രചന : സുരേഷ് മങ്ങാട്ട് ✍️
കബീർ മരിച്ചെന്ന്,
അയൽക്കാരനായിരുന്നു.
കാണുമ്പോളൊരു
പുഞ്ചിരി പതിവായിരുന്നു.
കബീറെന്നാൽ
വലുതെന്നാണർത്ഥമെന്ന്,
കൂട്ടുകാരൻ നിസ്സാറാണ്
പറഞ്ഞുതന്നത്.
കബീർ നന്മയുള്ള
മനുഷ്യനായിരുന്നു,
അവന്റെ സ്നേഹത്തിന്
മതമില്ലായിരുന്നു.
അതുകൊണ്ടവൻ
സ്വർഗ്ഗത്തിലേയ്ക്കാവും
പോയതെന്ന് നിസ്സാർ
പറഞ്ഞു കൊണ്ടിരുന്നു.
പക്ഷെ സ്വർഗത്തിലൊരു
പ്രശ്നമുണ്ടാവും,
ആരാണു നീയെന്നാരെങ്കിലും
ചോദിച്ചാൽ,
കബീറെന്നല്ലേയവനു
പറയാൻ പറ്റൂ.
വലിയവനും
ചെറിയവനുമുണ്ടെങ്കിലതു
പിന്നെങ്ങനെ
സ്വർഗ്ഗമാവും?
അതുഭൂമിയെന്നു
പേരുള്ള
നരകമാവില്ലേ..?

