പതിവിലും നേരത്തെ ബസ് തിരുവല്ലയിലെത്തിയെന്ന് കേട്ടപ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം നിറഞ്ഞു തുളുമ്പി.
നീണ്ട രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ജന്മനാട്ടിലേക്ക് വീണ്ടും മടങ്ങുന്നത്. പക്ഷേ, ആ സന്തോഷത്തിനിടയിലും ഒരു ചെറിയ വിഷമം മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. നാട്ടിൽ ചെലവഴിക്കാൻ ആകെയുള്ളത് രണ്ട് ദിവസം മാത്രം.
ടാക്സിയിൽ വീട്ടിലേക്ക് പോകുന്ന വഴിയിലെ ഓരോ കാഴ്ചയും പഴയ ഓർമ്മകളെ ഉണർത്തി. പച്ചപ്പാടങ്ങൾ… മഴ നനഞ്ഞ മണ്ണിന്റെ മണം… ഇടവഴികളിലൂടെ വീശിയെത്തുന്ന തണുത്ത കാറ്റ്… വഴിയോരത്തെ ചായക്കടകൾ… പരിചിതമായ പള്ളിമണിയുടെ ശബ്ദം… എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നി.
ടാക്സി വീടിന്റെ പടിക്കൽ നിന്നപ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാനാകാത്ത ഒരു സുഖം നിറഞ്ഞൊഴുകി.

അപ്പോഴേക്കും അടുത്ത വീട്ടിലെ കുട്ടിമാമനും കുഞ്ഞൂട്ടി അച്ചായനും മുറ്റത്തേക്ക് ഇറങ്ങിവന്നു.
“അയ്യോ… നമ്മുടെ ഗീവർഗീസാണോ ഇത്? ആളാകെ മാറിപ്പോയല്ലോടാ മോനെ!”
“എന്താ മോനെ… കുറേ നാളുകളായല്ലോ കണ്ടിട്ട്. നാട്ടിലേക്ക് വരാൻ സമയം ഒട്ടും കിട്ടാറില്ല അല്ലേ?”
ഞാൻ ചിരിച്ചുകൊണ്ട് അവരുടെ കൈകൾ ചേർത്തുപിടിച്ചു.
“ജോലിയുടെ തിരക്കിലായിപ്പോയി. എന്നാലും മനസ്സ് മുഴുവൻ നാടും വീടും നിങ്ങളുമൊക്കെയായിരുന്നു.”
അവരുടെ കണ്ണുകളിലെ സന്തോഷം കണ്ടപ്പോൾ എത്ര ദൂരെ ജീവിച്ചാലും സ്വന്തം നാടും സ്വന്തം ആളുകളും ഹൃദയത്തിൽ നിന്ന് ഒരിക്കലും അകലില്ലെന്ന് വീണ്ടും മനസ്സിലായി.
അപ്പനും അമ്മയും ഉണ്ടായിരുന്ന കാലത്ത് നാട്ടിലേക്ക് വരാനുള്ള ഓരോ ദിവസവും എണ്ണിയിരിക്കുമായിരുന്നു. “എപ്പോഴാ മോൻ വരുന്നത്?” എന്ന പ്രതീക്ഷയോടെ അവർ വീടിന്റെ മുറ്റത്തും റോഡരികിലും നോക്കി നിൽക്കുന്ന ആ കാഴ്ച ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു.
ഇന്ന് ആ വീടുണ്ട്… ആ മുറ്റമുണ്ട്… പക്ഷേ കാത്തിരിക്കാൻ അവർ ഇല്ല.
ചില നഷ്ടങ്ങൾ കാലം എത്ര കടന്നുപോയാലും മനസ്സ് ഒരിക്കലും അംഗീകരിക്കില്ല.
ഓർമ്മകളിൽ നിന്ന് മടങ്ങിയെത്തിയ ഞാൻ കുട്ടിമാമനോട് ചോദിച്ചു.

“മാമാ… പഠിച്ചവർക്ക് നാട്ടിൽ തന്നെ നല്ല ജോലി കിട്ടിയിരുന്നെങ്കിൽ എന്നെപ്പോലുള്ളവർ നാട് വിട്ടുപോകുമായിരുന്നോ?”
കുട്ടിമാമൻ ഒന്നു പുഞ്ചിരിച്ചു.
“എടാ മോനെ… ഈ നാട് സാധാരണക്കാരനുവേണ്ടി ഓടുന്ന നാടായിരുന്നെങ്കിൽ എത്രപേർ പ്രവാസികളാകുമായിരുന്നു?”
അങ്ങനെ രാഷ്ട്രീയം മുതൽ ജീവിതം വരെ പല വിഷയങ്ങളും സംസാരിച്ചുകൊണ്ട് സമയം കടന്നുപോയി.
അപ്പോഴേക്കും ഒരു ചെറിയ ചാറ്റൽമഴ വന്നു. ഞാൻ നാട്ടിലെത്തിയ വിവരം അറിഞ്ഞിട്ടെന്നപോലെ മഴ പനിനീർ തളിച്ചിട്ട് വേഗം കടന്നുപോയി.
“എന്തൊരു സുഖം!”
മരുഭൂമിയുടെ കൊടുംചൂടിൽ നിന്ന് വന്ന എനിക്ക് പ്രകൃതി തന്ന സ്വീകരണമായിരുന്നു ആ മഴ.
കുട്ടിമാമനും കുഞ്ഞൂട്ടി അച്ചായനും ചേർന്ന് വീടിന്റെ ഗേറ്റ് തുറന്നു.
“നീ യാത്ര കഴിഞ്ഞ് വന്നതല്ലേ… ഞാൻ ചൂട് ചായ വാങ്ങിയിട്ട് വരാം.”
ഞാൻ വീടിനകത്തേക്ക് കയറി.

രണ്ട് വർഷമായി ആളില്ലാതെ കിടന്ന വീടാണെന്ന് ഒരിക്കലും തോന്നിയില്ല. എല്ലാം വൃത്തിയായും ചിട്ടയായും സൂക്ഷിച്ചിരിക്കുന്നു.
ആ നിമിഷം കുട്ടിമാമനോടുള്ള ആദരവ് വീണ്ടും വർധിച്ചു.
സോഫയിൽ ഇരുന്നപ്പോഴേക്കും ചുമരിൽ തൂങ്ങിയിരുന്ന അപ്പന്റെയും അമ്മയുടെയും ചിത്രം കണ്ണിൽപ്പെട്ടു.
ഞാൻ പതിയെ എഴുന്നേറ്റ് അവരുടെ ചിത്രത്തിനു മുന്നിലെത്തി.
ഫ്രെയിമിൽ അടിഞ്ഞിരുന്ന പൊടി വിരലുകൾ കൊണ്ട് തുടച്ചുമാറ്റി.
“ഞാൻ വന്നിട്ടുണ്ടേ…”
അത്ര മാത്രം പറയാനായി.
വീടാകെ നിശ്ശബ്ദമായിരുന്നു.

എന്നാൽ ആ നിശ്ശബ്ദതയ്ക്കുള്ളിൽ പോലും അപ്പന്റെ ചിരിയും അമ്മയുടെ സ്നേഹനിറഞ്ഞ വിളിയും ഞാൻ കേൾക്കുന്നുണ്ടായിരുന്നു.
അപ്പോഴാണ് പുറത്തുനിന്ന് കുട്ടിമാമന്റെ വിളി.
“ഗീവർഗീസേ… ചായ റെഡിയാണ്… വാ മോനെ.”
ഓർമ്മകളിൽ നിന്ന് ഞാൻ പതിയെ യാഥാർഥ്യത്തിലേക്ക് മടങ്ങി.
ചായയും ചൂടുള്ള പരിപ്പുവടയും ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരുന്ന് കഴിച്ചു.
ചായക്കപ്പ് പതിയെ കാലിയായി…
പക്ഷേ, മനസ്സ് നിറഞ്ഞിരുന്നു.
വീടിന്റെ മുറ്റത്തേക്ക് നോക്കി ഞാൻ കുറച്ചുനേരം നിശ്ശബ്ദനായി നിന്നു.
സമയം ഒരുപാട് മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.
ചിലർ ജീവിതത്തിൽ നിന്ന് വിടപറഞ്ഞു… ചിലർ പ്രായമായി… ചിലത് ഓർമ്മകളായി മാത്രം അവശേഷിച്ചു…

എന്നാലും…
ഈ മണ്ണിന് ഇന്നും അതേ മണമുണ്ട്. ഈ കാറ്റിന് ഇന്നും അതേ സ്നേഹമുണ്ട്. ഈ നാട്ടുകാർക്ക് ഇന്നും അതേ കരുതലുണ്ട്.
നാട് എന്നത് ഒരു സ്ഥലമല്ല…
നമ്മളെ സ്നേഹത്തോടെ കാത്തിരിക്കുന്ന മനുഷ്യരാണ്.
നമ്മളെ ജീവിച്ചിരിപ്പിക്കുന്ന ഓർമ്മകളാണ്.
എത്ര ദൂരെ പോയാലും ഒരുനാൾ തിരികെ എത്താൻ മനസ്സ് കൊതിക്കുന്ന ഇടമാണ്.
രണ്ട് ദിവസത്തിന് ശേഷം ഞാൻ വീണ്ടും മടങ്ങും.
പക്ഷേ, ഇക്കുറി എന്റെ കൂടെ മടങ്ങുന്നത് വസ്ത്രങ്ങളും സാധനങ്ങളും മാത്രമല്ല…
ഈ മണ്ണിന്റെ മണം… ആ ചാറ്റൽമഴയുടെ തണുപ്പ്… കുട്ടിമാമന്റെയും കുഞ്ഞൂട്ടി അച്ചായന്റെയും സ്നേഹം… അപ്പന്റെയും അമ്മയുടെയും അനുഗ്രഹമായി മാറിയ ഓർമ്മകൾ…
ജീവിതം വീണ്ടും മുന്നോട്ടു നടക്കാൻ കരുത്ത് പകരുന്ന ഒരുപിടി നിമിഷങ്ങളാണ്.
കാരണം…

പ്രവാസം ജീവിതം നൽകും…
പക്ഷേ…
ജീവിക്കാൻ കരുത്ത് തരുന്നത് സ്വന്തം നാടാണ്.
എത്ര ഉയരങ്ങളിൽ എത്തിയാലും…
ഓരോ പ്രവാസിയുടെയും ഹൃദയത്തിൽ ഏറ്റവും മനോഹരമായ വിലാസം ഒന്നു മാത്രമാണ്…
“സ്വന്തം നാട്… സ്വന്തം വീട്.”

ജീ കുന്നേൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *