രചന : അൻവർ ഷാ ഉമയനല്ലൂർ ✍️
രത്നംകണക്കെത്തിളങ്ങുന്നു താരകം
രക്തബന്ധങ്ങൾ നുകരുന്നതേവിധം
രജനിപോലിരുളായി മറയാതെ ജീവിതം
രമ്യപ്രകാശമായ് മാറ്റുന്നു സ്നേഹകം.
രഞ്ജനത്താലുയർന്നീടുന്ന നന്മയാൽ
രവികിരണമെന്നപോലുണരുന്നു മാനസം
രമണീയമാകുന്നതിൻ കർമ്മവ്യാപനം
രാത്രിമഴപോലെ പാടുന്നുപരി ജീവിതം.
രത്ന,നിധിപോലെയാണോരോ പ്രകാരവും
രസാന്തരം പകരുന്ന ഹൃദയബന്ധങ്ങളും
രസച്ചരട് പൊട്ടാതെയെന്നുമേ കാക്കുകിൽ
രസനേന്ദ്രിയത്താലുണർത്താം മനസ്സുകൾ.
രവികാന്തമെന്നപോലുണരട്ടെ ചിന്തകം
രമാകാന്തനെന്നപോലലിയട്ടെ നന്മകം
രാജഗൃഹംപോൽ വസിക്ക,നാം കുടിലിലും;
രാമനാമം സ്മരിച്ചീടിൽ വനത്തിലും.
രാജകലയെന്ന പോലുള്ളതാം ബാല്യകം
രസിപ്പിച്ചിരുന്നില്ലെയുദ്യാന ഹൃദയവും
രാവറിഞ്ഞില്ല,നാം പുലരിപോൽ സാദരം
രാമായണക്കഥ കേട്ടുറങ്ങീ ക്ഷണം.
രാക്ഷസഹൃദയങ്ങളില്ലായിരുന്നു സമ-
രമ്യമാം ഗ്രാമാർദ്ര കരളുകൾക്കുള്ളിലും
രാകേന്ദുമുഖിയായ്ത്തെളിഞ്ഞുപരി പുലരികൾ
രാഗിണീപുഷ്പമായ് വിടർന്നാർദ്ര മനസ്സുകൾ.
രസിതകാലംകഴിഞ്ഞേകിയി,ല്ലാ വരം
രാജഭണ്ഡാരം തിരിച്ചേകി ഹൃത്തടം;
രാമചന്ദ്രൻ തെളിച്ചേകിയോരാ,സ്മിതം
രമ്യാർദ്രമാക്കിയാരണ്യസമ ജീവിതം.
രൂപപ്പെടുന്നില്ലെയോരോ മനസ്സിലും
രാമാർദ്ര ഹൃദയസ്സമാനമാം ചിന്തകം;
രായണം നീക്കുന്നുദയ രാമായണം
രാവകറ്റുന്നതിൻ നിത്യപാരായണം.
രാമകഥയുള്ളിലുണർത്തുന്നു നന്മകം
രാമാനുജൻ പകർന്നീടുന്നു സ്തുത്യകം;
രാവലിഞ്ഞാർദ്രമാം പുലരിപോലുണരുവാൻ
രമണീയ ഹൃദയബന്ധങ്ങൾത്തുടരുവാൻ.
രക്തബന്ധങ്ങൾത്തകരുന്ന കാലമേ;
രാമഹൃദയംപോലുണരേണ്ട ലോകമേ,
രാജ്യ,സ്ഥാനങ്ങളുപേക്ഷിച്ച,യാ മനം;
രമ്യാർദ്ര ഹൃദയമേകുന്ന ഗ്രന്ഥാലയം..

