കൈക്കുടന്നയില്‍ ചേര്‍ത്തൊരു നൊമ്പരം
നെഞ്ചിലെ നാളമായ് ബലിയിട്ടു നല്കവേ
ചുണ്ടുകള്‍ വിങ്ങിയ വാക്കുകള്‍കേട്ടെന്റെ
നെഞ്ചകംതന്നെ തകര്‍ന്നങ്ങലിഞ്ഞുപോയ്
തേടുമോ നീയെന്റെയമ്മയെ യാത്രയില്‍
നല്കുമോ അമ്മയ്ക്കീച്ചെറുവറ്റുകള്‍
കണ്ണിലുരുണ്ടൊരാ നീര്‍മണിത്തുള്ളിയെ
ഞാനാം പുഴയങ്ങുചേര്‍ത്തുവച്ചീടവേ
മുങ്ങിക്കുളിച്ചവന്‍ എന്മടിത്തട്ടിലായ്
കൈകൂപ്പിയമ്മയെ തെല്ലുസ്മരിച്ചുടന്‍
അമ്മയെ വാഴ്ത്തുമാ പിഞ്ചിളംകുഞ്ഞിന്റെ
നോവുകള്‍ ചേര്‍ത്തുഞാനെന്റെയാത്മാവിലും
ദര്‍ഭയണിഞ്ഞൊരാ കുഞ്ഞുവിരലുകള്‍
അമ്മയ്ക്കു നല്കിയ പുത്തരിവറ്റുകള്‍
നെഞ്ചില്‍ത്തുടിക്കും പെരുമ്പറയോടെ ഞാന്‍
നെഞ്ചകം തന്നിലായ് ചേര്‍ത്തുവച്ചെപ്പൊഴേ
കാണാത്തൊരമ്മതന്‍ പൈതലുനല്കിയ
സ്മൃതിയുടെ നൊമ്പരം നെഞ്ചില്‍ നിറച്ചുഞാന്‍
കളങ്കംനിറയാത്ത കണ്‍മണികുഞ്ഞിനായ്
അമ്മിഞ്ഞപോലെ ചുരന്നങ്ങൊഴുകിഞാന്‍
എവിടെത്തിരയേണ്ടു അമ്മയെ ഞാനിനി
കുഞ്ഞുണ്ണിക്കുട്ടന്റെ നൊമ്പരം മായ്ക്കുവാന്

By ivayana

Leave a Reply

Your email address will not be published. Required fields are marked *