അനുസരണക്കേടിന്റെ
ആദ്യ കടമ്പയിലെത്തി നിൽക്കുന്ന
ബാല്യ കാലത്ത് ..എന്റെ തലയിൽ
കുറെയേറെ കളിക്കണമെന്നും,
ഉറക്കെ ഉറക്കെ വായിക്കണമെന്നും,
വിശപ്പു മാറും വരെ തിന്നണമെന്നും,
കഥ കേട്ട് ഉറങ്ങണമെന്നും
മാത്രമേ വിചാരങ്ങൾ ഉണ്ടായിരുന്നുള്ളു
കളിച്ചു കൊണ്ടിരിക്കുമ്പോൾ
ആരെങ്കിലും വിളിച്ചാലുണ്ടാവുന്ന
അരിശമൊക്കെ തീർക്കാൻ
ആകെ എനിക്കൊരു ഉപാധിയെ ഉള്ളു ,
മുറ്റത്തെ പരമ്പിൽ ഉണക്കാനിട്ടിരിക്കുന്ന
നെല്ലിൽ ചവിട്ടി മെതിച്ചു കടന്നു പോവുകയെന്ന് .
അമ്മയൊക്കെ പാടത്ത് അന്തിയോളം പണീലാവും ,
ആയതിനാൽ അലക്കു ജോലിയൊക്കെ മൂത്തയാളുടെ കുത്തകയാണ്.
സ്കൂളീന്ന് വന്നാൽ ക്രീം ഷർട്ടും.
നീല പാവാടയും ,
മടക്കി മടഞ്ഞു കെട്ടിയ നീല റിബണും അഴിച്ചു മാറ്റണമെന്നും,
കുളിക്കാൻ തോട്ടിലേയ്ക്ക് വരണമെന്നും വല്യേച്ചി ചട്ടം കേൾക്കും .
ഞാനുണ്ടോ അതും വല്ലതും കേൾക്കുന്നു ,
വഴീന്ന് കണ്ടാൽ ഒരാംഗ്യം കാട്ടും.
ഇവിടെ വാടി എന്നതിനെ സംഗ്രഹിച്ചെഴുതുന്നതാണ് ആ നോട്ടം,
അങ്ങനെ തോട്ടില് ഓല കുതിരാനിടും പോലെ
തിരുമ്മലു കഴിയും വരെ ഞങ്ങൾ കളിക്കും,
പിന്നെ കേറാനാണ് പാട്, ആയിടയ്ക്കൊക്കെ തോട്ടിൻ വക്കിൽ
നല്ല ഈരോലിയുണ്ടായിരുന്നു ,
അതിന്റെ മഷിക്കായ പൊട്ടിച്ച് നാക്കിൽ കവിതയെഴുതും ഞാൻ ,
വാടീ എന്നു വിളിച്ചാലും
പോത്തൻ പീര കൊണ്ടുള്ള ഉരയുടെ വേദന ഓർക്കുമ്പോൾ
ഞാൻ തനിച്ചു കുളിച്ചോളാം എന്നു പറയും ,
വൃത്തിയുടെ ഒന്നാംതര ബിരുദക്കാരി അതൊന്നും സമ്മതിക്കില്ല ..
തോലടർത്തും വരെ . ഉരച്ചു കുളിപ്പിക്കും,
തല തോർത്തണതോ അതിലും കേമമാണ്.
അങ്ങനെ അവള് തോർത്തുമ്പോൾ ഞാൻ കാണിക്കാതെ
തിരിഞ്ഞ് തിരിഞ്ഞ് അന്നേ തല തിരിഞ്ഞവളാണ് ഞാൻ .
അന്നത്തെ കാലത്തെ ഞാൻ
വലുതായിത്രെ,
തല തിരിഞ്ഞവളായാലും
വക തിരിവൊക്കെ ലേശം ഉണ്ട് .
ചിലോര് പറയും
ഒട്ടും ഉത്തരവാദിത്വമില്ലാത്തൊരു
കുട്ടീന്ന് …
എന്റെ ഉത്തരവാദിത്വങ്ങളറിഞ്ഞാൽ
അയാള് തല കറങ്ങി വീഴുമായിരിക്കും
അത്രേം ഉണ്ട് …
തല നിവർത്തി പിടിച്ച് നിന്നാലും
ഞാനൊന്ന് ചെരിഞ്ഞു നോക്കും
ന്തോ അതങ്ങനെയാ …

By ivayana