രചന : ദിവാകരൻ പി.കെ ✍️
ചുറ്റും വർണ്ണവിതാനങ്ങളാലും ദീപാലങ്കാരത്തിലും മുങ്ങിനിന്ന സംഗീത അവാർഡ് നിശ. ആ കൂറ്റൻ ഓഡിറ്റോറിയത്തിന്റെ അണിയറയിൽ വല്ലാത്തൊരു തിരക്കായിരുന്നു.
മേക്കപ്പ് റൂമിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ് അനന്യ. തെന്നിന്ത്യ മുഴുവൻ ആരാധിക്കുന്ന ആ മധുരശബ്ദത്തിന്റെ ഉടമ. പുറത്ത് ജനക്കൂട്ടം ഇരമ്പുന്നുണ്ടെങ്കിലും അവളുടെ മനസ്സ് ശാന്തമായിരുന്നു.
പെട്ടെന്നാണ് ഫോൺ വൈബ്രേറ്റ് ചെയ്തത്. സ്ക്രീനിൽ ‘സിദ്ധു’ എന്ന പേര് കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു സ്വാഭാവികമായ പുഞ്ചിരി വിരിഞ്ഞു. അവൾ വേഗം ഫോൺ കാതോർത്തു.
”എവിടെയാടോ തന്റെ കരിയറിലെ ഏറ്റവും വലിയ അവാർഡ് വാങ്ങാൻ പോകുന്ന താരം? ടെൻഷൻ അടിച്ചിരിക്കുകയാണോ?” അപ്പുറത്ത് നിന്ന് സിദ്ധാർത്ഥിന്റെ സ്നേഹം നിറഞ്ഞ ശബ്ദം കേട്ടു.
“ടെൻഷനൊന്നുമില്ല സിദ്ധൂ… പക്ഷേ, എനിക്കെന്തോ ഈ ബഹളങ്ങളൊന്നും അത്ര കണ്ട് ആസ്വദിക്കാൻ പറ്റുന്നില്ല. പാടുമ്പോൾ കിട്ടുന്ന ആ ഒരു സമാധാനം ഈ ലൈറ്റുകളുടെ മുന്നിൽ കിട്ടാറില്ല,” അനന്യ പതിയെ പറഞ്ഞു.
“എനിക്കറിയാം അനൂ… നിന്റെ ആ ശുദ്ധതയാണ് നിന്നെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. പക്ഷേ, നീ ഒന്ന് സൂക്ഷിക്കണം. ഇന്നലെ രാത്രി വിക്രം സാറും ആ മേഘ്നയും കൂടി സംസാരിക്കുന്നത് ഞാൻ കണ്ടിരുന്നു. നിന്റെ പുതിയ തമിഴ് പ്രോജക്റ്റ് തട്ടിയെടുക്കാൻ അവർ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്. മ്യൂസിക് ഇൻഡസ്ട്രി നീ വിചാരിക്കുന്നത്ര നിഷ്കളങ്കമല്ല.” സിദ്ധുവിന്റെ ശബ്ദത്തിൽ ആശങ്കയുണ്ടായിരുന്നു.
അനന്യ ചെറുതായി ചിരിച്ചു, “അവരൊക്കെ എത്രയോ സീനിയർ ആയ ആളുകളല്ലേ സിദ്ധൂ? അവർക്ക് എന്നോട് അങ്ങനെയൊരു ശത്രുത ഉണ്ടാകേണ്ട കാര്യമില്ല. മാത്രമല്ല, എനിക്ക് എന്റെ സംഗീതം മാത്രം മതി. ആരുടെയും അവസരങ്ങൾ തട്ടിയെടുക്കാൻ ഞാനില്ലല്ലോ.”
പെട്ടെന്ന് സിദ്ധാർത്ഥിന്റെ ശബ്ദത്തിൽ ഒരു ഗൗരവവും നേരിയ നിരാശയും പടർന്നു.
“നീ വലിയൊരു ഗായികയായിരിക്കാം അനൂ… പക്ഷേ എന്റെ മുന്നിൽ നീ ഇപ്പോഴും ആ പഴയ പാവം പെൺകുട്ടിയാണ്. നിനക്ക് ലോകവിവരം കുറവാണ്. പിന്നെ… സത്യം പറഞ്ഞാൽ നിന്റെ ഈ പ്രശസ്തിയുടെയും കോടികളുടെ സമ്പാദ്യത്തിന്റെയും മുന്നിൽ നിൽക്കുമ്പോൾ എനിക്കെന്തോ വല്ലാത്തൊരു അപകർഷതാബോധം തോന്നാറുണ്ട്. നീ തെന്നിന്ത്യൻ സിനിമയുടെ രാജ്ഞിയായി വളരുമ്പോൾ, വെറുമൊരു സാധാരണക്കാരനായ ഞാൻ നിന്റെ പിന്നാലെ നടക്കുന്നത് കണ്ട് ആളുകൾ പലതും അടക്കം പറയുന്നുണ്ട്… എന്നെ നോക്കി ചിരിക്കാനും തുടങ്ങിയിട്ടുണ്ട്..”
“സിദ്ധൂ… നീ എന്തൊക്കെയാ ഈ പറയുന്നത്?” അതൊക്കെ നിന്നക്ക് തോനുന്നതാണ്”
അനന്യ ഇടയ്ക്കുവെച്ച് കയറിപ്പറഞ്ഞു.
“കോടീശ്വരന്മാരായ എത്രയോ ബിസിനസ്സുകാരും സിനിമാക്കാരും പുറകെ നടന്നിട്ടും ഞാൻ ഈ സാധാരണക്കാരനായ നിന്നെ തിരഞ്ഞെടുത്തത് എന്തിനാ? അനാഥയായ എനിക്ക് പാട്ടുകാരും പണവുമല്ല വേണ്ടത്, എന്നെ മനസ്സിലാക്കുന്ന ഒരാളെയാണ്. കരിയറിന്റെ തുടക്കത്തിൽ ദാരിദ്ര്യം കാരണം ഞാൻ പതറിപ്പോയപ്പോൾ, എനിക്ക് താങ്ങായി നിന്ന നിന്റെ ആ പഴയ സൗഹൃദവും സ്നേഹവുമാണ് എന്റെ ഈ വലിയ അവാർഡിനേക്കാൾ എനിക്ക് പ്രധാനം.”
”അതൊക്കെ ശരിയായിരിക്കാം അനൂ… പക്ഷേ എനിക്ക് ഈ ലൈറ്റും ആളുകളുടെ നോട്ടവും ഇനി സഹിക്കാൻ പറ്റില്ല. എനിക്ക് ഒരു നിർദ്ദേശമുണ്ട്… നീ ഈ പാട്ടൊക്കെ നിർത്തിയിട്ട് നമുക്ക് വേറെ എവിടെയെങ്കിലും പോയി ജീവിച്ചാലോ? നമുക്ക് അമേരിക്കയിൽ പോയി സെറ്റിൽ ചെയ്യാം, എന്ത് പറയുന്നു? ആരും നമ്മളെ ശല്യം ചെയ്യില്ല, ഒരു പുതിയ ജീവിതം…” സിദ്ധുവിന്റെ ശബ്ദത്തിൽ വല്ലാത്തൊരു ധൃതിയുണ്ടായിരുന്നു.
അനന്യ ഒന്ന് അമ്പരന്നു, എങ്കിലും അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു,
“അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ സിദ്ധൂ… ഇപ്പോഴല്ലേ എന്റെ കരിയറിന്റെ ഏറ്റവും നല്ല സമയം. നീ ബാക്കി കാര്യങ്ങൾ കെയർഫുൾ ആയിരിക്കുക. പാട്ട് കഴിഞ്ഞിട്ട് വേണം നമുക്ക് ആ പഴയ തട്ടുകടയിൽ പോയി ചായ കുടിക്കാൻ. ഐ ആം വെയ്റ്റിംഗ്…”
സിദ്ധു ഫോൺ വെച്ചു. സിദ്ധുവിന്റെ വാക്കുകൾ അവൾക്ക് എപ്പോഴും ഒരു സുരക്ഷിതത്വം നൽകിയിരുന്നു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും അവളെ മണ്ണിലേക്ക് ചേർത്തുനിർത്തുന്നത് സിദ്ധുവിനോടുള്ള ഈ പ്രണയമാണ്—അല്ലെങ്കിൽ അങ്ങനെയാണ് അവൾ കരുതിയിരുന്നത്!
എന്നാൽ, അനന്യയുടെ കൈവശമുള്ള കോടിക്കണക്കിന് രൂപയുടെ സമ്പാദ്യവും പ്രശസ്തിയും കാണുമ്പോൾ സിദ്ധുവിന്റെ മനസ്സ് കലുഷിതമായിരുന്നു. അവളോടുള്ള തീവ്രമായ പ്രണയത്തിനൊപ്പം തന്നെ, അവളുടെ നിഴലായി മാത്രം ജീവിക്കേണ്ടി വരുന്നതിലുള്ള അപകർഷതാബോധം അവനെ വേട്ടയാടി. ദിവസങ്ങളോളം ചിന്തിച്ച് അവന്റെ ഉള്ളിലെ മനസ്സ് ഒരു വലിയ ആത്മസംഘർഷത്തിലേക്ക് വഴിമാറി. തനിക്കും അവൾക്കൊപ്പം നിൽക്കാൻ തക്കവണ്ണം പണം വേണമെന്ന ചിന്ത അവനെ ഒരു മാനസികരോഗത്തിന്റെ വക്കിലെത്തിച്ചിരുന്നു. സിദ്ധുവിന്റെ ഈ മാനസിക ബലഹീനത വളരെ കൃത്യമായി മനസ്സിലാക്കിയ രണ്ട് പേരുണ്ടായിരുന്നു ആ അണിയറയിൽ—മ്യൂസിക് ഡയറക്ടർ വിക്രമും ഗായിക മേഘ്നയും!
”അനന്യ… നെക്സ്റ്റ് അനൗൺസ്മെന്റ് നിങ്ങളുടേതാണ്. പ്ലീസ് കം…”
സ്റ്റേജ് മാനേജർ വന്ന് വിളിച്ചപ്പോൾ അവൾ കണ്ണാടിയിൽ നോക്കി സ്വയം ഒന്ന് പുഞ്ചിരിച്ചു. മേശപ്പുറത്തിരുന്ന ജ്യൂസ് ഗ്ലാസിൽ നിന്ന് ഒരു സിപ്പ് എടുത്ത് കുടിച്ച് അവൾ സ്റ്റേജിലേക്ക് നടന്നു. ആ ജ്യൂസിന്റെ നേരിയ കയ്പ്പ് അവൾ അത്ര കാര്യമാക്കിയില്ല.
മേഘ്ന അറിയുന്നുണ്ടായിരുന്നില്ല, തന്റെ എതിർപക്ഷത്തുള്ള അനന്യയ്ക്ക് വേണ്ടി വിക്രം തന്നെയാണ് ആ ജ്യൂസിൽ മാരകമായ കെമിക്കൽ കലർത്തിയത് എന്ന്! മേഘ്ന പോലും ആ കൃത്യമായ പ്ലാൻ അറിഞ്ഞിരുന്നില്ല. പക്ഷേ, വിക്രം കരുതിക്കൂട്ടി ചെയ്ത ആ ക്രൂരതയുടെ അടുത്ത ഘട്ടം സിദ്ധുവിനെ തങ്ങളുടെ കെണിയിൽ വീഴ്ത്തുക എന്നതായിരുന്നു.
സ്റ്റേജിൽ ലൈറ്റുകൾ തെളിഞ്ഞു. ‘ഈ വർഷത്തെ മികച്ച ഗായിക—അനന്യ!’ എന്ന അനൗൺസ്മെന്റ് വന്നപ്പോൾ ഓഡിറ്റോറിയം ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചു. അവാർഡ് വാങ്ങി അവൾ മൈക്കിന് മുന്നിലേക്ക് നിന്നു. സദസ്സിന്റെ മുൻനിരയിൽ വിക്രമും മേഘ്നയും ഇരിക്കുന്നുണ്ടായിരുന്നു. വിക്രമിന്റെ മുഖത്തെ ഗൂഢമായ ചിരി അവൾ ശ്രദ്ധിച്ചില്ല.
”നിങ്ങൾക്കായി ഞാൻ ഈ പാട്ട് പാടാം…” അനന്യ പറഞ്ഞു.
ഓർക്കസ്ട്രയുടെ ആദ്യ ഈണം അന്തരീക്ഷത്തിൽ അലിഞ്ഞുചേർന്നു. അനന്യ കണ്ണുകളടച്ച് ആദ്യ വരി പാടിത്തുടങ്ങി. ആ ശബ്ദത്തിന്റെ മാധുര്യത്തിൽ സദസ്സ് മയങ്ങിപ്പോയി. എന്നാൽ, പാട്ട് പല്ലവിയിലേക്ക് കടന്ന നിമിഷം… പെട്ടെന്ന് അനന്യയുടെ തൊണ്ടയിൽ നിന്ന് ശബ്ദത്തിന് പകരം ഒരു ദീനരോദനം മാത്രമാണ് പുറത്തുവന്നത്.
അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. നെഞ്ചു പൊട്ടുന്ന വേദനയോടെ രണ്ടു കൈകളും കൊണ്ട് തൊണ്ടയിൽ അമർത്തിപ്പിടിച്ച് അവൾ സ്റ്റേജിലേക്ക് കുഴഞ്ഞുവീണു. അണിയറയിൽ നിന്ന് സിദ്ധു ഭയന്നുവിറച്ച് സ്റ്റേജിലേക്ക് ഓടിയെത്തുമ്പോഴേക്കും അനന്യയുടെ ചുണ്ടുകളിൽ നിന്ന് ചോര ഒലിച്ചിറങ്ങിയിരുന്നു! സദസ്സ് ആകെ പരിഭ്രാന്തിയിലായി. ലൈറ്റുകൾ അണഞ്ഞു.
ആ വലിയ കോലാഹലങ്ങൾക്കിടയിൽ, സ്റ്റേജിന്റെ ഇരുണ്ട കോണിലേക്ക് മാറിനിന്ന വിക്രം മേഘ്നയുടെ തോളിൽ തട്ടി മന്ത്രിച്ചു,
“ഇനി അവൾ ഒരിക്കലും പാടില്ല… തെന്നിന്ത്യൻ സംഗീതത്തിന്റെ രാജ്ഞിപ്പട്ടം ഇനി നിനക്കുള്ളതാണ്.”
മേഘ്ന ക്രൂരമായൊരു ചിരിയോടെ തലയാട്ടി.
അവാർഡ് വേദിയിൽ ചോരയൊലിപ്പിച്ചു വീണ അനന്യയെയും താങ്ങിപ്പിടിച്ച് സിദ്ധാർത്ഥ് ആശുപത്രിയിലേക്ക് പായുമ്പോൾ, ആംബുലൻസിന്റെ സൈറൻ ശബ്ദത്തേക്കാൾ ഉച്ചത്തിലായിരുന്നു അവന്റെ നെഞ്ചിടിപ്പ്. അവൾക്ക് ഈ അവസ്ഥ വരുത്തിയവരോടുള്ള ദേഷ്യവും അവളോടുള്ള സ്നേഹവും അവന്റെ ഉള്ളിൽ തിളച്ചു മറിയുകയായിരുന്നു. തെന്നിന്ത്യൻ സംഗീതലോകത്തെ ഞെട്ടിച്ച ആ വാർത്ത മിനിറ്റുകൾക്കകം മാധ്യമങ്ങളിൽ ബ്രേക്കിംഗ് ന്യൂസ് ആയി നിറഞ്ഞു.
സിറ്റിയിലെ പ്രമുഖ ഹോസ്പിറ്റലിന്റെ തീവ്രപരിചരണ വിഭാഗത്തിന് മുന്നിൽ സിദ്ധാർത്ഥ് തകർന്നിരിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശോധനകൾക്ക് ശേഷം പുറത്തേക്കിറങ്ങിയ ഡോക്ടറുടെ മുഖത്ത് ഗൗരവമായിരുന്നു.
”ഡോക്ടർ… അനുവിന്… അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ? എന്ന് പാടാൻ കഴിയും അവൾക്ക്?” സിദ്ധാർത്ഥ് ഡോക്ടറുടെ കൈകളിൽ പിടിച്ച് ചോദിച്ചു.
ഡോക്ടർ ഒരു ദീർഘശ്വാസമെടുത്തു,
സിദ്ധാർത്ഥ്… അനന്യയുടെ ജീവൻ അപകടാവസ്ഥ തരണം ചെയ്തു. പക്ഷേ അവളുടെ വോക്കൽ കോർഡിന് (Vocal cord) ഗുരുതരമായ തകരാർ സംഭവിച്ചിരിക്കുന്നു. വളരെ മാരകമായ ഏതോ രാസവസ്തു ജ്യൂസിലൂടെയോ മറ്റോ അവളുടെ ഉള്ളിൽ ചെന്നിട്ടുണ്ട്. അത് അവളുടെ ശബ്ദ നാളങ്ങളെ പൂർണ്ണമായും തളർത്തിക്കളഞ്ഞു. ഇനി ഒരു വാക്ക് സംസാരിക്കാൻ പോലും അവൾക്ക് വലിയ ബുദ്ധിമുട്ടായിരിക്കും… പാടുന്ന കാര്യം…” ഡോക്ടർ ബാക്കി പറയാതെ സിദ്ധാർത്ഥിന്റെ തോളിൽ തട്ടി നടന്നുപോയി.
ആ വാക്കുകൾ കേട്ട് സിദ്ധാർത്ഥ് അവിടെ തരിച്ചിരുന്നു. അണിയറയിൽ വെച്ച് അവൾ കുടിച്ച ജ്യൂസ്… അതിൽ ആരോ വിഷം കലർത്തിയിരിക്കുന്നു!
ദിവസങ്ങൾ കടന്നുപോയി. ഐ.സി.യുവിൽ നിന്ന് റൂമിലേക്ക് മാറ്റിയ അനന്യയുടെ അരികിൽ സിദ്ധാർത്ഥ് എപ്പോഴും ഉണ്ടായിരുന്നു. ഒരു വാക്ക് പോലും സംസാരിക്കാനാകാതെ, കണ്ണീരൊഴുക്കി കിടക്കുന്ന അനന്യയെ നോക്കുമ്പോൾ അവന്റെ നെഞ്ച് തകരുകയായിരുന്നു. അവൾക്ക് പറയാനുള്ളതെല്ലാം ആ കണ്ണുകളിലെ നിശ്ശബ്ദതയിൽ ഉണ്ടായിരുന്നു.
“ഞാൻ നിന്നെ പഴയതുപോലെ ആക്കും അനു…”
അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് മന്ത്രിച്ചു.
അനന്യയ്ക്കെതിരെയുള്ള വധശ്രമവും ശബ്ദം നഷ്ടപ്പെടുത്തിയ ക്രൂരതയും വലിയൊരു ചർച്ചയായി മാറിയതോടെ, കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ (SIT) സർക്കാർ ചുമതലപ്പെടുത്തി. അസിസ്റ്റന്റ് കമ്മീഷണർ മാധവൻ നായരായിരുന്നു ടീം ലീഡർ.
തുടക്കം മുതൽ പോലീസിന്റെ സംശയനിഴൽ മ്യൂസിക് ഇൻഡസ്ട്രിയിലെ പ്രമുഖനായ വിക്രമിലും മേഘ്നയിലുമായിരുന്നു. അനന്യയുടെ ജനപ്രീതിയിൽ അവർക്കുള്ള അസൂയയും തമിഴ് പ്രോജക്റ്റ് തട്ടിയെടുക്കാനുള്ള ശ്രമങ്ങളും സിദ്ധാർത്ഥ് പോലീസിന് മൊഴി നൽകിയിരുന്നു. ഫോറൻസിക് സംഘം ഓഡിറ്റോറിയത്തിലെ അണിയറയിൽ നിന്നും അനന്യ കുടിച്ച ജ്യൂസ് ഗ്ലാസ് പരിശോധിച്ചു. ജ്യൂസിൽ കലർത്തിയത് വിദേശത്തുനിന്ന് മാത്രം ഇറക്കുമതി ചെയ്യുന്ന ഒരു പ്രത്യേക തരം കെമിക്കൽ ആണെന്ന് ലബോറട്ടറി റിപ്പോർട്ട് വന്നു. പോലീസ് വിക്രമിനെയും മേഘ്നയെയും മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും വ്യക്തമായ തെളിവുകളൊന്നും ലഭിച്ചില്ല.
എന്നാൽ ഈ അന്വേഷണത്തിനിടയിലാണ് വിക്രമും മേഘ്നയും ചേർന്ന് സിദ്ധാർത്ഥിനെ സമീപിക്കുന്നത്. തളർന്നു കിടക്കുന്ന അനന്യയെയും കൊണ്ട് വിദേശത്തു പോയി പുതിയൊരു ജീവിതം തുടങ്ങാൻ വലിയ തുക ആവശ്യമുണ്ടെന്ന അവന്റെ ബലഹീനത അവർ മുതലെടുത്തു. അനന്യയുടെ ചികിത്സയുടെ മറവിൽ, അവളറിയാതെ അവളുടെ ശത്രുക്കളെ മിത്രങ്ങളാക്കാൻ സിദ്ധു നിർബന്ധിതനായി. അനന്യയുടെ ഏറ്റവും വലിയ ചിറകായ സിദ്ധാർത്ഥിനെ കൂടെ നിർത്തിയാൽ അവളുടെ തിരിച്ചുവരവ് എന്നെന്നേക്കുമായി മുടക്കാമെന്നും, അവളെ മാനസികമായി തകർക്കാമെന്നും മേഘ്നയും വിക്രമും കണക്കുകൂട്ടി. തനിക്ക് അനന്യയ്ക്കൊപ്പം കിടപിടിക്കാനുള്ള സമ്പാദ്യം മേഘ്നയിലൂടെ ലഭിക്കുമെന്ന വ്യാമോഹത്തിൽ സിദ്ധു ആ കെണിയിൽ വീണുപോയി.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സിദ്ധാർത്ഥിനെയും വിളിപ്പിച്ചു.
കൃത്യമായ തെളിവുകൾ ഇല്ലാത്തതിനാൽ സിദ്ധാർത്ഥിനെ തൽക്കാലം വിട്ടയക്കാൻ പോലീസ് നിർബന്ധിതരായി.
വർഷങ്ങൾ വേഗത്തിൽ കടന്നുപോയി. അനന്യയുടെ ശബ്ദം പൂർണ്ണമായും നഷ്ടപ്പെട്ടു. അവൾ സംഗീതലോകത്ത് നിന്ന് പാടെ വിസ്മൃതിയിലായി. ആ അവസരം മുതലെടുത്ത് മേഘ്ന തെന്നിന്ത്യൻ സംഗീതത്തിന്റെ പുതിയ രാജ്ഞിയായി മാറി. വിക്രമിന്റെ പിന്തുണയോടെ അവൾ പ്രശസ്തിയുടെ കൊടുമുടിയിലെത്തി. മേഘ്നയുടെ പല ബിസിനസ്സ് കാര്യങ്ങളും നോക്കിനടത്തിയിരുന്നത് സിദ്ധാർത്ഥ് ആയിരുന്നു.
എന്നാൽ തളർന്നുപോയെങ്കിലും അനന്യ തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. സംഗീതമായിരുന്നു അവളുടെ ജീവൻ. നിരന്തരമായ പ്രാർത്ഥനകൾക്കും രഹസ്യമായ ആയുർവേദ ചികിത്സകൾക്കുമൊടുവിൽ, വർഷങ്ങൾക്ക് ശേഷം ഒരു അത്ഭുതമെന്നോണം അവളുടെ ശബ്ദം പതിയെ തിരിച്ചുവരാൻ തുടങ്ങി! പക്ഷേ, അവൾ ആ വിവരം ലോകത്തിൽ നിന്നും സിദ്ധുവിൽ നിന്നും അതീവ രഹസ്യമായി സൂക്ഷിച്ചു. തനിക്ക് ചുറ്റും നടന്ന ചതിയുടെ വിരലടയാളങ്ങൾ അവൾ തിരിച്ചറിഞ്ഞിരുന്നു.
വർഷങ്ങൾക്ക് ശേഷം, ഇന്ത്യൻ സംഗീതലോകത്തെ സമഗ്രസംഭാവനകൾക്കായി രാഷ്ട്രപതി നൽകുന്ന പരമോന്നത അവാർഡ് പ്രകീർത്തിക്കപ്പെട്ടു. ഇത്തവണ ആ പുരസ്കാരം മേഘ്നയ്ക്കായിരുന്നു. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ച് നടക്കുന്ന ആ മഹാമഹത്തിൽ പങ്കെടുക്കാൻ സംഗീത ലോകത്തെ പ്രമുഖരെല്ലാം എത്തിച്ചേർന്നു.
കാണികളുടെ മുൻനിരയിൽ അഹങ്കാരത്തോടെ മേഘ്ന ഇരിപ്പുണ്ടായിരുന്നു. അവാർഡ് ജേതാവ് എന്ന നിലയിൽ മേഘ്നയ്ക്ക് ലഭിച്ച പ്രത്യേക വി.ഐ.പി പാസ്സ് ഉപയോഗിച്ച്, അവളുടെ പേഴ്സണൽ ഗസ്റ്റായി തികഞ്ഞ ആത്മവിശ്വാസത്തോടെ സിദ്ധാർത്ഥും മുൻനിരയിൽ ഉണ്ടായിരുന്നു!
പെട്ടെന്നാണ് ആ അപ്രതീക്ഷിത അനൗൺസ്മെന്റ് ഉണ്ടായത്. മേഘ്നയ്ക്ക് അവാർഡ് നൽകുന്നതിന് തൊട്ടുമുൻപ്, വിശിഷ്ടാതിഥിയായി രാഷ്ട്രപതിക്കൊപ്പം വേദിയിലേക്ക് ഒരാൾ കടന്നുവന്നു—അത് മറ്റാരുമായിരുന്നില്ല, അനന്യയായിരുന്നു! വർഷങ്ങൾക്ക് ശേഷമുള്ള അവളുടെ വരവ് കണ്ട് സദസ്സ് ഒന്നടങ്കം ഞെട്ടി. സിദ്ധാർത്ഥിന്റെയും മേഘ്നയുടെയും മുഖത്തെ ചോരവറ്റിപോയി.
വേദിയിലെ മൈക്കിന് മുന്നിലേക്ക് അനന്യ നടന്നുചെന്നു. ഓഡിറ്റോറിയത്തിൽ പിൻഡ്രോപ്പ് സൈലൻസ് ആയിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, വർഷങ്ങളുടെ നിശ്ശബ്ദത ഭേദിച്ച് അനന്യയുടെ മധുരശബ്ദം വീണ്ടും അന്തരീക്ഷത്തിൽ മുഴങ്ങി!
“എന്റെ ശബ്ദം ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് മുൻപ്, ഇതേ ശബ്ദത്തോടെ നിൽക്കാൻ കഴിഞ്ഞത് ഒരു നിയോഗമാണ്. ഞാൻ ഇന്ന് ഇവിടെ വന്നത് ഒരു സത്യം വെളിപ്പെടുത്താനാണ്…” അനന്യ പറഞ്ഞു നിർത്തിയതും, ഡൽഹി പോലീസിന്റെയും കേരള പോലീസിന്റെയും ഉന്നത ഉദ്യോഗസ്ഥർ വേദിയിലേക്കും സദസ്സിലേക്കും കടന്നുവന്നു. കമ്മീഷണർ മാധവൻ നായരും അവർക്കൊപ്പമുണ്ടായിരുന്നു.
സ്റ്റേജിന്റെ വലിയ സ്ക്രീനിൽ പെട്ടെന്ന് അന്വേഷണത്തിന്റെ നിർണ്ണായക വിവരങ്ങൾ തെളിഞ്ഞു. കമ്മീഷണർ മൈക്കിലൂടെ സദസ്സിനോട് വിളിച്ചുപറഞ്ഞു
വർഷങ്ങൾക്ക് മുൻപ് ഗായിക അനന്യയുടെ ശബ്ദം തകർത്ത ആ മാരക കെമിക്കൽ ജ്യൂസിൽ കലർത്തിയത് മ്യൂസിക് ഡയറക്ടർ വിക്രം ആയിരുന്നു! മേഘ്നയ്ക്ക് വേണ്ടി വിക്രം ചെയ്ത ക്രൂരതയായിരുന്നു അത്. എന്നാൽ ഈ ചതിയുടെ പിന്നാമ്പുറങ്ങളിൽ വിക്രം മറ്റൊരു കെണിയുകൂടി ഒരുക്കിയിരുന്നു. അനന്യയുടെ നിഴലായി കൂടെയുണ്ടായിരുന്ന സിദ്ധാർത്ഥിന്റെ അപകർഷതാബോധത്തെയും മാനസികാവസ്ഥയെയും അവർ മുതലെടുത്തു!”
കമ്മീഷണർ ഒന്നു നിർത്തി സദസ്സിന്റെ മുൻനിരയിലേക്ക് വിരൽ ചൂണ്ടി:
അനന്യയെ മാനസികമായി തകർക്കാനും അവൾ ഇനി ഒരിക്കലും സംഗീതത്തിലേക്ക് തിരിച്ചുവരാതിരിക്കാനും വിക്രമും മേഘ്നയും ചേര്‍ന്ന് സിദ്ധാർത്ഥിനെ തങ്ങളുടെ കൂടെക്കൂട്ടി. അനന്യയോടുള്ള അമിതമായ സ്നേഹവും എന്നാൽ അവളുടെ പ്രശസ്തിക്ക് മുന്നിൽ താനൊന്നുമല്ലെന്ന തോന്നലും സിദ്ധാർത്ഥിനെ ഒരു മാനസികരോഗിയെപ്പോലെയാക്കി മാറ്റിയിരുന്നു. ആ ബലഹീനത മുതലെടുത്താണ് മേഘ്ന അവന് വലിയ വാഗ്ദാനങ്ങൾ നൽകി സ്വന്തം പക്ഷത്താക്കിയത്. താൻ ചെയ്യുന്നത് വലിയൊരു ചതിയാണെന്ന് അറിയാമെങ്കിലും, അനന്യയ്ക്ക് ഒപ്പം നിൽക്കാനുള്ള പണത്തിന് വേണ്ടി അവൻ ശത്രുക്കളുടെ കൈകോർത്തു. എന്നാൽ, സിദ്ധാർത്ഥിന്റെ ഈ മാനസികാവസ്ഥ തെളിയിക്കുന്ന രഹസ്യ ഡയറിയും തെളിവുകളും വിക്രമും മേഘ്നയും രഹസ്യമായി സൂക്ഷിച്ചിരുന്നു—നാളെ തങ്ങൾ പിടിക്കപ്പെട്ടാൽ കുറ്റം മുഴുവൻ സിദ്ധാർത്ഥിന്റെ തലയിൽ കെട്ടിവെക്കാൻ! ആ തെളിവുകളാണ് ഇപ്പോൾ പോലീസിന് ലഭിച്ചിരിക്കുന്നത്.”
അതുവരെ ഭാവഭേദമില്ലാതെ നിന്ന സിദ്ധാർത്ഥിന്റെ മുഖത്ത് താൻ പിടിക്കപ്പെട്ടു എന്ന് മനസ്സിലായ നിമിഷമല്ല, മറിച്ച് തന്നെ രക്ഷിക്കുമെന്ന് കരുതിയവർ തന്നെ കെണിയിൽ പെടുത്തുകയായിരുന്നു എന്ന തിരിച്ചറിവാണ് ഉണ്ടായത്. തന്റെ അപകർഷതയും പണത്തോടുള്ള ആഗ്രഹവും തന്നെ എത്ര വലിയൊരു ചതിക്കുഴിയിലാണ് എത്തിച്ചതെന്ന് അവൻ മനസ്സിലാക്കി. അപ്പോഴും അവന്റെ കണ്ണുകൾ വേദിയിൽ നിൽക്കുന്ന അനന്യയെയാണ് തിരഞ്ഞത്. അതിൽ ഭയത്തേക്കാൾ ഉപരി വല്ലാത്തൊരു പശ്ചാത്താപവും പ്രണയവും കലർന്ന ശൂന്യതയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥർ സദസ്സിലേക്ക് ഇറങ്ങിച്ചെന്ന് വിക്രമിന്റെയും മേഘ്നയുടെയും ഒപ്പം സിദ്ധാർത്ഥിന്റെ കൈകളിലും വിലങ്ങുവെച്ചു. ആളുകൾ നോക്കിനിൽക്കെ അവരെ പുറത്തേക്ക് വലിച്ച് കൊണ്ടുപോയി.
വേദിയിൽ നിന്ന് അനന്യ അവരെ നോക്കി. വിക്രമിനോടും മേഘ്നയോടും അവളുടെ കണ്ണുകളിൽ അമർഷമായിരുന്നെങ്കിൽ, സിദ്ധാർത്ഥിനെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിറഞ്ഞത് കണ്ണീരായിരുന്നു. തന്നോടുള്ള സ്നേഹക്കൂടുതലും അപകർഷതയും കൊണ്ടാണ് അവൻ ആ ചതിക്കുഴിയിൽ വീണുപോയതെന്ന സത്യം അവൾ തിരിച്ചറിയുകയായിരുന്നു. എങ്കിലും, പ്രശസ്തിയുടെയും പ്രണയത്തിന്റെയും പൊള്ളത്തരങ്ങൾക്കിടയിലും സ്വന്തം സംഗീതത്തെ തിരിച്ചുപിടിച്ച അവൾ, രാഷ്ട്രപതിയുടെ കൈകളിൽ നിന്നും ആദരവ് ഏറ്റുവാങ്ങി. തുടർന്ന് അവൾ കണ്ണുകളടച്ച് പാടിത്തതുടങ്ങി… ആ ശബ്ദത്തിന്റെ താളത്തിൽ വിജ്ഞാൻ ഭവൻ ഒന്നടങ്കം അലിഞ്ഞുചേർന്നു.

