രചന : പ്രിയബിജു ശിവകൃപ ✍️
ട്രെയിനിന്റെ ചൂളംവിളി കാതിൽ മുഴങ്ങിയപ്പോൾ കാർത്തിക് ഓർമ്മകളിൽ നിന്നുണർന്നു. കുറച്ചു നേരത്തേക്ക് അവനു സ്ഥലകാല ബോധമുണ്ടായില്ല…
പിന്നെ പതുക്കെ പിടികിട്ടി. താനൊരു യാത്രയിലാണെന്ന്…
താൻ ട്രെയിനിൽ കയറിയപ്പോൾ മുതൽ തൊട്ടു മുൻപിലത്തെ സീറ്റിൽ ഉണ്ടായിരുന്ന പെൺകുട്ടി അപ്പോഴും അവിടെ ഇരിക്കുന്നുണ്ടായിരുന്നു
.അലസമായ മുടിയിഴകൾ കാറ്റിൽ പാറിക്കളിക്കുന്നു. പുറത്തേക്ക് നോക്കിയിരിക്കുകയാണവൾ.
മൂന്നാമത്തെ ദിവസമായിട്ടും പരസ്പരം മിണ്ടിയില്ല ഇതു വരെ.. ഇടയ്ക്ക് അവൾ മന്ദ ഹസിക്കാറുണ്ടായിരുന്നു
അവൾ അവന്റെ നേരെ നോക്കി എവിടെയോ കണ്ടുമറന്ന പരിചിതഭാവം കയറിയപ്പോൾ മുതൽ അവളുടെ മുഖത്തുണ്ടായി രുന്നുവെന്ന് അവനോർമ്മിച്ചു. ഒരു ചെറു പുഞ്ചിരി അവൾ അവനു സമ്മാനിച്ചു..
“ട്രെയിൻ എത്താറായി എന്ന് തോന്നുന്നു അല്ലേ? “.
അവൾ വീണ്ടും ചോദിച്ചു.
” ഉം “
കാർത്തിക് വെറുതെ മൂളി
തിരുവനന്തപുരത്തു നിന്നും ചെന്നൈ വഴിയുള്ള ട്രെയിനിലാണ് കയറിയത്. ഇത് മൂന്നാമത്തെ ദിവസം. നീന തന്റെ അരികിൽ ഉണ്ട്… ചുവന്ന പട്ട് കൊണ്ടു മൂടിയ മൺകുടത്തിനുള്ളിൽ. ഒരുപിടി ചാരമായി…
അവനൊന്നു നിശ്വസിച്ചു.. കണ്ണുകളിൽ ഇരുൾ പടരുന്നതുപോലെ തോന്നി.കുടത്തിലേക്ക് നോക്കുമ്പോൾ നെഞ്ചിൽ ഭാരം പോലെ.
” എന്താ ഒരു വിഷമം പോലെ.. ബുദ്ധിമുട്ടുണ്ടെങ്കിൽ പറയേണ്ട.. എല്ലാം മാറും കാശി വിശ്വനാഥനെ കണ്ടു കഴിയുമ്പോൾ “
അവൾ പുഞ്ചിരിയോടെ പറഞ്ഞു.
എന്തോ അവനൊരു സമാധാനം തോന്നി അവളുടെ വാക്കുകൾ കേട്ടപ്പോൾ.
” എന്റെ പെണ്ണിന് മോക്ഷം കിട്ടാനുള്ള യാത്രയിലാണ് ഞാൻ.. രണ്ടു വർഷം മുൻപ് നടന്ന ഒരു വാഹനാപകടത്തിൽ അവൾ പോയി. അഞ്ചുദിവസത്തോളം അനക്കമില്ലാതെ കിടന്നു അവൾ..
പക്ഷെ അവൾക്കു എന്റെ സാമീപ്യം അറിയാമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം അവളുടെ കണ്ണിൽക്കൂടി കണ്ണുനീർ ഒഴുകിയിറങ്ങിയിരുന്നു ‘
” ഓഹ്.. സോറി.. ഞാനറിഞ്ഞില്ല. പോട്ടെ എല്ലാം വിധിയാണെന്ന് വിചാരിച്ചാൽ മതി “
“അവളുടെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കണമെന്ന ആഗ്രഹം മനസ്സിൽ തോന്നി.അതാണീയാത്ര.. പക്ഷെ ഇനി തിരിച്ചൊരു മടക്കമില്ല. രണ്ടു വർഷത്തോളം വേണ്ടി വന്നു എന്റെ മനസ്സ് അല്പമെങ്കിലും നേരെയാവാൻ.. അപ്പോൾ വന്ന ചിന്തയാണ് ഇനിയുള്ള ജീവിതം ആ മണ്ണിൽ വേണമെന്ന്… “
കുട്ടിയും അങ്ങോട്ടാണല്ലേ?
” ഞാൻ ഗായത്രി.ഒരു നന്ദി അറിയിക്കാൻ പോവാ ഭഗവാനോട്, കൈവിട്ടു പോയ ജീവിതം തിരികെ കിട്ടിയതിന്.
അവൾ പറഞ്ഞത് എന്താണെന്ന് പിടികിട്ടിയില്ലെങ്കിലും അവൻ മൗനമായിരുന്നു
വാരാണസി..
.”ട്രെയിനിന്റെ വേഗത കുറഞ്ഞു വന്നു. അപ്പോൾ അനൗൺസ്മെന്റ് മുഴങ്ങി.
കാർത്തിക് സീറ്റിൽ നിന്നും എഴുന്നേൾക്കുന്നില്ലെന്ന് കണ്ടപ്പോൾ അവൾ മെല്ലെ ചോദിച്ചു
” ഇറങ്ങുന്നില്ലേ “
കാർത്തിക് സീറ്റിൽ നിന്നും എഴുനേറ്റു.
” ഞാൻ ദശാശ്വമേധ് ഘട്ടിൽ ഉണ്ടാവും.ഇങ്ങോട്ട് വരുന്നതിനു മുൻപ് സ്ഥലത്തിന്റെ പേരൊക്കെ നന്നായി പഠിച്ചിരുന്നു..
പിന്നെ ഇവിടെ എന്റെ മണി മാമനുണ്ട്. ഇവിടെ എത്തിയിട്ട് വിളിക്കാൻ പറഞ്ഞിരുന്നു. അദ്ദേഹവും ഭാര്യയും മാത്രമേയുണ്ടായിരുന്നുള്ളു എനിക്കും അമ്മയ്ക്കും .മാമി കഴിഞ്ഞ വർഷം മരിച്ചു.. മാമിയുടെ ചിതാഭസ്മവും കൊണ്ട് ഇങ്ങോട്ടേക്കു പോന്നതാ മാമൻ. എന്റെ അമ്മയ്ക്ക് സുഖമില്ല.. അതാ ഞാൻ ഒറ്റയ്ക്ക് വരേണ്ടിവന്നത്
അവൾ വാ തോരാതെ സംസാരിക്കുന്ന ഒരാളാണെന്ന് അയാൾക്ക് മനസ്സിലായി തന്റെ നീനയും അതുപോലെ ആയിരുന്നു എന്നവനോർത്തു.
ഇവിടെ മണികർണ്ണിക ഘട്ടിൽ ചിതാ ഭസ്മം ഒഴുക്കാൻ സൗകര്യം ഉണ്ടെന്നാണ് അറിവ്…ഇല്ലെങ്കിൽ മാമൻ വന്നിട്ട് പോകാം. റൂം എടുക്കാനൊക്കെ മാമൻ സഹായിക്കും “
” വേണ്ട… അല്ലെങ്കിലും എനിക്ക് ഇനി ഇവിടെ പരിചിതമാവേണ്ടതാണല്ലോ? ഞാൻ കണ്ടുപിടിച്ചോളാം “
അയാൾ തിരിഞ്ഞു നോക്കാതെ നടന്നുപോകുന്നതും നോക്കി അവൾ നിന്നു… എന്നിട്ട് ഫോണെടുത്തു മണിമാമനെ വിളിച്ചു.
അവിടെ വന്നതിന്റെ പിറ്റേദിവസം അയാൾ ചിതാ ഭസ്മം ഒഴുക്കുവാനായി പോയി
തലേ ദിവസം വന്നപ്പോൾ തന്നെ റൂം എടുത്തിരുന്നു
മണികർണ്ണിക ഘട്ടിൽ, ഗംഗയുടെ മാറിലേക്ക് തന്റെ പ്രിയപ്പെട്ടവളുടെ തിരുശേഷിപ്പുകൾ ഒഴുക്കിയ ശേഷം അയാൾ പൊട്ടിക്കരഞ്ഞു…
“കഴിഞ്ഞു അവളുടെ ഈ ഭൂമിയിലെ ബന്ധനങ്ങൾ..”
അയാൾ പിറുപിറുത്തു
” ആരു പറഞ്ഞു കഴിഞ്ഞുവെന്ന്, കഴിഞ്ഞിട്ടില്ല, ഇനിയും പുലരാനിരിക്കുന്നു പുതുവസന്തങ്ങൾ “
തൊട്ടു പിന്നിൽ ഗാoഭീര്യമുള്ള വാക്കുകൾ കേട്ട് കാർത്തിക് തിരിഞ്ഞു നോക്കി… ഒരു സന്യാസിയായിരുന്നു.കാവി വസ്ത്രങ്ങൾ നീണ്ട താടിയും മുടിയും.
കാർത്തിക് ഒന്നും മനസ്സിലാവാതെ അദ്ദേഹത്തെ മിഴിച്ചു നോക്കി.
” സംശയിക്കേണ്ട… വാമഭാഗം പൂർണ്ണമായും വിട്ടുപോയിട്ടില്ല, വിട്ടുപോവില്ല, ഇനിയുമുണ്ട് കർമ്മബന്ധങ്ങൾ.അത് പൂർത്തിയാക്കാതെ വിട്ടുപോകുവതെങ്ങനെ? “
” സ്വാമി എനിക്കൊന്നും മനസ്സിലാകുന്നില്ല. “
” എല്ലാം വഴിയേ മനസ്സിലാകും. കാശിനാഥൻ തുണ “
അയാൾ പഞ്ചാക്ഷരി മന്ത്രമുരുവിട്ട് മുന്നോട്ട് നീങ്ങി..
“കാർത്തിക് “
തന്റെ പേര് ചൊല്ലി വിളിക്കുന്നത് കേട്ട് അയാൾ നോക്കിയപ്പോൾ തന്റെ തൊട്ടടുത്ത മുറിയിലെ രാമേട്ടനാണ്… മലയാളി ആയതിനാൽ ചെന്നപ്പോഴേ പരിചയപ്പെടാൻ കഴിഞ്ഞു.. അവിടുത്തെ കാര്യങ്ങളെല്ലാം രാമേട്ടൻ വിവരിച്ചു കൊടുത്തു.
” നമുക്ക് ഗംഗാ ആരതി കാണാൻ പോകണം. അത് സന്ധ്യാ സമയത്ത് ആണ്. സൂര്യാസ്തമനം കഴിഞ്ഞതിനു ശേഷം “
കാർത്തിക് തല കുലുക്കി
സന്ധ്യാ സമയം
അനേകം വിളക്കുകൾ തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു.. ദീപങ്ങൾക്കിടയിലൂടെ ധൂമപടലങ്ങൾ മുകളിലേയ്ക്കുയർന്നു.കാവി വസ്ത്രധാരികളായ സന്യാസിമാരാണ് ഗംഗാ ആരതി ചെയ്യുന്നത്.
നാനാ ദേശങ്ങളിൽ നിന്നും അനേക ജനങ്ങൾ അവിടെ എത്തിയിട്ടുണ്ടാകുമെന്ന് കാർത്തിക് ഓർത്തു.
മന്ത്രോച്ചാരണങ്ങളാൽ അവിടം മുഖരിതമായി.
മനസ്സിൽ വല്ലാത്തൊരു ശാന്തത നിറയുന്നത് അവനറിഞ്ഞു.
“ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും ജീവിതത്തിന്റെ തിരക്കുകളും ഭാരങ്ങളും അലിഞ്ഞുപോകുന്നതുപോലെ അനുഭവപ്പെടും. ഗംഗയുടെ അനന്തമായ ഒഴുക്ക് ജീവിതവും മരണവും ഒരേ സത്യത്തിന്റെ ഇരുവശങ്ങളാണെന്ന് നിശ്ശബ്ദമായി നമ്മെ ഓർമ്മിപ്പിക്കുന്നു. ആ പുണ്യജലത്തിലേക്ക് നോക്കി നിൽക്കുമ്പോൾ ഉള്ളിൽ പറയാനാകാത്തൊരു സമാധാനം ഉണ്ടാവും “
രാമേട്ടൻ വാചാലനായി
രാവിലെ കണ്ട പെൺകുട്ടിയെ കണ്ടില്ലല്ലോയെന്ന് കാർത്തിക് ഓർത്തു. ഇവിടെ കാണാമെന്നല്ലേ അവൾ പറഞ്ഞത്.
അവന്റെ കണ്ണുകൾ ചുറ്റും പരതി.. അതിനിടയിൽ അവൻ കണ്ടു രണ്ടു കണ്ണുകൾ തന്നെ തന്നെ നോക്കുന്നത്.
അവനു ആളെ മനസ്സിലായില്ല.. അയാൾ അടുത്തേക്ക് വന്നു.
“മോനു എന്നെ മനസ്സിലായില്ലേ?”
അന്ന് ഹോസ്പിറ്റലിൽ വച്ചു കണ്ടതാ നമ്മൾ “
കാർത്തിക്കിന് പെട്ടെന്ന് ആളെ മനസ്സിലായി.. തന്റെ നീനയുടെ അവയവങ്ങളിൽ ഒന്ന് ഇദ്ദേഹത്തിന്റെ അനന്തരവൾക്ക് ആയിരുന്നു നൽകിയത്.. അന്ന് തനിക്ക് ആദ്യം താല്പര്യം ഉണ്ടായിരുന്നില്ല.. അവയവ ദാനത്തിന്. പക്ഷെ ഡോക്ടർ ഡാനിയേൽ പറഞ്ഞ വാക്കുകൾ തന്റെ ഹൃദയത്തിൽ പതിഞ്ഞു.
“തന്റെ ഒരു വാക്ക് കൊണ്ടു നാലഞ്ച് ജീവനുകൾ രക്ഷപ്പെടും.”
അങ്ങനെയാണ് അനുമതിപത്രത്തിൽ താൻ ഒപ്പിട്ട് കൊടുത്തത്
ബാലചന്ദ്രൻ ചേട്ടൻ
” ചേട്ടനെന്താ ഇവിടെ “
” ഞാൻ ഇവിടെയാണിപ്പോൾ.. ജന്മനിയോഗങ്ങൾ നമ്മെ ഇവിടെ കൊണ്ടെത്തിക്കും. ഇപ്പോൾ ഇവിടെ പൂജാ സാധനങ്ങൾ വിൽക്കുന്ന കട നടത്തുകയാണ് ഞാൻ… ങാ ഒരു കാര്യം പറയാൻ വിട്ടുപോയല്ലോ… അവൾ ഇവിടെയുണ്ട് എന്റെ കൂടെ… മോന്റെ കാരുണ്യത്താൽ ജീവിക്കുന്നവൾ… “
” മോളെ ഗായത്രി “
അയാൾ ആരതി കണ്ടുകൊണ്ടു നിന്നിരുന്ന ഒരു പെൺകുട്ടിയെ നോക്കി വിളിച്ചു..
അവൾ തിരിഞ്ഞപ്പോൾ കാർത്തിക്ക് അമ്പരപ്പോടെ കണ്ടു..
ട്രെയിനിൽ ഒപ്പമുണ്ടായിരുന്ന പെൺകുട്ടി..
ന്റെ ദൈവമേ എന്റെ നീനയുടെ ഹൃദയം പേറുന്നവളോടൊപ്പമാണോ താൻ മൂന്നു ദിവസത്തോളം സഞ്ചരിച്ചത്.. ഇതാണോ അവളുടെ മണി മാമൻ
മണികർണ്ണികയിൽ വച്ചു കണ്ട സന്യാസി പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് കാർത്തിക്കിന് മനസ്സിലായത്.
അവൾ ഒന്നും മനസ്സിലാവാതെ അവരെ നോക്കി..
” മോളെ… ഇതാണ് നിന്റെ ഹൃദയത്തിന്റെ ഉടമ “
സ്ഥലകാലബോധം നഷ്ടപ്പെട്ടവനെപ്പോലെ കാർത്തിക്ക് അവളുടെ നേരെ ചെന്നു.. പരിസരം മറന്നു അവളെ നെഞ്ചോടണച്ചു..
” നീനാ… എന്റെ നീനാ “
ഗംഗയിലെ ഓളപ്പരപ്പിൽ തെളിഞ്ഞ ദീപങ്ങളുടെ പ്രഭാവലയം അവരുടെ മേൽ പ്രതിഫലിച്ചു…
കാശിവിശ്വനാഥന്റെ തിരുമുറ്റത്തെ മണി ശബ്ദിച്ചു അവർക്കുള്ള അനുഗ്രഹം പോലെ…
