ലഹരിപകരുന്ന കൈകളെ തകർക്കുക
ലഹളക്കാഹ്വാനമാം വിത്തു വിതയ്ക്കുന്നവ
ചോരനെ പോലെയെത്തും ചോരയും നീരും കൂടി-
ച്ചരികിൽ തോഴരായി സന്തതം നിൽക്കുന്നവർ.

ഓമനക്കിടാവിനെ ഓമനിക്കുന്നപോലെ
ഓർമ്മയെ, ബുദ്ധിയെയും കൈക്കുള്ളിലാക്കുന്നവർ
ഓർക്കുക! അപ്പോൾ നിന്റെ, യച്ഛനെ,യമ്മയെയും
ഓമനതങ്കക്കുടമെന്നപോൽ കണ്ടവരെ!

ജീവനിൽ കൈകൾ വെച്ചു ജീവിതമെടുക്കുമ്പോൾ
ആ വഴിയെന്തുനേടും അവനി നഷ്ടമാകിൽ
ജീവിതം പകരുന്ന ലഹരിക്കൊപ്പമെത്താൻ
ജീവനിലാർക്കായിടും! നിനക്കു മാത്രമാകും!!

പുകയ്ക്കും പൂതിയാലേ കുടിയ്ക്കും കൊതിയാലേ
പുതിയ ലോകത്തേക്ക് ഗമിക്കും വിരവോടെ
കണ്ണുനീർ വാർക്കുന്നവർ എണ്ണിയാൽ തീരാവിധം
മണ്ണോളംക്ഷമിക്കുന്ന അമ്മയും കുടുംബവും.

നുണച്ചു രസിക്കുമ്പോൾ നാളുക, ളെണ്ണീടുക
തുണച്ച കൈകളാരും രക്ഷയ്ക്ക് വന്നീടില്ല
കുടിച്ചു തീർത്തതൊക്കെ കനവിൻ പാനപാത്രം
മുടിച്ചു കളഞ്ഞല്ലോ നിമിഷ നേരം കൊണ്ട്.

വിപത്തിൻ വിത്തുകളെ മണ്ണിൽ മുളപ്പിക്കാൻ
സുഹൃത്തിൻ ബലത്താലേ പ്രഹരമേറ്റീടുമ്പോൾ
സ്വയമേ കുഴിതോണ്ടി മരിക്കുന്നെന്തിനാമോ
സ്നേഹമാം വിഞ്ഞതല്ലോ പകരാൻ തുനിയേണ്ടു!

ശരത്തിൻ ഹൃദയത്തിൽ വസന്തം ഒളിക്കുന്നു
മരത്തി,ന്നിലയ്ക്കുള്ളിൽ കനികൾ മറയുംപോൽ
ഇരവിൻ കരുമ്പടം ഒളിപ്പിച്ചീടുന്നേവം
സുരന്റെ കിരണങ്ങൾ മഹിതൻ പ്രതീക്ഷകൾ.

തോമസ് കാവാലം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *