രചന : യൂനസ് മണത്തല ✍️
സ്മൃതിയിലാണ്ട ഞാൻ
ഞാനൊരു മണ്ണെണ്ണവിളക്ക്
ഇരുട്ടിന്
വെളിച്ചം കടം നൽകിയിരുന്നു
പുകമറഞ്ഞ ചിമ്മിനിയിൽ
ഒരു ചെറുനാളം
ഒരു വീടിന്റെ
രാത്രി കാത്തു
എന്റെ വെളിച്ചത്തിൽ
അക്ഷരങ്ങൾ മുളച്ചു
കുഞ്ഞിക്കണ്ണുകളിൽ
സ്വപ്നങ്ങൾ തെളിഞ്ഞു
അടുക്കളപ്പുകയിലും
അത്താഴച്ചൂടിലും
ഞാനും
വീട്ടിലെ ഒരാളായിരുന്നു
വൈകിയ കാലടികൾക്ക്
വാതിൽപ്പടിയിൽ
ഞാൻ കാവലിരുന്നു
കാറ്റുവന്നു
തിരി ചിമ്മി
വീണ്ടും തെളിഞ്ഞു
എന്റെ ചിമ്മിനിയിൽ
കാലം
കരിപിടിച്ചു
പിന്നെയൊരു നാൾ
വൈദ്യുതി വന്നു
വെളിച്ചം കൂടിയപ്പോൾ
ഞാൻ
മറവിയിലായി
പഴയൊരു മൂലയിൽ
ചിമ്മിനിയും
വറ്റിയ തിരിയും
എങ്കിലും
എന്റെ മങ്ങിയ വെളിച്ചം
ആ ഇരുട്ടിൻ നെറ്റിയിൽ
ചന്ദനക്കുറിയായി
എന്നെ മറന്നില്ല
ഒരു കാലം
എന്റെ വെളിച്ചത്തിൽ
ജീവിച്ച
ആ കാലം
സ്മൃതിയിലാണ്ടത്
ഞാനല്ല
ഒരു കാലമാണ്

