പൊടുന്നനെ ഒരു ഞായർ അർദ്ധരാത്രിയിൽ ജാനുവേച്ചിയുടെ പ്രൊഫൈലിൽ
സബ്സ്ക്രൈബ് ഓപ്ഷൻ പ്രത്യക്ഷപെട്ടു;
അമ്മയ്ക്ക് ഇൻസുലിൻ വാങ്ങാൻ
നീക്കി വച്ച പണം മാത്രം ബാക്കി നിൽക്കുന്ന കാർഡ് ഉരച്ചു സ്പോട്ടിൽ ഞാൻ കന്നി സബ്സ്ക്രൈബനാക്കപ്പെട്ടു .
ആകാംക്ഷയുടെ വെള്ളി വെളിച്ചത്തിന്
ജാനു ചേച്ചിയുടെ മേനിത്തിളക്കം,തുറക്കപ്പെട്ട സബ്സ്ക്രൈബ് ലോകത്തിൽ പുതുതായി ഒന്നുമില്ല,അനന്തമായ ശൂന്യത മാത്രം. സബ്സ്ക്രൈബപെട്ടവരുടെ ലിസ്റ്റിൽ എന്റെ ഏകാന്തവാസം ഒരാഴ്ച പിന്നിട്ടപ്പോഴും നിത്യ ശൂന്യത മാത്രം ബാക്കിയാകുന്നു.
നിരാശൻ!
ഹതാശൻ!
ധന നഷ്ടൻ !
സമയ നഷ്ടൻ !
മാനഹാനി പേറുന്നവൻ !
‘പണം മുടക്കിയവൻ ദൈവം അല്ല്യോ!
ഉപഭോക്തൃ കോടതിയിൽ കേസ് കൊടുക്കണം പിള്ളേച്ചാ’ ന്ന് മനസാക്ഷി കയറു പൊട്ടിക്കുന്നു,
എന്നാലും അതിന് മുൻപേ ജാനുചേച്ചിയോടുള്ള ഇരിപ്പ് വശം കണക്കിലെടുത്തു ഒരു അനുനയ സമീപനം തികച്ചും ന്യായമാണ്.
“ചേച്ച്യേ..,.ചേച്ച്യേ…..”
(ഞാൻ ഇൻബോക്സിൽ മുട്ടി വിളിച്ചൂ)
“എന്നാ മോനെ ഈ പാതി രാത്രിയിൽ?പച്ചപ്പുല്ല് കണ്ട പശുവിനെ പോലെ..!”
“പണം തരുന്നവനോട് നീതി കാണിക്കേണ്ടായോ?”
“തീർച്ചയായും മോനെ, അതല്ലേ കച്ചവട നീതി.”
(ജാനു ചേച്ചിയുടെ ഉള്ളിലെ നീതി ദേവത കാട്ടൂതീയായി )
“1000 രൂപയ്ക്ക് സബ്സ്ക്രൈബ് ചെയ്തിട്ട് ഇപ്പൊ ഒരാഴ്ച തികയുന്നു, അമ്മയ്ക്ക് ഇൻസുലിൻ വാങ്ങാൻ വച്ച പൈസയാ,ഇന്ന് എന്തേലും ഇടും, നാളെ ഇടും, ഇപ്പൊ ഇടും എന്നൊക്കെ ഓർത്ത് ഓരോ രാത്രിയും എന്റെ കണ്ണിൽ തിളച്ച എണ്ണയാ.. “
“😁😁…..”
(ചേച്ചിയുടെ പരിഹാസച്ചിരി )
“ചേച്ചീ…..”
(ഞാൻ തീർത്തും ദയനീയൻ )
“മോന് ഇപ്പൊ എന്നാ വേണ്ടേ? ഞാൻ അതൊരു കൗതുകപ്പുറത്ത് ചെയ്തിട്ടത് 🤷🏾‍♂️ആ 1000രൂപ ഞാൻ അങ്ങോട്ട് തരാം പോരെ?”
(ചേച്ചി കൈ മലർത്തി )
“പോരാ…പൈസ വേണ്ട, ചേച്ചി എന്റെ പണത്തിനു മൂല്യം തന്നാൽ മാത്രം മതി, അമ്മയുടെ ഇൻസുലിൻ വാങ്ങാൻ വച്ച കാശാ “
“നിന്റെ അമ്മേടെ ഇൻസുലിൻ “
“ചേച്ചീ, ഒരു ഫോട്ടോ എങ്കിലും ഇടൂ..”
“ഫോട്ടോ പ്രൊഫൈലിൽ ഉണ്ടല്ലോ കുട്ടാ “
“അത് എല്ലാർക്കും കൂടി ഉള്ളതല്ലേ!ഇത് സബ്സ്ക്രൈബ് ചെയ്തവർക്ക് മാത്രമായ എന്തേലും…..(ഞാൻ നാണിച്ചു നഖം കടിച്ചു).., കാലോ, കയ്യോ, കഴുത്തോ….., എന്തേലും മതി “(ഇന്നലെ നഖം മുഴുവൻ വെട്ടേണ്ടായിരുന്നു എന്നോർത്തു )
അപ്പുറം എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നു, ഇപ്പുറം ഒരു ഹൃദയം ഇപ്പൊ പൊട്ടി തെറിച്ചാൽ ലോകം അപ്പാടെ ഭസ്മമാകുമെന്ന് തോന്നിപ്പിക്കും പോലെ മിടിക്കുന്നു…
“മോൻ ഇത്ര കേണ് പറയുന്നതല്ലേ, ഇടാം, പാർട്സ് പാർട്സ് ആയി ഇടുന്നതിൽ ഒരു രസമില്ല, മുഴുവനായി തന്നെയിടാം.. അതല്ലേ അതിന്റെ ഒരു ഇത്?”
“അത് വേണ്ട ചേച്ചി, ആകാംക്ഷ പോകും, ത്രില്ല് കുറയും”
അപ്പുറം അനന്തമായ ടൈപ്പിംഗ്‌ നീളുന്നു…
ഇപ്പുറം ഘോരമായ നെഞ്ചിടി മുറുകുന്നു …
അല്പ നേരം കഴിഞ്ഞ് മെസ്സേജ്
“കുട്ടൻ ഇപ്പൊ ചേച്ചിയുടെ പ്രൊഫൈൽ നോക്കിക്കേ “
ഞാൻ വിയർത്ത കൈകൾ ഊതി ഉണക്കി സ്‌ക്രീനിൽ ഞെക്കുന്നു..ചേച്ചിയുടെ പ്രൊഫൈൽ…അതിപ്പോൾ അണ്ടി പോയ അണ്ണാനെ പോലെ സബ്സ്ക്രൈബ് ഓപ്ഷൻ ഇല്ലാത്ത വെറും നിർഗുണ പ്രൊഫൈൽ…
“ചേച്ചീ……. “
ഞാൻ ഹൃദയം തകർന്ന് വിളിച്ചൂ..
“പോയി കിടന്നുറങ്ങടാ ചെക്കാ”

ശുഭം
Disclaimer :ഈ പോസ്റ്റിന്റെ നിർമാണ വേളയിൽ സ്ത്രീകളോ പശുക്കളോ ഉപദ്രവിക്കപ്പെട്ടിട്ടില്ല

രാ ഗേ ഷ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *