കൈകാലുകളാൽ പ്രണയബന്ധിതരായി,
വിരലുകൾ വിരലുകളിൽ ചിത്രം വരച്ച്,
അരക്കെട്ട് അരക്കെട്ടോട് ചേർന്നണഞ്ഞ്,
ഉദരങ്ങൾ ചേർത്തുരസി,
ഗാഢാലിംഗനത്തിൽ പുളകിതരായി,
നെഞ്ചിൻകൂട്ടിൽ ചുറ്റിപ്പിണഞ്ഞ്,
അധരങ്ങൾ അധരങ്ങളോട് മന്ത്രിച്ചു,
സദാ പ്രണയവീണ മീട്ടി,
ഒരിക്കലും കൈവിടില്ലെന്ന ആത്മവിശ്വാസത്തിൽ,
തിരിഞ്ഞും മറിഞ്ഞും അവനിലേക്കു പടർന്നു കയറി,
അവന്റെ ശിരസ്സിനു മുകളിൽ
ലജ്ജാവതിയായി
ശിരസ്സ് കുനിച്ചു നിൽക്കുകയാണവൾ.
പുതുമഴയിൽ അവൾ പുഷ്പിണിയാകുമ്പോൾ,
ആഹ്ലാദത്തിമിർപ്പിൽ
അടിയുലയുകയാണവൻ.
പേമാരിയിലും
മിന്നലിലും
താനും കൂടെ പൂക്കുകയാണെന്നറിഞ്ഞ്,
തന്റെ സുഗന്ധം അവളുടേതാണെന്നറിഞ്ഞ്,
ഗൂഢമന്ദസ്മിതം തൂകി,
നെഞ്ചു വിരിച്ച്
അവളെ ചേർത്തുപിടിച്ചു.
അവനെക്കാൾ ആഴത്തിൽ വേരുകളൂന്നി,
അവന്റെ പരിലാളനങ്ങൾ ഏറ്റുവാങ്ങി,
മത്തുപിടിച്ചെന്നപോലെ നിൽക്കുമ്പോൾ,
ലോകം കാൽക്കീഴിലാണെന്ന ഭാവമായിരുന്നു അവൾക്ക്.
അവർ അങ്ങനെ,
പിരിയാനാവാതെ,
പ്രണയപരവശരായി,
ഒരാൾ മറ്റേയാളിൽ
പടർന്നുകയറി നിൽക്കുമ്പോൾ…
ചിലർക്കവർ
കൂവളത്തറയിലെ
മുല്ലവള്ളി മാത്രം…

By ivayana

Leave a Reply

Your email address will not be published. Required fields are marked *