രചന : അൻവർ ഷാ ഉമയനല്ലൂർ ✍️
ജനനമീ ജന്മത്തിലാദ്യഭാഗം,
ജനനിതൻ സാഫല്യപൂർവ്വ ഭാഗ്യം
നരകമോ നമ്മൾക്കു പേടി സ്വപ്നം
നാകമീ ലോകത്തിൽ ഭാഗ്യകാലം.
വറുതിയും വരുതിയിലാക്കിയോർ നാം
നിറമാർന്ന സ്വപ്നങ്ങൾകണ്ടിരിക്കെ,
സ്നേഹത്തിൻ തേൻമലരൊക്കെ വാടി
ത്യാഗത്തിനർത്ഥമിന്നേറെമാറി.
ജന്മംകൊടുത്തു വളർത്തിയോരും
ജന്മിയാം മക്കൾക്കു ഭാരമായി,
സ്മരണീയമായതേ,യൊന്നുമില്ലാ-തെന്നപോൽ
ജീവിതം ബാക്കിയായി.
ഹൃദയത്തിൻഭാഷ മറന്നുപോയോർ
സുകൃതക്ഷയത്തിൻ നിദാനമായി,
കദനം നിറഞ്ഞവർ ജീവിതത്തിൽ
ചരണം മുറിഞ്ഞ ഗാനങ്ങളായി.
സൗഭാഗ്യമേകും കൃപാരശ്മികൾ
സദാകാലവും ചിലർക്കന്യമായി
പ്രേമസ്വരൂപനാമീശ്വരന്റെ
കരുണകാക്കുന്ന വേഴാമ്പലായി.
നിറയും നയനങ്ങളിൽന്നെളിയും
പ്രത്യാശയിൽ ദിനം തള്ളിനീക്കാൻ
പൊള്ളുന്ന യാഥാർഥ്യമവഗണിച്ചും,
ഉള്ളിലെ,ത്തീ കെടുത്തുന്നു മർത്യർ.
സർവ്വം സഹിക്കാതെയെന്തുചെയ്‌വൂ,
കരിപുരണ്ടോർമ്മയിൽ ജീവിതങ്ങൾ-
കുരുതികഴിക്കുവാനായീടുമോ,
മണ്ണിൽ പിറന്നുപോയെന്ന തെറ്റിൽ ?
♦️💖♦️💖♦️💖♦️

