രചന : മനോജ് പട്ടേട്ട് ✍️
“ചക്കയും ബീഫും വേണോ അതോ കപ്പയും ബീഫും മതിയോ ?”
നല്ല പാതിയുടെ ചോദ്യം കേട്ടപ്പോൾ തന്നെ ചതി മനസ്സിലായി. കപ്പയും ബീഫും ഞാൻ രാവിലെ തന്നെ മേടിച്ചു കൊണ്ടു വന്നിട്ടുണ്ട്. മര്യാദയ്ക്കാണെങ്കിൽ അവൾക്ക് അത് തയ്യാറാക്കിയാൽ മതി.. എന്നാൽ എനിക്ക് ചക്ക ഏറെ ഇഷ്ടമാണ് എന്ന് അവൾക്കറിയാം. അതുകൊണ്ട് ചക്ക ഇടീക്കാനുള്ള തന്ത്രമാണ്. ആലോചിച്ചു തന്നെ മറുപടി പറയണം. അല്ലെങ്കിൽ ചക്കയിടാൻ മരത്തിൽ കേറേണ്ട അവസ്ഥ വരും
“കപ്പയും ബീഫും മതി.. ” ഞാൻ വളരെ ഉദാസീന ഭാവത്തിൽ പ്രതിവചിച്ചു. പക്ഷേ അവൾ വിടാൻ ഭാവമില്ലായിരുന്നു.
“ഇന്ന് ഞായറാഴ്ചയാണ്. ചക്കയിട്ടാൽ തയ്യാറാക്കാൻ സമയമുണ്ട്. അടുത്ത ഞായറാകുമ്പോഴേക്കും അതെല്ലാം നശിച്ചു പോകും… വാ … നമുക്ക് ചക്കയിടാം..” അവളുടെ കുത്തിക്കുത്തിയുള്ള വിളി എന്നെ കസേരയിൽ നിന്നും എഴുന്നേല്പിച്ചു. അപ്പോഴേക്കും അവൾ പരിവാരങ്ങളെയെല്ലാം സജ്ജമാക്കി. കൈയ്യിലൊരു പാത്രവുമായി സാഞ്ജുവിനെ കാന്താരി മുളക് പറിക്കാൻ മുന്നേ നടത്തി. അവൾക്കു കൂട്ടായി പ്ലൂട്ടോയേയും വിട്ടു.
അതിരിനടുത്തു നില്ക്കുന്ന വലിയൊരു പ്ലാവ് ചൂണ്ടി അവൾ പറഞ്ഞു.. “ദേ അതിലാണ് നല്ല ചക്ക.. നമുക്കത് പറിക്കാം… ” ഞാൻ പ്ലാവിനെ ഒന്നു നോക്കി. ഏഴെട്ടാളു പൊക്കമുള്ള വലിയൊരു ഗഡാഗഡിയൻ പ്ലാവ്..
ഞാൻ ചോദിച്ചു
“അതിലെങ്ങനെ കയറുമെഡീ…”
അവൾ കൈചൂണ്ടിക്കൊണ്ടു പറഞ്ഞു ആ കോണി ചാരി വെച്ചു കയറിയിട്ട് അവിടെ നിന്ന് തോട്ടി കൊണ്ട് പറിച്ചാൽ മതി..
ദുഷ്ട. എല്ലാം പ്ലാൻ ചെയ്തിരിക്കുന്നു.
രക്ഷപ്പെടാൻ എന്താണ് വഴിയെന്ന് നോക്കി. തൊട്ടടുത്തുള്ള താരതമ്യേന ചെറിയ ഒരു പ്ലാവിലും ചക്കയുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഇതിലായിരുന്നു യുദ്ധം. അതുകൊണ്ട് ഞാൻ പറഞ്ഞു
“ഇതീന്നല്ലേ നമ്മൾ കഴിഞ്ഞയാഴ്ച ചക്കയിട്ടത്.. അതു നന്നായി മൂത്തതായിരുന്നല്ലോ.. അതിന്റെ ജോഡിയാണ് ഇപ്പോഴുള്ളത്.. അതുകൊണ്ട് അതും നന്നായി മൂത്തു കാണും… ഇതു മതി ഇന്നത്തേക്ക്…”
“ഇതും അതും വേണം.. ഇന്ന് രണ്ടും ചക്കയും ഇട്ട് ഒരുക്കി വെയ്ക്കാം… ആവശ്യത്തിന് ഉപയോഗിച്ചാൽ മതി..” അവളുടെ മറുതാമൊഴി.. സോറി മറുമൊഴി
ഒരു പ്ലാവുകൊണ്ടു തീരുമായിരുന്ന പ്രശ്നം പരിഹരിക്കാൻ കണ്ടെത്തിയ വഴി കാരണം രണ്ടു പ്ലാവിലും കയറേണ്ടി വന്നു എന്നു പറഞ്ഞാൽ മതിയല്ലോ…
രാവിലെ കണി കണ്ടവന്റെ തന്തയ്ക്കു വിളിച്ചുകൊണ്ട് തോട്ടി കെട്ടിക്കൊണ്ടിരുന്ന അവളെ നോക്കി ഞാൻ അമറി… “ഒന്നു വേഗം കെട്ട്വോ ?”
“ഇത് പതുക്കെയേ കെട്ടാൻ പറ്റുള്ളു.. ദേഷ്യം പിടിച്ചിട്ടൊന്നും കാര്യമില്ല..” അവൾ എന്നെ തീരെ മൈന്റാക്കാതെ പറഞ്ഞു
ഞാൻ കോണിയെടുത്തു കൊണ്ട് പ്ലാവിൽ ചാരാനുള്ള പണിയിലേക്ക് തിരിഞ്ഞു. കോണി എടുത്തു കൊണ്ടു വന്നപ്പോഴേക്കും അവൾ തോട്ടി കെട്ടി കഴിഞ്ഞിരിക്കുന്നു.
“ഇത് താഴെ നിന്ന് പറിക്കാം എന്നു തോന്നുന്നു.”
തോട്ടി ചക്കയ്ക്ക് നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.
“ശരി നോക്കൂ…” ഞാൻ പ്രോത്സാഹിപ്പിച്ചു
അവൾ തോട്ടി കൃത്യമായി ചക്കഞെടുപ്പിൽ തന്നെ കൊളുത്തി വലിക്കാൻ തുടങ്ങി.
ഞാൻ സാഞ്ജുവിനേയും പ്ലൂട്ടോയേയും നോക്കി. രണ്ടിനേയും വിശ്വസിച്ചു കൂടാ. ഏതു സമയത്താണ് ഓടി വരുന്നത് എന്നറിയില്ലല്ലോ. കുറച്ചപ്പുറത്തായി ഒരു ചെറിയ ചെടിയിൽ നിന്നും സാഞ്ജു കാന്താരി പറിക്കുകയാണ്. അവളുടെ അടുത്തു തന്നെ പ്ലൂട്ടോയുമുണ്ട്. ആശ്വാസം
“ഞാൻ പ്ലുട്ടോയും മോളും എവിടെയുണ്ടെന്ന് നോക്കുവായിരുന്നു. അവനെങ്ങാനും അടിയിലു വന്നു നിന്നാൽ ചക്ക വീണു ചാവും” എന്ന് അവളോട് പറഞ്ഞതും പ്ലൂട്ടോ എന്റെ അടുത്തേക്ക് വന്നതും ചക്ക അറ്റു താഴെ വീണതും ഒരേ സമയത്തായിരുന്നു. “അയ്യോ” എന്ന് ഞാൻ പറഞ്ഞതും പ്ലൂട്ടോ കരഞ്ഞതും ഒന്നിച്ചായിരുന്നു. ചക്ക അവന്റെ ശരീരത്തിലാണ് വീണത് എന്നുറപ്പായി. എനിക്കൊരു പ്രശ്നമുണ്ട്. പെട്ടെന്ന് പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് പ്രതികരിക്കാൻ കഴിയില്ല. പണ്ട് സാഞ്ജു എന്റെ കൈയ്യിൽ നിന്നും വീണപ്പോൾ അവളെ അവിടെ വിട്ട് ഓടിപ്പോയിട്ടുണ്ട് ഞാൻ. അതുതന്നെയാണ് ഇവിടേയും സംഭവിച്ചത്. ഞാൻ പിന്നോട്ടു മാറി.
“നിങ്ങളുടെ ഒരു നാവ്” എന്നു പറഞ്ഞ് ഭാര്യ അവനേയും എടുത്ത് അടുക്കള ഭാഗത്തേയ്ക്ക് നടന്നു. ഒരല്പം കഴിഞ്ഞപ്പോൾ അവളെന്നെ വിളിച്ചു. എല്ലാം കഴിഞ്ഞു . ഇനി എന്തു ചെയ്യും എന്ന് ചിന്തിച്ച് ഞാൻ അങ്ങോട്ട് നടന്നു. ചെല്ലുമ്പോൾ അവൻ നിലത്തു കിടക്കുന്നുണ്ടായിരുന്നു. നോക്കുമ്പോൾ കുഴപ്പമൊന്നുമില്ല. അവൾ പറഞ്ഞു “ഒന്ന് എടുത്തു നോക്കിയേ എന്തെങ്കിലും പറ്റിയോന്ന്.. ” ഞാൻ പതിയെ എടുക്കാൻ ശ്രമിച്ചപ്പോൾ കുതറിക്കൊണ്ട് അവൻ എന്റെ കൈയ്യിൽ കടിച്ചു. പാവം ! പേടിയും വേദനയും കാരണം ആ കടി ഇത്തിരി കൂടിപ്പോയി. എന്റെ വലം കൈയ്യുടെ തള്ളവിരലിൽ അവന്റെ പല്ലുകൾ ശരിക്കും താഴ്ന്നു. ചോര ഒഴുകാൻ തുടങ്ങി.
പ്ലൂട്ടോ സ്വന്തമായി കൂട്ടിൽ കേറുന്ന പ്രശ്നമേയില്ലാത്തതാണ്. ആരെങ്കിലും പറഞ്ഞാലും ഒന്നു മുരണ്ടു പേടിപ്പിച്ചിട്ടു മാത്രമേ അവൻ കൂട്ടിൽ കയറുകയുള്ളു. എന്നാൽ ഇപ്പോൾ അവൻ താനെ പോയി കൂട്ടിൽ കയറി. അതു കണ്ടപ്പോഴേ കാര്യമായി എന്തോ പറ്റിയിട്ടുണ്ട് എന്ന് എനിക്കു തോന്നി
ഞാൻ മുറിപ്പാടു നോക്കി. നല്ല മുറിവാണ്. ചോര നില്ക്കുന്നില്ല. സോപ്പ് ഉപയോഗിച്ച് നന്നായി കഴുകി. പ്ലൂട്ടോയ്ക്ക് വാക്സിൻ എല്ലാം എടുത്തതാണ്. അതുകൊണ്ടു തന്നെ പേടിക്കാനൊന്നുമില്ല. ഐഡിആർവി വേണ്ട. പക്ഷേ ഭാര്യയ്ക്ക് ഒരേ നിർബന്ധം ആരോടെങ്കിലും ഒന്നു ചോദിച്ചു നോക്കു എന്നായി അവൾ. ആരോട് ചോദിച്ചാലും എടുക്കാനേ പറയൂ. ഇതൊരു ധൈര്യമാണ്. എടുക്കേണ്ട കാര്യമില്ല എന്നായി ഞാൻ. എന്നാലും ഒന്നു വിളിച്ചു നോക്കൂ എന്ന നിർബന്ധത്തിന് വഴങ്ങി പ്ലൂട്ടോയ്ക്ക് വാക്സിനെടുത്ത ഡോക്ടറെ തന്നെ ആദ്യം വിളിച്ചു. കാര്യം പറഞ്ഞപ്പോൾ ഉടൻ വാക്സിനെടുക്കണം എന്ന നിർദ്ദേശം വന്നു. അതുകേട്ടപ്പോൾ പിന്നെ അവളും വിട്ടില്ല. കുത്തിവെച്ചേ മതിയാകൂ എന്ന വാശിയായി
എന്നാൽ ശരി ഞാനാ ചക്ക എടുത്തോണ്ടു വരാം എന്നു പറഞ്ഞ് അവിടേയ്ക്ക് നടന്നപ്പോഴേക്കും ഭാര്യ അതു തടഞ്ഞു. ഞാനെടുത്തോളാം നിങ്ങൾ പോയി ഡ്രസ് മാറ് എന്നു പറഞ്ഞു അവൾ ചക്കയെടുക്കാൻ പോയി. അവൾ ചക്കയെടുക്കുന്നത് ഞാൻ നോക്കി. നല്ല ഭാരമുണ്ട്. പാവം വിഷമിക്കുന്നുണ്ട്.
“ഡി ശ്രദ്ധിക്കണേ… വഴുക്കും ” എന്നു പറഞ്ഞു കഴിഞ്ഞില്ല അതിനു മുന്നേ അവൾ കാലു തെന്നി താഴെ വീണു. എന്തോ ഭാഗ്യം കൊണ്ട് ചക്ക തലയ്ക്കു വീണില്ല.. ഓടിച്ചെന്ന് കൈ പിടിച്ച് എഴുന്നേല്പിക്കുമ്പോൾ അവൾ പറഞ്ഞു.. “എന്നാലും മനുഷ്യാ നിങ്ങളുടെ ഒരു ഒടുക്കത്തെ നാവ്… ” ഞാനൊന്നും മിണ്ടാൻ നിന്നില്ല. എന്തെങ്കിലും പറ്റിയോ എന്ന ചോദ്യത്തിന് എന്തെങ്കിലും പറ്റണമായിരുന്നോ എന്ന മറുപടി വന്നതോടെ തടിയെടുക്കുന്നതാണ് നല്ലതെന്ന് എനിക്ക് മനസ്സിലായി. ഞാൻ കുത്തിവെപ്പിനായി പതിയെ ആശുപത്രിയിലേക്ക് വിട്ടു.
ഇതിനുമുമ്പ് ഒരു കുത്തിവെയ്പ്പ് എടുത്തതിനാൽ ബൂസ്റ്റർ ഡോസും ടിടിയുമാണ് ഡോക്ടർ പ്രിസ്ക്രൈബ് ചെയ്തത്. സിസ്റ്റർ ഇതുരണ്ടു മനോഹരമായി നിർവഹിച്ചു കൊണ്ടിരിക്കുമ്പോൾ ഭാര്യയുടെ ഫോൺ : “കാലിന് നല്ല വേദനയുണ്ട്… ഇത്തിരി കുഴമ്പ് മേടിച്ചോണ്ടു പോരേ… “
ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയപ്പോൾ പ്ലൂട്ടോ എന്നെ നോക്കി കുരച്ചു. ഭാര്യ എന്നെ നോക്കി പിറുപിറുത്തു. രണ്ടുപേരും ഒരേ അഭിപ്രായത്തിലായിരുന്നു. “ഇയാൾ വീട്ടിലുണ്ടെങ്കിൽ ഞങ്ങൾക്ക് ജീവിക്കാൻ പറ്റില്ല.”പ്ലൂട്ടോ അതുകേട്ട് വാലാട്ടി. ആ വാലാട്ടൽ അവൾ പറഞ്ഞതിനെ ശരി വെയ്ക്കുന്നതായിരുന്നു. എന്റെ ചിക്കനും ബീഫും തിന്ന് ജീവിക്കുന്ന നായിന്റെ മോനെ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്ന് മനസ്സിൽ അവനോട് പറഞ്ഞു.
തിരിച്ചു വന്നതിനു ശേഷം ഞാൻ ഈ കഥ എഴുതാനിരുന്നു. ആ സമയത്തെല്ലാം അവൾ ഇടക്കിടെ എന്റെ അടുത്തു വന്ന് “എന്നാലും മനുഷ്യാ.. നിങ്ങളുടെ ഒരു കണ്ണ്… നിങ്ങളുടെ കൂടെ എങ്ങനെ ജീവിക്കും… സത്യത്തിൽ നിങ്ങളെ ഡൈവോഴ്സ് ചെയ്ത് സ്വസ്ഥമായി ജീവിക്കണം ” എന്ന് പറഞ്ഞുകൊണ്ടേയിരുന്നു.
ഇപ്പോൾ അവളും പ്ലൂട്ടോയും സഹജരാദി തൈലമൊക്കെ തേച്ച് പരസ്പരം തടവി എന്നേയും എന്റെ പാവം കണ്ണിനേയും പ്രാകിക്കൊണ്ട് ഇരിക്കുന്നു.
