ഒരോർമ്മക്കൊളുത്തെങ്കിലും.
അഴിച്ചെടുക്കാതെ..
നിങ്ങൾക്കീ വരികൾ
കടന്നു പോകാനാവില്ല.
ചാഞ്ഞു പെയ്യുന്ന മഴയിലേക്ക്..
ജാലകവിരികൾ വകഞ്ഞു മാറ്റി.
നനുത്ത ഈറനടികളിൽ
മുഖം ചേർക്കാതെ..
നിങ്ങൾക്കീ മഴയെ..
പറഞ്ഞയക്കാനാവില്ല..
ഒരു മാമ്പൂവെങ്കിലും
കൊഴിച്ചിടാതെ
ഇതിലൊരു കാറ്റിനും.
തൊട്ടു പോകാനാവില്ല..
ബാല്യത്തിന്റെ
ഓട്ടിറമ്പിലൊരു
കളിവഞ്ചിയെങ്കിലും
ബാക്കിവെയ്ക്കാതെ
ഒരു ഹൃദയത്തിനും
മുതിർന്നു പോവാൻ ആവില്ല
വയൽ വരമ്പിലൊരു
കാലടിപ്പാടെങ്കിലും
ബാക്കി വെയ്ക്കാതെ
ഒരു വഴിക്കും മുന്നോട്ടു
നീളാനാവില്ല..
അമ്മയുടെ വിളിയോച്ച
യില്ലാതൊരു പുലരിക്കും
വീട്ടിലേക്കുള്ള വഴി
അറിയാനാവില്ല
അച്ഛൻ വിയർത്ത
അന്നമല്ലാതൊന്നും
രുചി മുകുളങ്ങളെ
അത്രമേൽ
ഉണർത്താറില്ല…
പുസ്തകത്താളിൽ ഒരു
മയിൽപീലിയെങ്കിലും
ഒളിച്ചു വെയ്ക്കാതെ ഒരു
കൗമാരവും പൂർണ്ണമാകില്ല..
കണ്ണിൽ ചോരുന്ന
ഹൃദയഭാഷകളിൽ
പ്രണയം മൊഴിയാതൊരു
യൗവനവും നിറം പകരില്ല
തിരക്കിലേക്ക്
തിക്കിത്തിരക്കുന്ന
മനുഷ്യരെയല്ലാതെ..
വാർദ്ധക്യം തിരയില്ല…
മഴ നിറച്ച ഒരായിരം പുഴകളെ
നെഞ്ചിലേറ്റാതൊരുകടലും
അലയടിച്ചുയരില്ല.
ജീവിതമെന്നത്
കാലം കടന്നു പോയ
ദൂരമല്ലല്ലോ..
വഴിയിലുടനീളം..
ഹൃദയംബാക്കിവെച്ചു പോയ
സ്നേഹമുദ്രകൾ അല്ലേ..
ഒരു കണ്ണുനീർ തുള്ളിയെങ്കിലും
മിഴിച്ചിമിഴിൽ
കാത്തു വയ്ക്കാതെ
ഒരു പുഞ്ചിരിയായെങ്കിലും
മറ്റൊരാളിൽ പുഷ്പിക്കാതെ
ഒരു മനുഷ്യനും
മനോഹരമായി
ജീവിച്ചു തീർക്കാനാവില്ല..💕

By ivayana