രചന : അനിൽ മാത്യു ✍
വഴിയിലെ കല്ലുകൾക്ക്
നിന്റെ ജാതി അറിയില്ല.
തട്ടി വീഴുമ്പോൾ
ചോര പൊടിയുന്നത്
ഒരേ വേദനയിലാണെന്ന്
ഭൂമിക്കറിയാം.
തൊണ്ട വരളുമ്പോൾ
കിണറുകൾ നിന്നോട്
ഭാഷ ചോദിക്കില്ല.
ഉള്ളിലെ തണുപ്പ്
നിനക്ക് നൽകാൻ
അവയ്ക്ക്
നിബന്ധനകളില്ല.
ഒരു ശ്മശാനവും
അവിടെ എത്തുന്നവന്റെ
പദവി തിരയാറില്ല.
അവിടെ ചാരത്തിന്
ഒരേ നിറമാണ്.
മണ്ണിന് ഒരേ മനസുമാണ്.
പക്ഷേ, മനുഷ്യൻ നിന്നെ
ചുമരുകൾക്കുള്ളിൽ
തളയ്ക്കും..
അവൻ്റെ ദൈവങ്ങൾക്കും
അവൻ്റെ രാഷ്ട്രീയത്തിനും
നിന്റെ സമ്മതം തേടും.
തിരമാലകൾക്ക് അറിയാം
കരയെ പുണരാൻ
അനുവാദം വേണ്ടെന്ന്.
കാറ്റിന് അറിയാം
ദൂരങ്ങൾ അളക്കാൻ
അതിരുകൾ വേണ്ടെന്ന്.
മനുഷ്യൻ മാത്രം
അതിരുകൾ വരച്ച്
അതിലിരുന്ന് അഭിമാനം
കൊള്ളുന്നു.
അവിടെ നീ ഒന്നും
പറയാതിരിക്കുക.
കാരണം, സ്വയം
ചങ്ങലയണിഞ്ഞവർക്ക്
സ്വാതന്ത്ര്യത്തിൻ്റെ മണം
അപരിചിതമായിരിക്കുമല്ലോ..

