രചന : ഹംസ കൂട്ടുങ്ങൽ ✍
“കുറച്ചു ദിവസം എങ്ങോട്ടെങ്കിലും ഒന്നു മാറി നിക്ക്..”
” എങ്ങോട്ട് ..? അതും നീയില്ലാതെ ..?
” എൻ്റെ കാര്യം ഓർക്കേണ്ട. തനിച്ചുള്ള ജീവിതവും മരവിപ്പുമൊക്കെ എനിയ്ക്ക് ശീലമായി.. വർഷങ്ങളോളം, ഭൂമിയുടെ രണ്ടു ഭാഗങ്ങളിൽ വേർപ്പെട്ടു തീർന്നതല്ലേ നമ്മുടെ ജീവിതം!?”
ജീവിതത്തിൻ്റെ സന്ധ്യാദശയിൽ
ഒരാൾക്കൊരാൾ കൂട്ടായിരിക്കണമെന്ന് മനസ്സ് പറഞ്ഞു കൊണ്ടിരിക്കുമ്പൊഴാണ് വേർപാടിൽ സമാധാനം കണ്ടെത്തുമെന്ന് ഉപദേശിക്കുന്നത്. അതും ഇണയോട്!
” എന്നെ തനിച്ച് ദേശാടനത്തിന് നിർബ്ബന്ധിക്കാൻ നിനക്കെങ്ങനെ കഴിയുന്നു രുഗ്മിണീ..?”
” മക്കളുടേയും മരുമക്കളുടേയും കുത്തുവാക്കുകൾ കേട്ട് ഉരുകുന്ന അങ്ങയെ കാണാൻ വയ്യ.”
“നീ പറഞ്ഞത് ശെരിയാണ്. കാലം മുഴുവൻ അന്യനാട്ടിൽ കഴിച്ചുകൂട്ടിയിട്ട് ഞങ്ങൾക്ക് വേണ്ടി എന്തു നേടി എന്ന ചോദ്യം ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. പ്രതികരിക്കാൻ വയ്യ. അവരുടെ ചിലവിലല്ലേ ഇപ്പോൾ കഴിയുന്നത്? മക്കളാണെന്നു പറഞ്ഞിട്ടെന്താ..? അവരുടെ സമ്പാദ്യത്തിന് മൂല്യമുണ്ട്. അവരെ സംബന്ധിച്ചേടത്തോളം നമ്മൾ അവർക്ക് അനാവശ്യ ബാദ്ധ്യതയാണ്.”
“പരിഹാരമില്ലാതെ തമ്മിൽ തമ്മിൽ പറഞ്ഞ് സങ്കടപ്പെടുന്നതിനേക്കാൾ ഭേദം.., അകന്നിരിക്കുന്ന വേദന അനുഭവിക്കുന്നതാണ്. നടക്കാൻ പാടുണ്ടെങ്കിൽ ഞാനും വന്നേനേ.. പുറത്തു നിന്ന് ഈ വീടിൻ്റെ വലുപ്പം ആസ്വദിച്ചിരുന്ന കാലത്ത് ഒന്നോർക്കുമായിരുന്നു. നമ്മുടെ രണ്ടുപേരുടേയും വിയർപ്പിൻ്റെ മണമാണ് ഈ വീടിനെന്ന്..”
ഒരർത്ഥത്തിൽ വളരെ നിർബ്ബന്ധപൂർവ്വം രുഗ്മിണി തന്നെ സ്വതന്ത്രമാക്കുകയായിരുന്നു. അങ്ങനെയാണ് തീർത്ഥാടനം ഒരു ശീലമാക്കിയത്.
‘തെണ്ടീസം കഴിഞ്ഞ് ദാ തിരിച്ചെത്തീട്ടുണ്ട് ‘ കാളിംഗ് ബെല്ലിൻ്റെ ശബ്ദം കേൾക്കുമ്പോൾ, ഉമ്മറ വാതിലിനോടു ചേർന്ന ജനൽ കർട്ടൻ നീക്കി പുറത്തേക്കു നോക്കി തിരിച്ചു നടക്കുന്നയാളുടെ ആക്ഷേപം പലവട്ടം കേട്ടതാണ്. കാത്തുനിൽക്കുമ്പോൾ രുഗ്മിണി വന്ന് വാതിൽ തുറക്കുന്നത്, മുന്നിലൊരു മാരിവില്ല് വിരിഞ്ഞതു പോലൊരാഹ്ലാദമാണ് മനസ്സിൽ തീർക്കുക.
തങ്ങൾക്കനുവദിച്ച മുറിയിലെ ഇരുണ്ട വെളിച്ചത്തിൽ മുഖത്തോടു മുഖം നോക്കി പരസ്പരം ശിരസിൽ തലോടി രാവു വെളുപ്പിക്കുമ്പോൾ, എതിർ ദിശയിലേക്ക് തിരിഞ്ഞ ലോകത്തെക്കുറിച്ച് ചിന്തിച്ച് സങ്കടപ്പെടും.
വീണ്ടും കാലപരിധിയില്ലാത്ത…, ലക്ഷ്യമില്ലാത്ത യാത്രകൾ..!രുഗ്മിണിയെ കാണണമെന്നുള്ള തോന്നൽ കലശലാകുമ്പോഴുള്ള തിരിച്ചുവരവുകൾ. ഏറ്റവും ഒടുവിലത്തെ തിരിച്ചുവരവിലാണ്
കാളിംഗ് ബെൽ അമർത്തിയപ്പോൾ അതിക്ഷേപം കേൾക്കാതിരുന്നത്. അത്ഭുതത്തോടെയും അതിലേറെ ആകാംക്ഷയോടെയും ഉമ്മറ വാതിലിലേക്ക് നോക്കിനിൽക്കെയാണ് മൂത്ത മകൻ വാതിൽ തുറന്ന് പുറത്തു വന്നത്.
” തെണ്ടീസം കഴിഞ്ഞു തിരിച്ചു വന്നൂ ല്ലേ?”
മകനത് പറയുമ്പോഴും തൻ്റെ കണ്ണുകൾ ഉമ്മറ വാതിൽക്കലിൽ എത്തുന്ന രുഗ്മിണിയെ തിരയുകയായിരുന്നു.
“അമ്മ …? “
മകൻ മൗനം പൂണ്ടു.
“വയ്യായ്ക കൂടിയോ ?” തോൾസഞ്ചി ഊരി അലക്ഷ്യമായി തറയിലേക്ക് എറിഞ്ഞ് ഞാൻ ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് ധൃതിയിൽ നടന്നു. വാതിൽ തുറന്നു കിടന്നിരുന്നു. മുറിയിൽ നിന്ന് സാമ്പ്രാണിയുടേയും കുന്തിരിക്കത്തിൻ്റേയും മണം എതിരേറ്റപ്പോൾ ഞെട്ടി! പ്രജ്ഞയറ്റ ശരീരം എങ്ങനെയോ ഒഴിഞ്ഞ കട്ടിലിനെ തലോടി തളർച്ചയോടെ താഴേക്ക് കുഴഞ്ഞു വീണു.
“എവിടേന്നു കരുത്യാ അന്വേഷിക്ക്യ? എപ്പൊ വരൂന്ന് കരുത്യാ കാത്തുവെക്ക്യ?” മറുപടി പറയാൻ കഴിയാത്ത മകൻ്റെ അമർഷത്തിൻ്റെ ശബ്ദമായിരുന്നു അത്.
അന്നൊരു ദിവസം ഞാനാ കട്ടിലിൽ എൻ്റെ രുഗ്മിണിയെ താലോലിച്ച് കിടന്നു. പിറ്റേന്ന്
രാവിലെ അവളുടെ ചിതാഭസ്മവും തോൾസഞ്ചിയുമായി ഞാൻ എൻ്റെ അവസാന ദേശാടനത്തിനു പുറപ്പെട്ടു!
