രചന : നൗഷാദ് അറക്കൽ ✍️
നിങ്ങളുടെ ഇന്നത്തെ പ്രഭാതഭക്ഷണം എന്തായിരുന്നു എന്ന് സോഷ്യൽ മീഡിയയിൽ കണ്ട ചോദ്യം കണ്ടപ്പോൾ പെട്ടെന്ന് മനസ്സിലേക്ക് വന്നത് നാട്ടിലെ വിശേഷങ്ങളാണ്
സത്യം പറഞ്ഞാൽ ഇന്ന് രാവിലെ ഒന്നും കഴിച്ചില്ല
പണിയുടെ ഭാരം കൊണ്ട് എഴുന്നേൽക്കാൻ തന്നെ നേരം വൈകി ചെടപെട എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങൾ കഴിഞ്ഞ് കമ്പനിയിലേക്ക് ഓടുന്നതിനിടയിലാണ്
വീട്ടിലേക്ക് ഒന്ന് വിളിച്ചത്
മക്കളെയെല്ലാം സ്കൂളിലേക്ക് പറഞ്ഞയച്ച് സമാധാനമായി ചായ കുടിച്ചിരിക്കുകയാണ് അവൾ ഫോണിലൂടെ
അവൾ ചോദിച്ചു ഇക്കാ വല്ലതും കഴിച്ചോ എന്ന്
അവൾ ചോദിച്ചതിന് മറുപടി പറയാതെ ഞാൻ തിരിച്ചു ചോദിച്ചു എന്താ അവിടെ വെട്ടി വിഴുങ്ങുന്നത് 😁
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ഇക്കാക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവം തന്നെയാണിത് ഇത് കഴിക്കുമ്പോൾ ഇക്കായെ ഒന്ന് ഓർത്തുപോയി
അത് എന്താണെന്ന് ഞാൻ വീണ്ടും ചോദിച്ചു?
അപ്പോൾ വന്ന മറുപടി മുട്ട പത്തിരി നല്ല പാലും പഞ്ചസാരയും ചേർത്തൊരു പിടുത്തം കൂട്ടത്തിൽ ഒരു ചെറുപഴവും
ഇതുകേട്ടപ്പോൾ എന്റെ വയറ് നിറഞ്ഞു എന്റെ വിശപ്പൊക്കെ അങ്ങ് മാറി എന്തായാലും ജീവൻ നിലനിർത്തണമല്ലോ ഒടുവിൽ വഴിയരികിൽ നിന്ന് ഒരു സാന്റ്‌വിച്ച് വാങ്ങി ഇന്നത്തെ എന്റെ പ്രഭാതം തുടങ്ങിയത്
പക്ഷേ ഈ ചോദ്യവും ഉത്തരവും ഇവിടെ അവസാനിക്കുന്നില്ല ഞാനുൾപ്പെടെയുള്ള ഭൂരിഭാഗം പ്രവാസികളുടെയും ജീവിതം ഇതാണ്
നാട്ടിലുള്ളവരെ സുഖസൗകര്യങ്ങളോടെ താമസിപ്പിക്കാനും നല്ല വസ്ത്രം ഉടുപ്പിക്കാനും അവർക്ക് വിശാലമായ വീട്ടിൽ ആഹാരം വിളമ്പാനും വേണ്ടി ഞങ്ങൾ ഇവിടെ മണ്ണും വിണ്ണും നോക്കാതെ അധ്വാനിക്കുന്നു
നാട്ടിൽ വലിയ മാളികകൾ പണിതുയർത്തുമ്പോൾ ഞങ്ങൾ ഇവിടെ പതിനഞ്ച് പേർ ഒറ്റ ബെഡിൽ ബെഡ് ബഗ്ഗിന്റെ കടിയും സഹിച്ചും ശ്വാസം മുട്ടുന്ന ചെറിയ മുറികളിൽ ജീവിതം തള്ളിനീക്കുന്നു
ഞങ്ങൾ ഇവിടെ ഉണ്ണാതെയും ഉറങ്ങാതെയും കഷ്ടപ്പെടുന്നത് നാട്ടിലുള്ളവരുടെ സന്തോഷത്തിന് വേണ്ടിയാണ് ഞങ്ങളുടെ ശരീരത്തിലെ ഓരോ തുള്ളി വിയർപ്പും ഓരോ നേരത്തെ ഭക്ഷണവും ഈ കിടപ്പുമുറികളിലെ തിക്കും തിരക്കും എല്ലാം ആ വീടിന്റെ സുരക്ഷിതത്വത്തിന് വേണ്ടിയാണ്
ഒരു ചോദ്യത്തിന് ഞാൻ കൊടുത്ത മറുപടി എന്നതിലുപരി ഞങ്ങളുടെ പച്ചയായ ജീവിതചരിത്രമാണിത്
പ്രവാസിയുടെ ജീവിതം എന്നും ഒരു ചോദ്യചിഹ്നമാണ് ഓരോ ദിവസവും ഒരു പോരാട്ടമാണ്
നാട്ടിലെ മാളികയിൽ സുഖമായിറങ്ങുവാൻ
ചേർത്തു വെക്കുന്നു
വിയർപ്പിൻ തുള്ളികൾ
ഇവിടെ ഞാൻ വെറും പതിനഞ്ചിൽ ഒരാളായ്
ബെഡ് ബഗ്ഗുകൾ തൻ പാട്ടുകൾ കേൾക്കുന്നു
വിശപ്പടക്കാതെയുമെന്നും പുഞ്ചിരിതൂകുന്നു
എന്റെ പ്രവാസം ഒരു കാവലായ് തുടരുന്നു
