പുലരിയെ കാണാതെ വിടപറയുന്ന പവിഴമല്ലി എന്നും എന്നെ ആകർഷിച്ച നിശാപുഷ്പമാണ്. പുലരിയുടെ ആദ്യവെളിച്ചത്തിനായി കാത്തുനിൽക്കുമ്പോഴേക്കും ഞെട്ടറ്റുവീഴുന്ന അവളുടെ കാത്തിരിപ്പും സുഗന്ധവും എന്നിൽ ഉണർത്തിയ ചിന്തകളിൽ നിന്നാണ് “സ്മൃതിപദം” പിറന്നത്.

നിലാവെളിച്ചം മെല്ലെ തൊട്ടുണർത്തി
ഇരവിന്റെ മൗനത്തിൽ അവൾ വിരിഞ്ഞു;
നിശാതെന്നൽ സൗരഭ്യം കാറ്റിൽ പകർന്നു.
​നിദ്രതൻ യാമം മിഴിതുറന്നു,
രാവിൻ മിഴികൾ മെല്ലെ മിഴിചിമ്മി;
ഹിമബിന്ദു പതിയെ പടർന്നിറങ്ങി
നിശയുടെ കുളിരായി ലയിച്ചു നിന്നു.
​നിശാശലഭം പറന്നിറങ്ങി,
മൃദുസ്മേരം തൂകി അവൾ നിന്നു;
നിശാനാദം മെല്ലെ ഈണം പകർന്നു.
​രാവിൻ കിനാവിൽ അവൾ കണ്ടു പുലരിയെ,
മോഹങ്ങൾ പൂമഴയായി പെയ്തിറങ്ങി.
രാവോരം കാത്തുനിൽപ്പൂ ഉഷസ്സിൻ പദനിസ്വനം!
​പുലരിതൻ കിനാവിൽ മയങ്ങിനിന്നു നിശാപുഷ്പം.
മോഹങ്ങൾ മെല്ലെ ചിറകടിച്ചു,
ഭാവപ്രപഞ്ചത്തിൽ അവൾ മയങ്ങി
​ഉഷായാമം പടിവാതിൽ എത്തി
ഞെട്ടിയുണർന്നവൾ കൺചിമ്മി;
മാഞ്ഞുപോയി അവളിലെ സുഗന്ധവും.
​ഞെട്ടറ്റു വീണു ധരണിയിൽ,
മൃതിതൻ മടിത്തട്ടിൽ
വീണു കിനാക്കൾ പാഴ്സ്മൃതിയായി.
​സ്മൃതിപദത്തിലങ്ങോ നിറഞ്ഞുസ്മൃതി
പകർത്തിയ നിൻ നിഴൽചിത്രം…
​എങ്കിലും തുടരുന്നു ഈ യാത്ര,
ഒരു പുനർജന്മമായി…
പവിഴമല്ലിയായി, നോവുറങ്ങാത്ത പ്രതീക്ഷയായി

By ivayana