രചന : വി സി അഷ്‌റഫ് ✍
എനിക്ക് ഞാൻ നഷ്ടപ്പെട്ടുവോ ?
ശ്വാസനിശാസങ്ങളിൽ എന്നും അവളുണ്ടായിരുന്നു.
പ്രണയമാകുന്ന മഹാസാഗരത്തിൽ
വെറുമൊരു തുള്ളിയായി അലിഞ്ഞില്ലാതായപ്പോഴും
അവളായിരുന്നു എൻ്റെ ആകാശമായത് !
എന്നിട്ടും.. അവൾ മാറി നടന്നു !
എനിക്ക് ഞാൻ നഷ്ടപ്പെട്ടുവോ ?
ഞാൻ വീണ്ടും ചോദിച്ചു.
ഇശ്‌ഖിൽ അവളായിരുന്നു
മുഹബ്ബത്ത് അവളോട് മാത്രമായിരുന്നു
എഴുതുമ്പോൾ അവളാണ്.
പാടുമ്പോഴും അവൾ മാത്രമാണ്..
എന്നിട്ടും.. അവൾ മാറി നടന്നു
എനിക്ക് ഞാൻ നഷ്ടപ്പെട്ടുവോ ?
ഞാൻ ചോദ്യം ആവർത്തിച്ചു.
പ്രകൃതി അവളായിരുന്നു.
പ്രഭാതവും പ്രദോഷവും അവൾ തന്നെ !
അവൾ എൻ്റെ പ്രകാശമായിരുന്നു.
എന്നിട്ടും.. അവൾ മാറി നടന്നു
പുറത്ത് സന്ധ്യയുടെ
ശോണിമ മങ്ങിയിരിക്കുന്നു’
പള്ളിക്കാട്ടിൽ ആളുകൾ അക്ഷമരായി
മയ്യിത്ത് എടുക്കാൻ ധൃതി കൂട്ടുന്നു.
ഇരുട്ടിൻ്റെ പേക്കീറുകൾ
മണ്ണിൽ ദുർഗന്ധം പരത്തി.
ഖബറിലേക്ക് ആരൊക്കെയോ
കെട്ടിത്താഴ്‌ത്തുകയാണ് ഇപ്പോൾ.
മുറുക്കിക്കെട്ടിയ എൻ്റെ
കഫൻ തുണിയിൽ ആളുകൾ
മണ്ണ് വാരിയിടുന്നത് കാണാം.
എല്ലാം കഴിഞ്ഞു മടങ്ങിയ
ഒരാൾ ഫേസ്ബുക്കിൽ
ആദരഞ്ജലികൾ രേഖപെടുത്തി.
ഞാൻ ജഡമായെന്ന വാർത്തയിൽ
അവളുടെ കണ്ണുകൾ
ഒരു നിമിഷം ഉടക്കി നിന്നു.
കറുത്ത നിർവ്വികാരതയുടെ
ചിതയിലമർന്ന അവളുടെ മനസ്സ് പതിയെ
സ്രഷ്ടാവിന് സ്തുതിയർപ്പിച്ചു.
“അൽ ഹംദു ലില്ലാഹ്”
വിദൂരതയിൽ,പള്ളിക്കാട്ടിൽ
ആറടി മണ്ണിനടിയിൽ
കിടന്ന് വിങ്ങുന്ന ഒരാത്മാവ്,
അപ്പോഴും അവളെ
പ്രണയിച്ചു കൊണ്ടേയിരുന്നു !

