രചന : ബിനോ പ്രകാശ് ✍
ഒരു പേര വീട്ടിലുണ്ടെങ്കിൽ എത്ര നല്ലതാണെന്നോ.
അമ്മയ്ക്ക് പേരയ്ക്കാ വേണ്ട. എന്നാൽ പേരയിലയിട്ട് തിളപ്പിച്ച വെള്ളമേ കുടിക്കു.
അച്ഛനു പേരയ്ക്കയും വേണ്ട പേരയിലയും വേണ്ട അതിന്റെ വടി മതി കുസൃതി കാട്ടുമ്പോൾ മക്കൾക്ക് രണ്ടെണ്ണം കൊടുക്കാൻ അതിലും നല്ല മരുന്നില്ല.
ചേട്ടാ കുറച്ചു പേരയില തരാമോ?
പരിചയമില്ലാത്ത ഒരു മൃദു സ്വരം.
ജനൽപ്പാളികൾ തുറന്നു നോക്കുമ്പോൾ ഇടയ്ക്ക് വഴിയിൽ കാണാറുള്ള ഒരു സുന്ദരി.
ഒളികണ്ണോടെ പലപ്രാവശ്യം നോക്കിയെങ്കിലും മിണ്ടിയിട്ടൊന്നുമില്ല.
ഒന്ന് മിണ്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു. പണ്ടത്തെ കാലമല്ലോ
ഏതായാലും എന്റെ പേരമരം അതിനൊരു വഴിയൊരുക്കി.
ഉം എന്തിനാ പേരയില? ഗൗരവത്തിൽ ഞാൻ ചോദിച്ചു.
ദേ ഈ മുഖം കണ്ടോ.
മൊത്തം മുഖക്കുരുവാ പേരയുടെ തളിരില അരച്ചു തേച്ചാൽ മാറുമെന്ന് കൂട്ടുകാരി പറഞ്ഞു. ഞങ്ങളുടെ വീട്ടിൽ പേരയില്ല
സുന്ദരിയായത് കൊണ്ട് കുറയേറേ പേരയില അടർത്തി കൊടുത്തു.
തീരുമ്പോൾ വന്നാൽ മതി.
ചെറു ചിരി സമ്മാനിച്ചവൾപോകുന്നത് നോക്കി ഞാൻ നിന്നു.
ചേട്ടോ രണ്ടു പേരയ്ക്കാ തരാമോ?
അടുത്തവീട്ടിലെ കുട്ടികളായിരുന്നു.
പച്ചയാടാ പഴുക്കുമ്പോൾ വാ
ഞാൻ അവരോടു പറഞ്ഞു
വിളഞ്ഞത് ഉണ്ടെങ്കിൽ ഒരെണ്ണം താ ചേട്ടാ തത്തമ്മയ്ക്കു കൊടുക്കാനാ.
ശെടാ..
ഒരു പേര വെച്ചാൽ
ഇലവേണം,
കായ് വേണം..
ഇത് പഞ്ചായത്തിൽ നിന്നും കിട്ടിയതല്ല
എന്റെ മറുപടി കേട്ട് കുട്ടികൾ എന്നെ പ്രാകി.
പിശുക്കൻ..
ഒരു പേരയ്ക്ക തന്നില്ല. ചേട്ടന്റ പേര ഉണങ്ങിപ്പോകും.
അവരെന്നെ പ്രാകി
ഓടിപ്പോയി.
ദൈവമേ!
കുഞ്ഞുങ്ങളുടെ പ്രാക്ക് ഏറ്റു പേര ഉണങ്ങിയാൽ സുന്ദരിപ്പെണ്ണ് ഇല തേടി വരുമ്പോൾ ഞാൻ എന്ത് ചെയ്യും.?
എന്റെ ഉള്ളിൽ ആധി പെരുകി.
പേരയിൽ കയറി
മഞ്ഞ നിറം വെച്ച രണ്ടു കായ പറിച്ചു അവന്മാർക്ക് കൊടുക്കാമെന്നു കരുതി അടുത്ത വീട്ടിലേക്ക് ചെന്നു.
പക്ഷേ
അവിടെ ആരുമുണ്ടായിരുന്നില്ല.
നിരാശനായി പേരയ്ക്കയും കൊണ്ട് തിരിച്ചു നടക്കുമ്പോൾ കണ്ടു.
കിഴക്കേ വീടിന്റെ ടെറസ്സിലിരുന്ന് അരച്ച പേരയില മുഖത്ത് തേക്കുന്ന സുന്ദരിപ്പെണ്ണ്.
ഒരു പെൺകുട്ടി സുന്ദരിയാകാൻ ഞാൻ ഒരു സഹായമല്ലോ
എന്ന് കരുതി ഹൃദയം കൊണ്ടു അഭിമാനിച്ചു.
അവൾ അന്നേ പേരയില തേടി വന്നുള്ളൂ.
പിന്നെ വന്നില്ല
. ഒറ്റ പ്രാവശ്യം തേച്ചാൽ സൗന്ദര്യം നൽകുന്ന പേരയാണല്ലോ എന്ന് കരുതി ഞാൻ പേരമരത്തെ അഭിനന്ദനങ്ങൾകൊണ്ടു മൂടി.
മരം ചില്ലകൾ ആട്ടി അത് അംഗീകരിച്ചു.
കഴിഞ്ഞ ദിവസം..
ടൗണിൽ കണ്ടു ഒരു ഉന്ത് വണ്ടി നിറയെ മുഴുത്ത പേരയ്ക്ക.
ആൾക്കാർ മേടിക്കാൻ തിരക്ക് കൂട്ടുന്നു. ഞാനും അങ്ങോട്ട് ചെന്നു.
പേരയ്ക്ക നാലായി കീറി ഉപ്പും മുളകും ചേർത്ത് മിശ്രിതം അതിനുള്ളിൽ തിരുകി ആൾക്കാർക്ക് വിൽക്കുന്നു അന്ന് പേരയില തേടി വന്ന സുന്ദരിപ്പെണ്ണ്.
അവളെന്നെ മൈൻഡ് ചെയ്തില്ല.
വീണ്ടും ഞാൻ അവളെ നോക്കി.
അവൾ കച്ചവടത്തിരക്കിലാണ്
മുഖക്കുരു കുറഞ്ഞിട്ടുണ്ടെന്ന് തോന്നി.
ഭയങ്കരി ഒന്ന് കണ്ട ഭാവം പോലുമില്ല.
ഞാനും മുളകിട്ട ഒരു പേരയ്ക്ക വാങ്ങി.
ഒന്ന് നേരെ നോക്കാതെ തിരക്കോടെ അവൾ തന്നു
നന്ദി കെട്ടവൾ എന്റെ പേരയിലയുടെ നന്ദി പോലും കാണിച്ചില്ല.
ഈ പെണ്ണുങ്ങൾ ഇങ്ങനെയാണോ
ആവശ്യമുള്ളപ്പോൾ സ്നേഹം പ്രകടിപ്പിക്കും
പിന്നെ കടപ്പുറത്ത് കണ്ട പരിചയം പോലും കാട്ടില്ല.
ഞാൻ വീട്ടിൽ മടങ്ങി വന്നു.
എന്റെ പേരയെ നോക്കി ഇലകൾ ഉണങ്ങാൻ തുടങ്ങിയിരിക്കുന്നു.
കുട്ടികളുടെ പ്രാക്ക് ആണോ?
അതോ
അവൾക്ക് തളിരില കൊടുത്തതു കൊണ്ടാണോ?
ഇഷ്ടം പോലെ പേരയ്ക്ക ഉണ്ട് എന്നാലും
ഇനി എന്റെ അടുത്തോട്ട് ചങ്കായാലും
ചങ്കിലെ ചോരയായാലും പേരയുടെ ഇല വേണമെന്നും
കാ വേണമെന്നും പറഞ്ഞു വന്നേക്കരുത്.
കേട്ടല്ലോ
