മന്ദിരങ്ങൾക്കെന്തു സ്ഥാനം മനസ്സിലാ,
മഹനീയ ദർശനത്താലുദയമേകുക
മന്ദസ്മിതങ്ങൾ തൻ മഹനീയമാതൃകാ-
മാതൃശ്രീകോവിലിൽ നിത്യം വണങ്ങുക.
ആർദ്രമാം ചിന്താമരന്ദമായ് നുകരുന്നു
തവസൗമ്യ രമ്യമാം ഹൃദയാർദ്രാനുഗ്രഹം
ഭക്ത്യാദരം നമിക്കുന്നുദയ ഹൃത്തിലാ-
യാനന്ദ മധുരമായാ,മഹാ സുസ്മിതം.
മഹിയിതിൽ മഹനീയ കരവിരുതിൻ നവ-
ഗോപുരങ്ങൾ നിരന്നീടുന്നുവെങ്കിലും
തവ പാദപങ്കജംപോലേറെ മൃദുലമാം
മാതൃഹൃദയത്തെ വണങ്ങുന്നു സന്തതം.
നിൻപ്രിയ ഭക്തർക്കനുഗ്രഹവർഷമായ്-
ച്ചൊരിയുന്നുദാരമായ് തവ ഹർഷമാം വരം
കൈകൂപ്പി നിൽപ്പിതേനറിയാതനന്തരം
കാരുണ്യ ശ്രീലകംതന്നിലായ് സാദരം.
തമ്മിൽപ്പിണങ്ങിപ്പിരിയില്ലയാ,മനം
ചേർത്തണയ്ക്കാൻ കൊതിക്കുന്നൂ സമാദരം
കെട്ടിയുയർത്തില്ല തമ്മിൽ മാത്സര്യമായ്;
തട്ടിപ്പൊളിക്കില്ല കോവിൽ പരസ്പരം.
ചേർത്തണയ്ക്കാം, ലക്ഷ്മിതാനന്ദ സുസ്മിതം
നേർത്തുപോകാതിരിക്കട്ടെനി,ന്നാർദ്രകം;
യാത്രാമൊഴിയോതിയവസാന വസതിയിൽ
നിത്യകാലം തുടരേണ്ടതില്ലേ സ്വയം?
എല്ലാം വ്യസനാർദ്ര ചിന്തയാക്കുംവിധം
എത്ര വസന്തങ്ങളാസ്വദിച്ചില്ല,നാം
ഭക്തിയാ ഹൃത്തിൽ സൂക്ഷിക്കാം സമാദരം
മാതൃഹൃദയങ്ങൾ പരിഗണിക്കാം ക്ഷണം.
മന്ദിരങ്ങൾക്കെന്തു സ്ഥാനം മഹിയിലാ,
മഹനീയ ദർശനത്താലുദയമേകുക
മന്ദസ്മിതങ്ങൾ തൻ കമനീയമാതൃകാ-
മാതൃശ്രീകോവിലിൽ നിത്യം വണങ്ങുക..

അൻവർ ഷാ

By ivayana

Leave a Reply

Your email address will not be published. Required fields are marked *