രചന : കല്ലങ്ങാട്ട് പരമേശ്വരൻ നായർ ✍️
.കാലത്തെഴുന്നേറ്റൊരുകച്ചചുറ്റി
കാലിത്തൊഴുത്തിന്റെ സമീപമെത്തി
കാളയ്ക്കെഴും വാർമൃദുമെയ് തലോടി
കാടിപ്പഴങ്കഞ്ഞി കൊടുത്തൊരുക്കി
കറുത്തിരുണ്ടോരുരുക്കുമെയ്യാൽ
കനത്ത മഞ്ഞും മഴയും സഹിച്ച്
കലപ്പകൂന്താലികൾ സംഭരിച്ച്
കരത്തിൽ മറ്റായുധവും ധരിച്ചും,
സരാഗമോരോ വിധമോർത്ത് സപ്ത –
സ്വരാഭമാം പാട്ടുകളൊട്ട് പാടി
നിരാകുലം കാളയെ മുൻ നടത്തി –
ട്ടൊരായിരം ചിന്തയിൽ മഗ്നനായി
പരാഭിവൃദ്ധിത്തികവിന്ന് വേണ്ടി
ധരാതലം പുഷ്ടി വരുത്തുവാനായ്
പരാപരൻ തീർച്ച വരുത്തി സൃഷ്ടി –
ച്ചൊരാത്മഭാവ പ്രതിരൂപമായി
വിനാവിളംബം കൃഷി ചെയ്കയെന്യേ
വിനാശചിന്താദി വിമൂഢനായി
വിരാമമില്ലാത്തൊരു ലോക കാര്യ-
വിചാരധാരാദി വിരക്തനായി
ഹരിപ്രിയാരാധന ഭക്തികൊണ്ടോ
ഹരിശ്രീ തീണ്ടാതൊരു വ്യക്തിയായി
പരസ്വഹാരി പ്രകൃതം വെടിഞ്ഞ
പര, സ്വഭാവത്തിൽ മനുഷ്യനായി
വയറ്റിലാളുന്ന വിശപ്പടക്കി
വയൽക്കകം മേവിന ചിന്തയോടെ
പയസ്സു പങ്കങ്ങളിൽ മുങ്ങുമാത്മ –
വപുസ്സ് സർവ്വോത്തരധന്യമാക്കി
സ, പാടവം പാടമടുത്തിടുമ്പോൾ
സദാ തുടിക്കുന്ന ഹൃദന്തമായി
ഇതാ വരുന്നു ചെറു കർഷകൻ – ഭൂ
വുദാര ഭാവ പ്രതിരൂപകം പോൽ
