എത്ര പെട്ടെന്നാണ് അവൾ
ജീവിതത്തിലേക്ക് കടന്നു വന്നതും
മരണത്തിലേക്ക് നടന്നു പോയതും
അത്ര സുന്ദരിയൊന്നും ആയിരുന്നില്ല
കാർമേഘങ്ങൾ കൂട് കൂട്ടിയ കണ്ണുകൾ
വരണ്ട് വിണ്ട മണ്ണുപോലെ ചുണ്ടുകൾ
വഴി തെറ്റിയ കാറ്റുപോലെ മുടിയിഴകൾ
മലമ്പാതയിൽ കിതച്ചു നീങ്ങുന്ന
പഴകിയ വണ്ടിയുടെ മുരൾച്ച പോലെ
പതറിയ ചിതറിയ ശബ്ദം
ഒന്നുംതന്നെയില്ല ആകർഷണം തോന്നാൻ

പെയ്തു തോറ്റ മഴയോട് പരിഭവവും പറഞ്ഞ്
തനിച്ചിരുന്ന് മടുത്ത നട്ടുച്ചയിൽ ആയിരുന്നു
ആദ്യമായി അവളെ കാണുന്നത്

നനഞ്ഞു മടുത്ത ഒറ്റയുടുപ്പിനുള്ളിൽ
വെറുപ്പോടെ തല കുനിച്ചു കിടക്കുന്ന
പരാതികളില്ലാത്ത പരിഭവങ്ങളില്ലാത്ത
ഞാവൽപഴങ്ങൾ
കൊതിക്കണ്ണുകൾ ഇനിയും പിന്തുടർന്നിട്ടില്ലാത്ത
നടത്തങ്ങൾക്കൊപ്പം ചലിക്കാൻ അറിയാത്ത ഓട്ടുഭരണികൾ
ഒന്നും തന്നെ ഇല്ല ആകർഷണം തോന്നാൻ

കണ്ട് കണ്ട് പഴകുമ്പോൾ പുതുമ തോന്നുമല്ലോ ചിലതിനോടെങ്കിലും

പുടവ കൊടുത്തില്ല
താലി പണിയിച്ചില്ല
കിളവികൾ കുരവയിട്ടില്ല
കൊട്ടില്ല കുഴലൂത്തില്ല മേളമില്ല
ഇലയില്ല വിളമ്പിയില്ല
മധുരം പങ്കിട്ടുമില്ല
ഇഷ്ടം പറഞ്ഞുമില്ല
മഴയുള്ള രാത്രിയിൽ
ചാർത്തിൽ നനയാതെ കേറി നിന്നവൾ
മടങ്ങി പോയുമില്ല

ഒറ്റമുറിക്കുള്ളിൽ വാക്കുകൾ പരസ്പരം
എയ്തുമരിക്കാൻ മടി കാണിച്ച
മഴ തോർന്ന ആദ്യരാത്രി
ഇറുക്കിപ്പിടുത്തങ്ങൾ
ഉരുണ്ടുമറിച്ചിലുകൾ
കുതിപ്പുകൾ കിതപ്പുകൾ
കൂർക്കം വലികൾ
നനഞ്ഞൊട്ടിയെണീറ്റ വരണ്ട പുലരി

കഥകൾ കദനങ്ങൾ പരിഭവങ്ങൾ
കൂടെ കേട്ടിരുന്ന വേനൽക്കിളികൾ
തൊടിയിലെ മുക്കൂറ്റികൾ കിണർ
പരസ്പരം കണ്ട് മടുത്ത
രാത്രികൾ പകലുകൾ

മരണപ്പെടുമ്പോൾ അവൾ 4 മാസം ഗർഭിണിയായിരുന്നു
ചൂട് വിയർപ്പ് ചൂട് വിറയൽ
ചൂട് പിന്നെ പനിയായി മാറുന്നു
പനിമരം പെയ്യാതെ ചിതയായി കത്തുന്നു

തനിച്ചിരിപ്പിൻ്റെ പകലിരവുകൾ
മറന്നു തുടങ്ങിയ അവളുടെ പേര്
നിർജ്ജര………….

ജോബിൻ പാറക്കൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *