രചന : രമേഷ് എരണേഴുത്ത് ✍️
ചേമ്പില പൊട്ടിച്ചു കുടകൾ ചൂടിയ
ആ പെരുമഴക്കാലം പിന്നയുമെന്തേ
പെയ്യാതെ ചിണുങ്ങി നാണിച്ചു നിന്നു
മാനത്തു നിന്നെങ്ങോ മാഞ്ഞുപോയി
കരിനീലക്കണ്ണുകൾ തുളുമ്പുവാൻ മറന്നു
കാർമുകിൽ സുന്ദരി കരയാതെ മറഞ്ഞു
കരളുരുകി പെയ്യാത്ത കർക്കടകത്തിലെ
കറുത്ത വാവിനും ഇന്ന് നീളുന്ന മൗനം
കഥകൾ പറഞ്ഞൊഴുകുമാ കൗടിയാറും
കളിവഞ്ചികൾ തുഴഞ്ഞ കാവാലം കായലും
പുഴയായി പെയ്തൊഴുകുമീ പുണർതമെന്ന്
കരയോട് പദം പറഞ്ഞ് കാത്തുനിൽക്കുന്നു
മഴമേഘങ്ങൾ കനിവുമായി പൊഴിഞ്ഞതില്ല
ഭൂമി തൻ ആത്മാവിൽ മരതകമുണർന്നതില്ല
കാലം കലികാലം എന്നാരോ ഉറക്കെ ചൊല്ലി
നീർവറ്റിയൊരു കിണറ്റിൽ കൂപമണ്ഡൂകം ചിരിച്ചു
