രചന : സന്തോഷ് മലയാറ്റിൽ ✍️
വാതിലില്‍ മുട്ടി
ഒരിക്കല്‍ കൂടി
ആ പിതാവ്
വിളിച്ചു ചോദിച്ചു
”അവനിനിയും വന്നില്ലേ..?”
ഇല്ല,,
ഉത്തരം
നിസ്സഹായതയോടെ
ഇരുള്‍കാഴ്ച്ചകളില്‍
അലിഞ്ഞലിഞ്ഞ്..
അയാള്‍ നിലയ്ക്കാത്ത
പെയ്യുന്ന മഴയിലേക്ക് നോക്കി
എന്തോ പിറുപിറുത്തു.
കാത്തിരിപ്പിന്റെ നീളം
കുറഞ്ഞില്ല.
മഴ തോരാതെ പെയ്തിട്ടും
ചില ചോരക്കറകൾ
മായാതെ കിടന്നു.
അന്വേഷണത്തിന്റെ
പുതിയ പാതകളില്‍
വേരറുക്കപ്പെട്ട വൃക്ഷത്തിന്റെ
ചരിത്രമെഴുതാന്‍
പുതിയ ഭരണാധിപന്‍..
പേരുകള്‍ മാറി,മാറി ..
അടർന്നുവീണിട്ടും
ചുവപ്പ് കല്ലിച്ചുക്കിടക്കുന്ന
മഞ്ചാടിമണിപോലെ
സ്മരണകൾ..
സുഹൃത്തേ,
ഇനിയും നിങ്ങള്‍ക്ക്
ശബ്ദിക്കാനാവുന്നില്ലേ..?
മക്കളെ കാത്തിരിയ്ക്കുന്ന
മാതാപിതാക്കളുടെ
നിലയ്ക്കാത്ത നിലവിളികള്‍ക്ക്
മീതെ പുതിയ വര്‍ണ്ണങ്ങളില്‍
കുറിച്ചിടുന്നതെല്ലാം
ചരിത്രമെന്ന് വാഴ്ത്തുന്ന
ജനതയുടെ ഉത്തരങ്ങൾക്ക്
പിറകെയെല്ലാം
മറവിയെടുക്കാത്ത
ഒരു ചോദ്യം മാത്രം
അവശേഷിക്കുന്നുണ്ട്.
അവരെവിടെ….?

