“ഭർത്താവ് മരിച്ചിട്ട് ആണ്ടൊന്നു കഴിഞ്ഞില്ല, സിന്ധു ടീച്ചറുടെ അണിഞ്ഞൊരുങ്ങലിന് ഒരു കുറവുമില്ല.”
സ്കൂൾ വരാന്തകളിലും സ്റ്റാഫ് റൂമിലെ ചായക്കപ്പുകൾക്കിടയിലും അയൽപക്കങ്ങളിലെ ഇരുമ്പ് ഗേറ്റുകളുടെ മറവിൽ നിന്നും ഇത്തരം തെളിഞ്ഞും മറഞ്ഞുമുള്ള പരിഹാസങ്ങൾ പതിവായിരുന്നു.
ചിലർ സഹതാപത്തോടെ നോക്കുമ്പോൾ മറ്റു ചിലർ പരിഹാസത്തോടെ ഉള്ളിൽ ചിരിച്ചു. പക്ഷേ, സിന്ധു ടീച്ചർ ഇതൊന്നും കേട്ടിട്ടും കേൾക്കാത്ത മട്ടിൽ തന്റെ പതിവ് പുഞ്ചിരിയോടെ മുന്നോട്ട് നീങ്ങി.

ജോലിക്ക് കയറിയ കാലം മുതൽക്കേ സിന്ധു ടീച്ചർ ഇങ്ങനെയാണ്. സാരിക്ക് ചേർന്ന നിറത്തിലുള്ള വളകളും കമ്മലും ചെരുപ്പും ഉൾപ്പെടെയുള്ള ‘മാച്ചിംഗ്’ വേഷങ്ങൾ ധരിച്ചേ ടീച്ചറെ കാണാറുള്ളൂ. ടീച്ചർ സ്കൂളിലേക്ക് നടന്നു വരുന്നത് കാണാൻ തന്നെ ഒരു പ്രത്യേക അഴകാണ്. സാരിയുടെ നിറത്തോട് ഇഴചേർന്നു നിൽക്കുന്ന വളകളുടെ കിലുക്കവും കമ്മലിന്റെ തിളക്കവും ഒരു നിമിഷം ആരുടെയും കണ്ണുകളെ തടഞ്ഞു നിർത്തിയിരുന്നു.

വിനോദ് സാറുമായുള്ള വിവാഹജീവിതം പന്ത്രണ്ടാം വർഷത്തിലേക്ക് നീങ്ങുമ്പോൾ, ആദ്യമുണ്ടായിരുന്ന ആ സന്തോഷങ്ങൾക്കും പ്രണയത്തിനുമൊക്കെ എവിടെയോ തിളക്കം കുറഞ്ഞു തുടങ്ങിയിരുന്നു . ജീവിതത്തിന്റെ തിരക്കുകൾക്കും ഉത്തരവാദിത്തങ്ങൾക്കും ഇടയിൽ മൗനങ്ങൾ മതിലുകൾ തീർത്തിരിക്കുന്നു.
എന്നാൽ ഒരു ദിവസം അപ്രതീക്ഷിതമായി അയാൾക്ക് വന്ന അതിശക്തമായ വയറുവേദന എല്ലാം മാറ്റിമറിച്ചു.

പലപ്പോഴും ജോലിത്തിരക്കുകൾക്കിടയിൽ അനുഭവപ്പെടാറുള്ള ചെറിയ നടുവേദനയും ദഹനക്കുറവുമൊക്കെ വെറും ഗ്യാസിന്റെ പ്രശ്നമാണെന്ന് കരുതി അയാൾ അതൊക്കെ നിസ്സാരമായി തള്ളിക്കളയുകയായിരുന്നു. അസഹനീയമായ ആ വേദനയെത്തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത അയാളെ വിശദമായ പരിശോധനകൾക്ക് വിധേയനാക്കിയപ്പോഴാണ്, അത് മാരകമായ പാൻക്രിയാറ്റിക് ക്യാൻസർ ആണെന്ന വേദനിക്കുന്ന സത്യം അവർ തിരിച്ചറിഞ്ഞത്.

കുടുംബ സുഹൃത്തുകൂടിയായ ഡോക്ടർ സിന്ധുവിനോട് സത്യം തുറന്നു പറഞ്ഞു: “ഇനി ചികിത്സകൾക്ക് ഫലം കാണാൻ കഴിയാത്ത ഘട്ടം കഴിഞ്ഞിരിക്കുന്നു സിന്ധു. നമുക്കിനി വിനുവിന് പരമാവധി സന്തോഷവും സമാധാനവും നൽകുക.” ആ വാക്കുകൾ അവൾക്ക് ഒരു വലിയ ആഘാതമായിരുന്നു.
ആദ്യം തങ്ങളുടെ ലോകം തകർന്നു വീണതായി അവർക്ക് തോന്നി.പിന്നീട് ഇനി ഇരുവരും ഒരുമിച്ചുള്ള കുറച്ചു കാലം നഷ്ടപ്പെട്ടുപോയ സ്നേഹകാലം തിരിച്ചെടുക്കാനുള്ള നിയോഗമായി അവർ ആ കഠിനമായ രോഗാവസ്ഥയെ കണ്ടു. സിന്ധു ടീച്ചറും വിനോദ് സാറും തങ്ങളുടെ ജോലിയിൽ നിന്നും ദീർഘകാലത്തേക്ക് അവധിയെടുത്തു.

മക്കളെ അവരുടെ അച്ഛന്റെയും അമ്മയുടെയും അടുക്കൽ നിർത്തി, അവർ രണ്ടുപേരും മാത്രമായി പ്രകൃതിരമണീയമായ ഒരു മലയോര ഗ്രാമത്തിൽ വാടകയ്ക്ക് വീടെടുത്തു.
അവിടെ പ്രകൃതിയുടെ മടിത്തട്ടിൽ, തങ്ങൾക്കിടയിലുണ്ടായ എല്ലാ അകലങ്ങളിലും സ്നേഹം കൊണ്ടുള്ള പാലങ്ങൾ അവർ പണിതു.
പഴയ പാട്ടുകൾ പാടിയും കൊച്ചു യാത്രകൾ പോയും അവർ വീണ്ടും പ്രണയിച്ചു. ഓരോ നിമിഷവും അവർ പരസ്പരം വീണ്ടും കണ്ടെത്തിക്കൊണ്ടിരുന്നു. അവർ ഒന്നിച്ചു മഴപ്പാട്ട് കേട്ടു, ആ കൊച്ചു വാടകവീടിന്റെ മുറ്റത്ത് അവർക്കുവേണ്ടി മാത്രമായി നിലാവുദിച്ചു, പൂക്കൾ വിരിഞ്ഞു, കിളികൾ പാടി, പൂമ്പാറ്റകൾ പാറിപ്പറന്നു.

വേദനകൾക്കിടയിലും ജീവിതം എത്ര സുന്ദരമാണെന്ന് അവർ തിരിച്ചറിഞ്ഞു. ഈ ദിവസങ്ങൾ ഒരിക്കലും അവസാനിക്കരുതെന്ന് അവർ ആത്മാർത്ഥമായി ആഗ്രഹിച്ചു, പ്രാർത്ഥിച്ചു. ഒരു ചികിത്സയ്ക്കും നൽകാത്ത ഊർജ്ജം ആ സ്നേഹകാലം വിനോദിന് നൽകി.
ഒടുവിൽ ഒരു വർഷത്തിനുശേഷം വിനോദ് യാത്രയായപ്പോൾ അവൾ ഒരു പെരുമഴപോലെ ആർത്തലച്ചു പെയ്തു. പിന്നീട് എപ്പോഴോ അവളുടെ മനസ്സ് ഒരു സംതൃപ്തി കണ്ടെത്തി. പ്രിയപ്പെട്ടവന്റെ അവസാന നാളുകൾ ഏറ്റവും മനോഹരമാക്കാൻ കഴിഞ്ഞുവെന്ന ആശ്വാസം ആ വേർപാടിന്റെ കഠിനമായ വേദനയിലും അവൾക്ക് വലിയൊരു താങ്ങായി നിന്നു. ജീവിതത്തിലെ എല്ലാ കുറവുകളും പരിഹരിച്ച്, സ്നേഹത്തോടെ അദ്ദേഹത്തെ യാത്രയാക്കാൻ സാധിച്ചു എന്ന തിരിച്ചറിവ് അവൾക്ക് കരുത്തായി.

ഇന്നും അവൾ സ്കൂളിലേക്ക് അണിഞ്ഞൊരുങ്ങി വരുമ്പോൾ പരിഹാസങ്ങൾ ഉയരാറുണ്ട്. ചിലപ്പോൾ കൂട്ടുകാർ തന്നെ ടീച്ചറോട് പറയാറുണ്ട്, “നിന്നെക്കുറിച്ച് മറ്റുള്ളവർ പറയുന്നുണ്ട്, നിനക്ക് ഭർത്താവ് മരിച്ചിട്ടും ഒരു മാറ്റവുമില്ല, ഒരുക്കത്തിന് ഒരു കുറവുമില്ലെന്ന്.” ചിലപ്പോഴൊക്കെ അത് അവരുടേതായിട്ടുള്ള പറച്ചിലുകളാണെന്നും ടീച്ചർക്ക് തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെ ടീച്ചർ ശാന്തമായി ഒരു മറുപടി പറയാറുണ്ട്: “ഞാൻ അന്നും അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു, ഇന്നും അദ്ദേഹത്തിന്റെ ഭാര്യയാണ്. ഞാൻ ഒരുങ്ങി നടക്കുന്നത് കാണാനാണ് വിനോദേട്ടന് ഇഷ്ടം. അന്നും എന്നും .എനിക്കത് മറ്റാരെയും ബോധിപ്പിക്കേണ്ടതില്ല.

ഭർത്താവില്ലാത്തവളോടുള്ള ചിലരുടെ വികലമായ ചിന്താഗതികളും, സഹതാപം നടിച്ച് അടുക്കാനുള്ള ശ്രമങ്ങളുമാണ് എനിക്ക് ഏറ്റവും വെറുപ്പ് തോന്നുന്നത്. എനിക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവുണ്ട്, എന്റെ കുടുംബവും മക്കളും എനിക്കൊപ്പമുണ്ട്. എനിക്ക് ജീവിക്കാൻ അതുമാത്രം മതി, മറ്റാരുടെയും വിലകെട്ട ഔദാര്യം എനിക്കാവശ്യമില്ല.”
മനസ്സിൽ ഭാരമുണ്ടാകുമ്പോൾ ടീച്ചർ വിനോദ് സാറിന്റെ ഫോട്ടോയ്ക്ക് മുന്നിൽ പോയിരിക്കും. ആ കണ്ണുകളിൽ നോക്കി സംസാരിക്കുമ്പോൾ ടീച്ചർക്ക് വലിയൊരു സമാധാനം ലഭിക്കുമായിരുന്നു. അപ്പോൾ വിനോദ് മുൻപ് പറയാറുള്ള ആ ശബ്ദം ടീച്ചർക്ക് കേൾക്കാം: “സിന്ധൂ, നീ എപ്പോഴും ഇങ്ങനെ തന്നെയായിരിക്കണം… സുന്ദരിയായി, ചിരിച്ചുകൊണ്ട്.”ഇപ്പോൾ ഒരു വാക്കു കൂടി കൂട്ടി ചേർക്കാറുണ്ട് “എടോ ഞാനില്ലേ എപ്പോഴും തന്റെ കൂടെ “.ആ വാക്കുകളാണ് തന്റെ സങ്കട കടലിലെ കൊച്ചു തോണിയെന്ന് ടീച്ചർക്ക് തോന്നാറുണ്ട്.

ടീച്ചർ സ്കൂളിൽ പോകാനായി വീണ്ടും കണ്ണാടിയുടെ മുന്നിൽ നിന്നു. അന്ന് കടുത്ത മജന്ത നിറത്തിലുള്ള ഒരു സാരിയാണ് ടീച്ചർ ഉടുത്തത്. അതിനിണങ്ങുന്ന വളകളും മാലയും കമ്മലും അണിഞ്ഞു. ഒടുവിൽ നെറ്റിയിൽ സാരിക്കു ചേരുന്ന ഒരു പൊട്ടും തൊട്ടു. കണ്ണാടിയിൽ നോക്കി ടീച്ചർ പുഞ്ചിരിച്ചു. ആ മുഖത്ത് തെളിയുന്നത് ദൈന്യതയല്ല, മറിച്ച് ഒരു പ്രണയിനിയുടെ തേജസ്സായിരുന്നു.
(സിന്ധു ടീച്ചർ ഒരു യഥാർത്ഥ കഥാപാത്രവും ജീവിതവുമാണ്)
പൊട്ടൽ വീണ പാത്രങ്ങളെ സ്നേഹം കൊണ്ട് ഒട്ടിച്ചു ചേർക്കാൻ നമുക്ക് സാധിച്ചില്ലെങ്കിലും, അതിനെ ഉടച്ചു കളയാതിരിക്കാമല്ലോ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *