൊഴിലിടത്തിലെ ഹാജർ മെഷീനരികിൽ എത്തുമ്പോൾ വല്ലാത്തൊരു ഉള്ളുപിടിത്തമായിരുന്നു എന്നാൽ ഭാഗ്യവശാൽ അന്നേരം സാങ്കേതിക തകരാറുമൂലം ആ യന്ത്രം മൗനം പാലിച്ചത് നൗഫുവിന് തുണയായി അതുകൊണ്ട് തന്നെ ശമ്പളത്തിൽ യാതൊരു കുറവും വരില്ലെന്ന് നൗഫുവിന് ഉറപ്പായി
കമ്പനിയിൽ എത്തിയപ്പോൾ ജോലിസ്ഥലത്തെ സമ്മർദ്ദങ്ങൾ നൗഫുവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു എങ്കിലും കുടുംബത്തിന്റെ കഷ്ടപ്പാട് ഓർത്ത് നൗഫു അതൊക്കെ സഹിച്ചു
ഇരുപത്തിയൊന്നാം വയസ്സിൽ വിവാഹം കഴിഞ്ഞ് ഇരുപത്തിനാലാം വയസ്സിൽ പ്രവാസത്തിന്റെ മണലാരണ്യത്തിലേക്ക് പറിച്ചു നടപ്പെടുകയായിരുന്നു നൗഫു
നാല്പത് വർഷത്തെ പ്രവാസജീവിതത്തിനിടയിൽ ഐശുമ്മയോടൊപ്പം നാട്ടിൽ ചിലവഴിക്കാൻ സാധിച്ചത് വെറും നാൽപ്പത് മാസം മാത്രം
ബാക്കി കാലമത്രയും പ്രവാസത്തിന്റെ തടവറയിൽ കഴിയുമ്പോൾ ഐശുമ്മ നാട്ടിൽ ഒറ്റയ്ക്കായിരുന്നു എങ്കിലും ആ സ്നേഹം എന്നും കരുതലായി കൂടെയുണ്ടായിരുന്നു
നൗഫു മക്കളെ പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു വിട്ടു എന്നാൽ നാട്ടിലെ ആർഭാട വിവാഹങ്ങൾ ഒരു ശാപമായി മാറുകയായിരുന്നു
മഞ്ഞ കല്യാണം മെഹന്ദി പാട്ടുത്സവങ്ങൾ നാല് ദിവസം നീളുന്ന വിരുന്നുകൾ സ്വർണ്ണക്കടകളെ പോലും നാണിപ്പിക്കുന്ന ആഭരണപ്രദർശനങ്ങൾ
കൂട്ടുകാരികളുടെ കല്യാണം കണ്ട് മക്കൾക്കും വേണം എന്ന് വാശി പിടിക്കുമ്പോൾ അവൾക്ക് അത് കിട്ടി നമുക്കും വേണം എന്ന പെൺമക്കളുടെ ആർഭാട ഭ്രമം നൗഫുവിന്റെ നട്ടെല്ലൊടിച്ചു
കടം വാങ്ങി കല്യാണം നടത്തി
ചേട്ടത്തിക്ക് കൊടുത്ത അത്രയും പവൻ സ്വർണ്ണം തങ്ങൾക്കും വേണമെന്ന് വാശി പിടിക്കുന്ന പെൺമക്കൾ തങ്ങളുടെ വാപ്പയുടെ ജീവിതത്തിലെ ഓരോ വിയർപ്പുതുള്ളിയുടെയും വില അറിഞ്ഞില്ല
ഇളയ മകൾ മുംതാസിന്റെ വീടുപണി പണം തികയാതെ പാതിവഴിയിൽ നിലച്ച ആ വീട് നൗഫുവിന്റെ മനസ്സിൽ ഒരു വലിയ ഭാരമായിരുന്നു
അതിനിടയിലാണ് മുംതാസിന്റെ ആ വലിയ മോഹം എന്റെ ഭർത്താവ് മുജീബും ഗൾഫുകാരൻ ആണെന്ന് നാട്ടിൽ പറയണം
വീടുപണിയുടെ ബാധ്യത പോലും തീർന്നിട്ടില്ലാത്ത നൗഫുവിന് ആ ആവശ്യം വജ്രായുധം പോലെയായിരുന്നു
പാവം നൗഫു വീണ്ടും കടം വാങ്ങി വിസ സംഘടിപ്പിച്ചു
മുജീബ് വരാറായപ്പോൾ നൗഫു സുഹൃത്തായ രവിയെ കാണാൻ ചെന്നു
നൗഫു രവിയോട് പറഞ്ഞു എന്റെ മരുമകൻ ഉടനെ ഇങ്ങോട്ട് വരുന്നുണ്ട് അവന് താമസിക്കാൻ ഒരു റൂം അത്യാവശ്യമാണ് ഞാൻ ഇവിടെ അനുഭവിക്കുന്ന പ്രയാസങ്ങളും കഷ്ടപ്പാടുകളും ഒന്നും മരുമകൻ അറിയരുത് അവൻ അത് അറിയുന്നത് എന്റെ കുടുംബത്തിന് തന്നെ വിഷമമുണ്ടാക്കും അതുകൊണ്ട് രവി എനിക്കുവേണ്ടി അവനൊരു റൂം ശരിയാക്കി തരണം
അപ്പോൾ രവി മറുപടി പറഞ്ഞു എന്റെ റൂമിൽ ഒരാൾ വെക്കേഷന് പോയിട്ടുണ്ട് അവിടെ ഒരു ബെഡ് സ്പേസ് ഒഴിവുണ്ട് നീ പേടിക്കണ്ട അവനെ അവിടെ ആക്കിക്കോളൂ
ആ സൗഹൃദത്തിന്റെ ബലത്തിൽ മുജീബിനെ അവിടെ ആക്കി പക്ഷേ അവിടെയുള്ള സൗകര്യം മുജീബിന് പിടിച്ചില്ല പിന്നീട് വേറെ റൂമിലേക്ക് മാറ്റി
അവിടെയും വിസിറ്റിംഗിന് വന്ന മുജീബ് വഴക്കുണ്ടാക്കി സഹികെട്ടപ്പോൾ കൂട്ടുകാർ തോമസ് ആന്റണി അഹമ്മദ് ഹംസ നൗഫുവിനോട് പറഞ്ഞു നൗഫൂ ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല പണത്തിന്റെ വിലയും കഷ്ടപ്പാടും ഇവൻ അറിയണം
അങ്ങനെ മുജീബ് നൗഫുവിന്റെ ക്യാമ്പിലെത്തി അവിടെ അവന്റെ കഷ്ടകാലം തുടങ്ങി പുലർച്ചെ നാലുമണിക്ക് പണിക്ക് പോകുന്നവരുടെ ബഹളത്തിനിടയിൽ ഉറങ്ങാൻ പറ്റാതെ അവൻ അസ്വസ്ഥനായി
കുളി റൂമിലെ നീണ്ട ക്യൂവും തണുപ്പില്ലാത്ത വെള്ളവും ബാത്റൂമിൽ ഇരുന്ന് പത്രം വായിക്കുന്ന ശീലം ഉണ്ടായിരുന്ന അവന് അതൊക്കെ വലിയൊരു പരീക്ഷണമായിരുന്നു
ആഴ്ചയിൽ ഒരു ദിവസം പന്ത്രണ്ട് പേർക്കുള്ള ഭക്ഷണം പാകം ചെയ്യുകയും പാത്രം കഴുകുകയും ചെയ്യേണ്ടി വന്നതും മുജീബിന് പ്രവാസത്തിന്റെ മറ്റൊരു മുഖം കാണിച്ചു കൊടുത്തു
ചുട്ടുപൊള്ളുന്ന വെയിലത്ത് അവനെ പണിക്ക് അയച്ചപ്പോൾ മുജീബ് തളർന്നു വീണു ആ അനുഭവങ്ങൾ അവന്റെ കണ്ണുതുറപ്പിച്ചു
പ്രവാസത്തിന്റെ തീച്ചൂളയിൽ വെന്തുരുകിയ മുജീബ് താൻ അച്ഛൻ നൗഫുവിനോട് ചെയ്തത് എത്ര വലിയ ക്രൂരതയാണെന്ന് തിരിച്ചറിഞ്ഞു
നാട്ടിലെത്തിയ മുജീബും മറ്റ് മരുമക്കളും എല്ലാവരും കൂടി ഒത്തൊരുമിച്ച് നൗഫുവിന്റെ കടബാധ്യതകൾ മുഴുവൻ തീർക്കുകയും ചെയ്തു
നൗഫു പിറന്നുവീണ ആ തറവാട്ടിൽ നിന്നും പലരും അവരവരുടെ വഴിയേ വേറിട്ട് പോയിട്ടുണ്ട്
എങ്കിലും സ്വന്തം അധ്വാനത്തിൽ വിശ്വസിക്കുന്നവരാണ് നൗഫുവും കുടുംബവും
കടം പൂർണ്ണമായും മോചിതനായ നൗഫു തന്റെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങിയെത്തി
അച്ഛന്റെ വിയർപ്പിന്റെ വില അറിഞ്ഞ് മക്കളും മരുമകനും ചേർന്ന് ആ അച്ഛനെ സന്തോഷത്തോടെ സ്വീകരിച്ച ആ നിമിഷം ആ വീട് സ്വർഗ്ഗമായി മാറി
കുടുംബത്തോടൊപ്പം നാട്ടിൽ സുഖമായി കഴിയുന്ന നൗഫുവിന്റെ ഈ ജീവിതാനുഭവം സമൂഹത്തിനുള്ള വലിയൊരു സന്ദേശമാണ്
പ്രവാസത്തിൽ ആയാലും നാട്ടിൽ ആയാലും വിയർപ്പൊഴുക്കി കുടുംബത്തെ പുലർത്തുന്ന ഓരോ അച്ഛനും ഈ കഥ ഒരു സമർപ്പണമാണ്
അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കുന്നവർ ജീവിതത്തിൽ ഒരിക്കലും തോൽക്കില്ല
സ്നേഹവും കരുതലും ഉള്ള കുടുംബം തന്നെയാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം.
