രചന : യൂനസ് മണത്തല ✍
എറിയുന്നവൻ അറിയുന്നില്ല
ഏറുകൊള്ളുന്നതിൻ്റെ വേദന
കല്ലിന്
വർണ്ണമില്ലായിരുന്നു
ജാതിയില്ലായിരുന്നു
പദവിയുമില്ലായിരുന്നു
എന്നിട്ടും
പതിച്ചത്
ഒരു മനുഷ്യനിലായിരുന്നു
അറിവിൻ്റെ ഉയരത്തിൽ നിന്നൊരാൾ
അറിവില്ലായ്മയിലേക്ക് കല്ലെറിഞ്ഞു
സമ്പത്തിൻ്റെ മതിലിനുള്ളിൽ നിന്നൊരാൾ
വിശപ്പിലേക്കൊരു കല്ലെറിഞ്ഞു
അധികാരത്തിൻ്റെ നിഴലിലിരുന്നൊരാൾ
ശബ്ദമില്ലാത്തവൻ്റെ വായിലേക്കൊരു കല്ലെറിഞ്ഞു
ഓരോ ഏറും
ഒരു ശരീരത്തിലല്ല
ഒരു മനസ്സിലായിരുന്നു
മുറിവുകൾക്ക്
രക്തം പൊടിയണമെന്നില്ല
ചിലത്
പുഞ്ചിരിയുടെ പിന്നിൽ
ജീവിതകാലം മുഴുവൻ
നിശ്ശബ്ദമായി ചോരുന്നു
അവസാനം
കല്ലുകൾ തീർന്നപ്പോൾ
മനുഷ്യൻ തിരിച്ചറിഞ്ഞു
താൻ എറിഞ്ഞതെല്ലാം
അന്യനിലേക്കല്ല
തന്നിലേക്കായിരുന്നു

