തുഞ്ചൻ്റെ പൈങ്കിളി രാമായണക്കിളി
രാമായണം പാടി കൊഞ്ചുന്ന പൈങ്കിളി
കോസലരാജകുമാരനു പൂമാലചാർത്തിയ
മിഥിലാപുരിയിലെ രാജകുമാരിയെ നീകണ്ടിരുന്നോ
ആരണ്യകാണ്ഡത്തിൽ സ്വർണ്ണമാനിനെ
കണ്ടു മോഹിച്ചു കാന്തനോടു ശാഠ്യം പിടിക്കും
രഘുരാമനു പ്രിയപത്നിയാം ജാനകിദേവിയെ
രാമായണം കഥപാടുമ്പോൾ നീ കണ്ടിരുന്നോ
രാവണ രാജൻ്റെ രാജ്യമാം ലങ്കാപുരി തന്നിൽ
വസന്ത ശീതള സുന്ദരമാം അശോകവനിയിൽ
മാരുതി വീരൻ ഇരുകൈകൾ കൂപ്പിപ്രണമിച്ച
ശോകചിത്തയാം സീതയെ നീ ഇന്നു കണ്ടുവോ
കരുണാനിധിയാം മാമുനി തൻ ആശ്രമത്തിൽ
ജനകപുത്രി തൻ വേദന നീ അറിഞ്ഞിരുന്നോ
അവളുടെ ഓമന ഉണ്ണികളെ നീ കണ്ടിരുന്നോ
ആ ഭൂമിപുത്രിയുടെ രോദനം നീ കേട്ടിരുന്നോ
രാമായണം കഥ പാടുന്ന ശാരിക പൈങ്കിളി
തുഞ്ചൻ്റെ കളിത്തട്ടിൽ കൊഞ്ചുന്ന തത്തേ
ഇനിയും കതിർമണികൾ കൊത്തി നീ പാടുക
ഈ കർക്കിടക സന്ധ്യയുടെ പുണ്യത്തിനായ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *