ചില അവസരങ്ങളിൽ
ഞങ്ങളുടെ നഗരം
രണ്ടായി ഭാഗിക്കപ്പെടും.
ചൈനീസ് വന്മതിൽ പോലെ,
ബെർലിൻ മതിൽ പോലെ
അവ്യക്തമായ
ഒരു മതിൽ ഉയരും.
പ്രൗഢയായ നഗരം
ഒരു വശത്ത് ത്രസിക്കും.
ഞങ്ങളുടെ പുഴുക്കുത്തായ
ചേരി പ്രദേശം മറുവശത്ത്
തല കുനിച്ച് നില്‍ക്കും.
രാജകീയ പ്രൗഢിയുടെ
നഗരത്തിന്‍റെ ഇണചേർന്നൊഴുകുന്ന
രാജവീഥികളിലൂടൊഴുകുന്ന
വാഹനങ്ങളുടെ ഒഴുക്കുണ്ടാവും.
നഗരത്തിലെ
വരേണ്യ വിഭാഗത്തിൽപ്പെട്ട
മനുഷ്യർ ഞങ്ങൾക്കദൃശ്യരാകും.
ആഡംബരത്തിന്‍റെ വിളംബരം
ഉയർന്നുകൊണ്ടേയിരിക്കും.
കൊടി വെച്ച കാറുകൾ
ഹോണടിച്ച് പായുന്നുണ്ടാവും.
അവ ഞങ്ങൾക്കന്യമാവും.
ആഡംബരദൃശ്യങ്ങൾ
ഞങ്ങളെ മറയ്ക്കുന്നു .
അംബരചുംബികൾ
ഞങ്ങളുടെ മാനത്ത്
തിലകക്കുറികളായി
കാണപ്പെട്ടേക്കാം.
അധികാരികൾക്ക് ഞങ്ങൾ
അസ്പൃശ്യരാകും.
അവർക്ക് ഞങ്ങൾ
അയിത്തമാകും.
നികൃഷ്ടരാകും.
അയൽ ദേശങ്ങളിൽ നിന്നും,
വിദൂരദേശങ്ങളിൽ നിന്നും
പറന്നിറങ്ങുന്ന അതിഥികൾക്കും
ഞങ്ങൾ വെറുക്കപ്പെട്ടവരെന്ന്
ഞങ്ങളെ വെറുക്കുന്ന
ഭരണാധികാരികൾ അറിയുന്നു.
ഏത് പട്ടിക്കും അതിന്‍റേതായ
ദിനമുള്ളത് പോലെ,
ഞങ്ങൾ ചേരിവാസികൾക്കും
ഞങ്ങളുടേതായ മഹത്തായ ദിനങ്ങളുണ്ട്.
രാജൃത്ത് ജനാധിപതൃത്തിന്‍റെ
ഉത്സവം കൊടിയേറുന്നതോടെ
ഞങ്ങൾ വാഴ്ത്തപ്പെട്ടവരായി മാറുന്നു.
അധികാരികൾക്ക് ഞങ്ങൾ
പ്രിയപ്പെട്ടവരായി മാറുന്നു.
വാഗ്ദാനങ്ങളുടെ പെരുമഴ അവർ
ഞങ്ങൾക്ക് മേൽ പെയ്യിക്കുന്നു.
കാണിക്കയായും, വസ്ത്രങ്ങളായും,
ധാന്യങ്ങളായും കാഴ്ച വെച്ച്
അവർക്ക് ഞങ്ങൾ
കാണപ്പെട്ട ദൈവങ്ങളായി മാറുന്നു.
ഞങ്ങൾക്ക് മുന്നിൽ
അവർ സാഷ്ടാംഗം പ്രണമിക്കുന്നു.
ഒരിക്കൽ കെട്ടിയുയർത്തിയ
വിഭജനത്തിന്‍റെ മതിൽ
ഒരു ഇന്ദ്രജാലം പോലെ
ഇതിനകം അപ്രത്യക്ഷമായി
മാറിക്കഴിഞ്ഞിരിക്കും.
ഒരു ഹൃസ്വവേളയിലേക്കെങ്കിലും
ഞങ്ങൾ രാജാക്കന്മാരും,
രാജ്ഞിമാരുമായി മാറുന്നു…..

കെ.ആർ.സുരേന്ദ്രൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *