ഫുട്‌ബോൾ ഒരു മതമായിരുന്നെങ്കിൽ അതായിരിക്കണം ലോകത്തിലെ ഏറ്റവും വലിയ മതം.
ഫുട്‌ബോൾ ഒരു സമൂഹമായിരുന്നെങ്കിൽ അതായിരിക്കണം ലോകത്തിലെ ഏറ്റവും വലിയ സമൂഹം.
അപ്പോൾ ആരായിരിക്കും അവിടെ ദൈവം.
പെലെ,മാറഡോണ,വാൾഡരമ,ബാജിയോ,റൊമാരിയോ,റൊണാൾഡോ, റൊണാൽഡീഞ്ഞോ,സിദാൻ, മെസ്സി,ക്രിസ്ത്യാനോ അങ്ങനെ ആരുമാകാം.
കാലുകൾ കൊണ്ട് മായാജാലവും മാസ്മരികതയും തീർക്കുന്ന അൽഭുത സിദ്ധിയുള്ള മനുഷ്യർ.
കളി മൈതാനങ്ങളെ തീ പിടിപ്പിക്കുന്നവർ.
എട്ടും പത്തും മനുഷ്യരെ വകഞ്ഞു മാറ്റി വെട്ടിതിരിഞ്ഞ് ഒഴിഞ്ഞുമാറി എണ്ണയിട്ട യന്ത്രം കണക്കെ ഗോൾവലകളെ കുലുക്കുന്ന മാന്ത്രിക കാലുകൾ.

തീയുണ്ട കണക്കെ വലകളിലേക്ക് പാഞ്ഞു കയറുന്ന പന്തുകൾ മാത്രമല്ല മഴവില്ലഴകോടെ ഗോൾവലകൾ കുലുക്കുന്ന മനോഹര ദൃശ്യങ്ങൾ വരെയുണ്ട് ഫുട്ബോളിൽ.
വിസ്മയങ്ങൾ തീർക്കുന്ന മായാ കാഴ്ചകൾ നൽകുന്നതാണ് എന്നും ഫുട്ബോൾ എന്ന കായിക വിനോദം.
ലോകത്തെ ഏറ്റവും വലിയ കായിക ഇനമാണ് ഫുട്ബോൾ.
ഒരു പന്തിന് ചുറ്റിലും കുറെയേറെ ആളുകൾ ഓടുന്ന ഈ കളി തന്നെയാണ് ലോകത്തിന് പലപ്പോഴും മുൾമുനയിൽ നിർത്തുന്ന ആവേശം നൽകുന്നതും.
ജാതിയോ മതമോ വർഗ്ഗമോ ഭാഷയോ നിറമോ വേഷമോ രാജ്യത്തിൻ്റെ വലിപ്പ ചെറുപ്പമോ ഒന്നും ഇവിടെ വിഷയമാകുന്നില്ല.

ആരാണ് കൂടുതൽ മികവുറ്റ കളി കാഴ്ച വെക്കുന്നത് അവരെയാണ് ജനങ്ങൾ ആസ്വദിക്കുന്നത്.
കൂടുതലും വ്യക്തികളെ തന്നെയാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നത്.
ഓരോ മികച്ച കളിക്കാരിലൂടെ മാത്രമാണ് രാജ്യങ്ങളോട് ആളുകൾക്ക് താല്പര്യം ജനിക്കുക.
കളിക്കാരുടെ സ്വഭാവ മഹിമയോ വ്യക്തിത്വമോ ഒന്നുമല്ല ഇവിടത്തെ വിഷയം .
അയാളുടെ കാലുകളിൽ നിന്നും ഉതിരുന്ന ത്രസിപ്പിക്കുന്ന മായാജാലം മാത്രമാണ്.
ലാലികയിലൂടെയും ഇംഗ്ലീഷ് പ്രീമിയർ ലീഗുകളിലൂടെയുമൊക്കെയാണ് മികച്ച കളിക്കാരുടെ കളി മികവിനെ പറ്റി ലോകം കാണുന്നതും അറിയുന്നതും.
മറ്റൊന്ന് മാധ്യമ വാർത്തകളാണ്.
കളികളാകുമ്പോൾ ജയപരാചയം സ്വഭാവികമാണ്.
കൂടുതൽ മികച്ച കളിക്കാരുള്ള ടീം അല്ലെങ്കിൽ മികച്ച കളി കാഴ്ച വെക്കുന്ന ടീം തന്നെയാണ് മിക്യവാറും കളികളിൽ ജയിക്കുക.
മറ്റൊന്ന് ഭാഗ്യ നിർഭാഗ്യങ്ങളാണ്.

ചില ദിവസങ്ങളിൽ എത്ര മികവുറ്റ കളി കഴ്ച വെച്ചാലും ചില ടീമുകൾ പരാചയപ്പെട്ടേക്കാം.
പക്ഷേ അന്തിമ വിധി നിർണ്ണയിക്കപ്പെട്ടാൽ പിന്നീടത് ചർച്ചയാകാറേയില്ല.
ജയവും തോൽവിയും അംഗീകരിക്കാൻ ഏവരും തയ്യാറാകുന്നു.
കാരണം അതിനെയാണ് സ്പോട്സ് മാൻ സ്പിരിറ്റ്‌ എന്നു പറയുന്നത്.
കേവലം അഞ്ച് ലക്ഷം പോലും ജനസംഖ്യ ഇല്ലാത്ത കുഞ്ഞൻ രാജ്യങ്ങളുടെ പോലും ദേശീയ ഗാനം ഫിഫയുടെ വേദിയിൽ മുഴങ്ങുന്നുണ്ട്.
നൂറ്റൻപത് കോടിയോളം ജനസംഖ്യ യുള്ള നമ്മുടെ രാജ്യത്തിൻ്റെ ദേശീയഗാനം ലോക ഫുട്ബോൾ വേദിയിൽ മുഴങ്ങി കേൾക്കുന്ന ആ മഹത് സുദിനത്തിന് വേണ്ടി ഇനിയും നമ്മൾ കാത്തിരിക്കുകയാണ്.

ഷാനവാസ് അമ്പാട്ട്

By ivayana