ഭാഗ്യവും നിർഭാഗ്യവും
വിധി വിതച്ച വിത്തുകളല്ല;
ഒരേ കാറ്റിൽ പറന്നെത്തിയ
രണ്ടിലകൾ മാത്രം.
ഒന്നിന് വെയിൽ കൂട്ടായി,
മറ്റൊന്നിന് നിഴലും;
വീണിടം മാറിയപ്പോൾ മാത്രം
പേരുകൾ രണ്ടായി പിരിഞ്ഞു.
ഒന്നിന് ഭാഗ്യമെന്ന പേരായി,
മറ്റൊന്നിന് നിർഭാഗ്യമെന്നും;
കാറ്റിനോ അറിയില്ല
ആരെയെവിടെ വീഴ്ത്തിയെന്ന്.
വീണ ഇല മണ്ണിലലിഞ്ഞു,
മണ്ണിനൊപ്പം മറഞ്ഞു;
ആരും കാണാത്തിടത്ത്
ഒരു പച്ചമുള പൊട്ടി.
ഇന്നലെ വീണ അതേ മണ്ണിൽ
ഇന്ന് പച്ചപ്പ് പടർന്നു;
വീഴ്ചയെന്തെന്നറിയാത്ത
ഒരു പുതിയ കഥ തുടങ്ങി.
നാം ചാർത്തിയ പേരുകൾ മാത്രം—
ഭാഗ്യവും നിർഭാഗ്യവും;
കാറ്റിൽ പിരിഞ്ഞ ഇലകൾക്ക്
മണ്ണ് ചൊല്ലിയ മറുപടി:
വീഴ്ചയല്ല അവസാനമൊന്നും;
മണ്ണിനടിയിൽ തുടക്കമുണ്ട്.

രവനീഷ് രാമൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *