രചന : പ്രസീദ . എം.എൻ. ദേവു✍
മരണത്തിനു മുമ്പുള്ള
പത്ത് ദിവസം,
ഒന്നാം നാൾ
ഓർമ്മ വെച്ച നാൾ മുതൽക്ക്
ഞാനോടി കളിച്ച വീട്ടിൽ
ഒറ്റയ്ക്ക് താമസിക്കണം,
രണ്ടാം നാൾ
കുറുമ്പെടുത്തോടിയ
ഇടങ്ങളിൽ ചെന്ന്
കൂട്ടുകാരെ
പേരെടുത്ത് വിളിക്കണം,
മൂന്നാം നാൾ
അക്ഷരം പഠിപ്പിച്ചവരെയൊക്കെ
നേരിൽ കണ്ട്
ശിരസ്സ് നമിക്കണം,
നാലാം നാൾ
പ്രണയം തന്നവരോടൊപ്പം
കടൽ തീരത്ത് ചെന്ന്
കവിതകളെഴുതണം,
അഞ്ചാം നാൾ
കുടുംബത്തോടൊപ്പം
അവർക്ക് പ്രിയപ്പെട്ട ഇടത്ത്
ഉല്ലാസ യാത്ര പോവണം,
ആറാം നാൾ
കടം പേറിയ ബന്ധങ്ങളോട്
തീരാ പലിശയായ സ്നേഹം
കൊടുത്ത്
കണക്കു തീർക്കണം,
ഏഴാം നാൾ
ഇരുപതാണ്ടായ് മനസ്സിൽ
എന്നെ നിനച്ചു കഴിയുന്ന
പ്രിയപ്പെട്ടവനെ നേരിൽ കാണണം,
എട്ടാം നാൾ
പ്രകൃതിയോട് മാപ്പ് പറഞ്ഞ്
വഴിയിലാകമാനം
തണൽ ചെടികൾ നടണം.
ഒൻപതാം നാൾ
സകല ബന്ധവും തീർത്ത്
തനിച്ചിരുന്നു കരയണം,
പത്താം നാൾ
പതിവിലേറെ നേരത്തെ
എഴുന്നേൽക്കുകയും,
പ്രിയപ്പെട്ട വസ്ത്രമണിയുകയും,
അത്ര മേൽ പ്രിയമാർന്നവനെ
നെറുകയിൽ ചുംബിച്ച്
നിൽക്കുകയും വേണം,
സായം സന്ധ്യയാവുമ്പോൾ
എൻ്റെ ഹൃദയത്തിൻ്റെ
നടുക്ക്
ഒരു സമുദ്രം രൂപപ്പെടും,
അതീവ ദുഃഖങ്ങളുടെ
ആഴപരപ്പിൽ
ഞാനങ്ങനെ മുങ്ങിയും താണും
ശ്വാസം മുട്ടും,
രാത്രി വരെ
മുക്കിയും മൂളിയും കിടക്കും,
അന്നത്തെ രാത്രിയിൽ
ഞാനൊരു തണുത്ത
ഇലയായി രൂപം മാറും
ആ ഇലയെ നിവർത്തി
എൻ്റെ പ്രിയപ്പെട്ടവളെയെന്നൊരാൾ
നെഞ്ചോടു ചേർക്കും ,
മണ്ണിലേയ്ക്കെടുക്കും വരെ
അയാളെ പുറത്താക്കരുത്
അടുത്ത പത്ത് ദിനം കഴിഞ്ഞാൽ
ഞാനൊരു നാമമാവും,
പിന്നീടൊരു ആണ്ടറതി,
ഓർമ്മകൾ പോലുമില്ലാത്ത
എന്നെയങ്ങനെ
എല്ലാവരും മറക്കും…
എല്ലാവരും!!
