രചന : രമേഷ് എരണേഴുത്ത് ✍️
താന്നി വൃക്ഷ ചുവട്ടിലിരുന്നു വിരൂപനാം
ബാഹുക വേഷം ധരിച്ച തേരാളിയാം നളൻ
അയോദ്ധ്യാ മന്നവനാം ഋതുപർണ്ണൻ്റെ കൃപയാൽ
അക്ഷഹൃദയ മന്ത്രം ഗ്രഹിച്ചാ നേരമതാ
നളശരീരത്തിൽ കുടിയിരുന്നൊരു വിപത്താം
കലി രക്തം ചർദ്ദിച്ചു മൃതാവസ്ഥയിലായുടൻ
അലറിക്കരഞ്ഞു കൊണ്ടാ നള തനുവിൽ നിന്നുമാ
വൃക്ഷ ചുവട്ടിൽ ഭയമോടെ വീണെഴുന്നു
തേങ്ങിക്കരഞ്ഞു ബാഹുകനാം നളനു മുന്നിൽ
ശിരസ്സു കുനിച്ചു കൈകൾ മാറത്തു പിണച്ചു
നിറമിഴികളോടെ ദയനീയമായി ചൊല്ലിനാൻ
ശപിക്കാതിരിക്കുക കാരുണ്യമൂർത്തേ
മമ അപരാധങ്ങളൊക്കയുമവിടുത്തെദയയാൽ
പൊറുത്ത് ശപിക്കാതിരിക്കുകയീമഹാപാപിയെ
മഹാഗുണവാനാം നിഷാധരാജാവേനിന്നോട്
ദ്രോഹങ്ങളേറെ ഞാൻ ചെയ്തുവെങ്കിലും പൊറുക്കുക
വിശ്വമോഹിനികളാം ദേവസുന്ദരിമാർ പോലും തോൽക്കുമാറ്
ലാവണ്യവതി ഗുണശീലയാം ദമയന്തിയെ
മോഹിച്ചു സ്വയംവര പന്തലിൽ പരാജിതരായ്
മടങ്ങും ദേവകളെ നോക്കി തെല്ല് ആഹ്ലാദമോടെ നിൽക്കേ
സുമുഖ മദന മോഹനാംഗിയാം ദമയന്തിയെ
ദൂരത്തു കണ്ട് ഞാനും ഏറെ മോഹിച്ചു പോയി
രതിദേവത നാണിച്ചു നിൽക്കു മിഴിയഴകുമായ്
സർവ്വാംഗ മനോഹരി തരുണീ രത്നം നിൻ വാമഭാഗത്തിരിക്കെ
എൻ ഉള്ളം പിടഞ്ഞു കടകണ്ണുകൾ തുടിച്ചു
അസൂയ തൻ ചുടുനിണം എന്നിൽ നുരഞ്ഞൊഴുകി
എൻ പ്രിയതോഴനാം ദ്വാപരനോടുമൊത്ത് ചേർന്ന്
നിൻ രാജധാനിയിൽ നിൻ നിഴലായ് ഞാൻ വസിച്ചു
നന്മകൾക്കായി മാത്രം വർത്തിക്കും നിന്നിലൊട്ടും
ദോഷങ്ങളേതും കാണുവാനാകാതെഞാൻ വലഞ്ഞു
പന്ത്രണ്ടു വത്സരങ്ങൾ കണ്ണിമ ചിമ്മാതെ
രാപ്പകലുകൾ അറിയാതെ കാത്തു നിന്നു
അശ്രദ്ധയാൽ അന്നൊരു സന്ധ്യാവന്ദനവേളയിൽ
നനയാതിരുന്ന നിൻ കണങ്കാലിലൂടെയാ
നിഷാധരാജാവേ നിൻ മേനി പോലും അറിയാതെ
കലിയാം ഞാൻ നിന്നുള്ളിൽ പ്രവേശിച്ചുപോയി
എൻ ആഗമനവും ദുർനിമിത്തങ്ങളും നീ അറിഞ്ഞതില്ല
നിന്നിലെ ധർമ്മ ചിന്തകൾ മൺപുറ്റ് പോലെതകർന്നുവീണു
എൻ്റെ പ്രേരണയാൽ വെല്ലുവിളികളുമായ് എത്തിയ സഹോദരനോട്
പന്തയങ്ങൾ നിരത്തി ചൂതുകളിച്ചു രാജ്യവുംസമ്പത്തുമെല്ലാം ഒടുങ്ങി
എങ്കിലും നീ പ്രിയ ദമയന്തിയെ പിരിഞ്ഞതില്ല
എൻ ലക്ഷ്യമാം നിങ്ങളുടെ വേർപാടിനായി
വനാന്തരങ്ങളിൽ അലയും നിൻ ഏക വസ്ത്രം
കൗശലത്താൽ ഞാൻ അപഹരിച്ചു നീ നഗ്നനായി
പതിവ്രതയാം ദമയന്തി പാതിച്ചേലയാൽ
നിന്നിലെ നാണം മറച്ചവൾ നിന്നോടു ചേർന്നു നിന്നു
ആ കാഴ്ച്ചയിൽ കടുത്ത ക്രോധത്താൽ ഞാൻ
രാത്രി തൻ ശീതളതയിൽ നിങ്ങളിരുവർ മയങ്ങവേ
നിൻ്റെ ചിന്തകളിൽ നീ ദമയന്തിയിൽനിന്നുമകലുവാൻ
പ്രണയത്താൽ ഒളിപ്പിച്ചു നീചമാം പ്രേരണനിനക്കേകി ഞാൻ
ഗാഢമാം നിദ്രയിലാണ്ട ദമയന്തി തൻ പാതി ചേലമുറിച്ചു
ആ വഴിയമ്പലത്തിൽ അവളെ തനിച്ചാക്കി നീ ഇരുളിൽ മറഞ്ഞു
തൊല്ലൊന്ന് സന്തോഷ ചിത്തനായി ഞാൻ
ആലസ്യമോടെ നിന്നുള്ളിൽ മയങ്ങീടവെ
കാട്ടു തീയിലകപ്പെട്ട് ഉഴറുന്ന നാഗലോകാധിപനാം
നാഗരാജൻ കാർക്കോടകനെ കണ്ടമാത്രയിൽ
നിന്നിലെ ധർമ്മ ചിന്തകൾ വീണ്ടും ഉണർന്നു
ആളി പടരും ഘോരമാം അഗ്നിയിൽ നിന്നും
നീ കനിവേടെ ആ നാഗശ്രേഷ്ഠന് രക്ഷയേകി
ആനന്ദാശ്രുക്കളോടെ കാർക്കോടകൻ നിന്നെ ദംശിച്ചു
കാർക്കോടക വിഷത്താൽ നീ വിരൂപനായ്
നിൻ മേനയിൽ കറുത്ത വ്രണങ്ങളാൽതളരവെ
അസഹ്യമാം വേദനയാൽ നിന്നുള്ളിൽ പുളഞ്ഞു ഞാൻ
എൻ കരങ്ങൾ തളർന്നു ശക്തിക്ഷയിച്ചു
നിൻ ശരീരം വിട്ടു പുറത്തുചാടുവാൻ തുനിയവെ
സ്വന്ത രൂപം കണ്ട് ശോക ചിത്തനായ നിന്നെ നോക്കി പുഞ്ചിരിതൂകി
വരപ്രസാദമായി ദിവ്യമാം വസ്ത്രമേകിയാനാഗരാജൻ ചൊല്ലിനാൻ
ദമയന്തി സമക്ഷം നീ ഈ വസ്ത്രം ധരിക്കുകിൽ
പാചകനിപുണനാംരാജാവേ നിൻ കോമളരൂപം തിരികെ ലഭിച്ചിടും
ആ വിദർഭരാജകുമാരി ദുഃഖങ്ങൾ വെടിഞ്ഞ്
പ്രണയത്താൽ നിന്നെ വാരി പുണരും
ഇനിയൊട്ടും വിളംബം കൂടാതെ പോവുക
അയോദ്ധ്യാ മന്നവൻ ഋതുപർണ്ണനു തേരാളിയായ് സേവചെയ്യുക നീ
എന്ന ഉപദേശമോടെ ആ നാഗരാജാവ്വിടചൊല്ലീടവെ
വ്രണങ്ങളിലുയരും നൊമ്പരത്താൽ വലഞ്ഞ്
ഞാൻ ബലഹീനനായി തീർന്നിരുന്നെങ്കിലും
നീ ദിവ്യവസ്ത്രം ധരിക്കുമാ നിമിഷത്തിൽ
എൻ്റെ ശക്തി തിരികെ ലഭിക്കുമെന്നോർത്ത്
കാർക്കോടക വിഷത്താൽ പുളയുന്ന നോവുമായി ഞാൻ
ആ തളർച്ചയിലും നിന്നുള്ളിൽതന്നെ വസിച്ചു
വ്യാജമാം ദമയന്തി സ്വയംവര വാർത്ത കേട്ട്
അയോദ്ധ്യാരാജാവ് നിന്നോട് ചേർന്ന് യാത്ര തിരിക്കവേ
വ്രണങ്ങളിൽ നീറുന്ന നോവിലും
തെല്ലാശ്വാസമോടെ നിന്നു ഞാൻ
പക്ഷെ ഇന്ന് ഈ താന്നി വൃക്ഷ ചുവട്ടിലിരുന്ന്
ഋതുപർണ്ണ രാജാവിൻ്റെ കൃപയാൽ നീജ്ഞാന മന്ത്രമാം
അക്ഷഹൃദയ മന്ത്രം ഗ്രഹിച്ചാ നിമിഷത്തിൽ
നളരാജകുമാരാ നിന്നിലുയർന്ന താപത്താലും
കാർക്കോടക വിഷത്തിൻ തീവ്രതയിലും
എന്നുള്ളം വെന്തുരുകി വിഷം തുപ്പി ദുർബലനായി
നിൻ മേനിയിൽ വസിക്കുവാനാകാതെ വീണു പോയി ഞാൻ
പുണ്യശ്ലോകനായ രാജാവേ, ശപിക്കാതെ വിടയേകീടണെ
ഭക്തിയോടെ നളചരിതം ചൊല്ലുന്ന മാനവരിൽ
കലിയുഗത്തിൽ പോലും ഞാൻ വസിക്കുക യില്ല ഒരിക്കലും
നിനക്ക് വരമായി നൽകീടുന്നു ഞാനിതു സത്യം
കോപാകുലനാം നളൻ സ്തബ്ധനായി നിൽക്കവേ
കലി താന്നി വൃക്ഷത്തിൽ കയറി മറഞ്ഞു
അശുഭകരമാം കലികാലത്തിൻ്റെ പിറവിയായ്
കലിയുടെ പ്രഭാവത്തിൽ താന്നി വൃക്ഷ ചില്ലകൾ ഉലഞ്ഞു
ഇലകൾ പഴുത്ത് കാറ്റിൽമെല്ലെ പൊഴിഞ്ഞു വീഴവെ
ഇഷ്ടതോഴൻ ദ്വാപരൻ വിതുമ്പി കലിയോട് യാത്ര ചൊല്ലി മറഞ്ഞു
