കഴിഞ്ഞു പോയ നാളുകളിലെ അറേബ്യൻ നാടുകളിലെ യുദ്ധം,. നമ്മുടെ നാട്ടിലെ തെരഞ്ഞെടുപ്പുകൾ,,, കടുത്ത് വരുന്ന വേനൽ ചൂട്.,, തുടർച്ചയായി കേൾക്കുന്ന,, വാഹനാപകടം, ഇതിന് പുറമേ,, നേരിടാൻ പോകുന്ന ജലക്ഷാമം.,,,
അൽപം ശാന്തി തേടി പോയതാണ് സ്വന്തം കുടുംബ ക്ഷേത്രത്തിലെ ഉൽസവം കൂടാൻ.
രാവും പകലുമായിരണ്ട് നാൾ നടത്തുന്ന ഉൽസവത്തിന് രണ്ടാം നാൾ പകൽ.
ശിവപാർവ്വതിമാരുടെ പുത്രനെങ്കിലും കണ്ണൂരുകാരുടെ സ്വന്തം ദൈവങ്ങൾ,,, തിരുവപ്പനും വെള്ളാട്ടവും (മുത്തപ്പൻ) തങ്ങളുടെ ചടങ്ങുകൾ തീർത്ത്,, തിരുമുറ്റത്ത് തങ്ങളുടെ പീഠങ്ങളിൽ ഉപവിഷ്ടരായിരിക്കുന്നു. ഇരുവർക്ക് മുന്നിലും കുറച്ച് പേര് അനുഗ്രഹം വാങ്ങിക്കാൻ നിൽക്കുന്നുണ്ട്.കുറച്ച്മാറി.,ശിവാംശമായ മറ്റൊരു ദേവൻ,, ഗുളികൻതെയ്യം തന്റെ താണ്ഡവവും മെയ്യഭ്യാസവും തീർത്ത് ഒരൊഴിഞ്ഞ കോണിൽ വിശ്രമിക്കുന്നു. അവിടെയുമുണ്ട് കുറച്ചാളുകൾ..
അണിയറയിൽ പിന്നെയും ദൈവങ്ങൾ ഒരുങ്ങുന്നുണ്ട്.

തലേ ദിവസം തന്നെ എത്തിച്ചേർന്നവരും ക്ഷേത്രപരിസത്ത് തന്നെ താമസിക്കുന്ന വരുമായ ബന്ധുജനങ്ങൾ. ഏറ്റവും അടുപ്പംകാണിക്കുന്നവരൊക്കെ
വിശേഷങ്ങൾ തിരക്കിയുംവൈകിയെത്തിയതിൽ വഴക്കു പറഞ്ഞും കുറച്ച് സമയം തിരുമുറ്റത്ത് ഒത്ത് കൂടി.
ചെണ്ടമേളം മുഴക്കി,, കുഴലുവിളിച്ച് അടുത്ത ദൈവത്തിന്റെ വരവറിയിച്ചുവാദ്യമേളക്കാർ.
ചുവന്ന ദേഹo,, ഭംഗിയിൽ വരഞ്ഞെഴുതിയ മുഖം, കഴുത്തിൽ മുല്ലമാല,, ഭംഗിയിൽ താളം ചവിട്ടിയും ഇടക്ക് ഉറഞ്ഞാടിയും തറവാട് പറമ്പിൽ അങ്ങിങ്ങ് ഓടിയും തകർത്താടിയ ഭഗവതി,, ഏറെ നേരം സ്വയം മറന്നിരുന്നു.
ദൈവീകതയ്ക്കും ഭക്തിക്കും പുറമെ, അൽപസ്വൽപം വിനോദം കൂടി പകരാൻ കുറച്ച് പിള്ളേരുടെ നേതൃത്വത്തിൽസംഘടിപ്പിച്ച മറ്റൊരു തെയ്യ കോലം കൂടി. വസൂരിമാല ഭഗവതി ഒരുങ്ങിയിറങ്ങി.

ചെമ്പട്ടുടുത്ത്, ചെമ്പക പൂമാല കൂടി, കണ്ണുകൾ കൊണ്ടും മുഖഭാവം കൊണ്ടും ഭയപ്പെടുത്തിയും ആരോഗ്യവാൻമാരായ കയ്യാളൻമാർ പിടിച്ചു വലിച്ച് കൊണ്ട് വരുന്ന
വസൂരിമാല ഭഗവതിയെ മനസിലോർത്തിരുന്ന തങ്ങളുടെ മുന്നിലേക്ക് താളമേളങ്ങൾക്കൊപ്പം വന്നു ചേർന്നത്,, ചെമ്പട്ടുടയാടയിൽ ഒരുങ്ങിയ,, മുല്ല മാലയും തുളസിമാലയും ചൂടി, മൂക്കുത്തിയും കമ്മലുമണിഞ്ഞ,, ഭയത്തിനും ഭക്തിക്കും പുറമേ, അൽപം വാൽസല്യം തോന്നിക്കുന്ന ഒരു കുഞ്ഞ് ഭഗവതി. ഉറഞ്ഞാടുമ്പോൾ ഭയന്ന് പിൻമാറുന്നതിൽ നിന്ന് വ്യത്യസ്തമായി,കുട്ടികൾ കൂട്ടമായി ഓരോ വശത്ത് നിന്നും താളം ചവിട്ടി
ചെണ്ട മേളത്തിനൊപ്പം കുട്ടികൾക്കിടയിൽ ഈ കുഞ്ഞ് ഭഗവതിയും തകർത്താടി.ആഹ്ലാദ തിമർപ്പ് അൽപം അടങ്ങിയപ്പോൾ തെയ്യവും കുട്ടികളും വിശ്രമിച്ചു.

ഇടക്ക് എല്ലാ ദൈവങ്ങളും മേളത്തിനൊപ്പം ഉറഞ്ഞാടുന്നു.
ഭഗവതിമാർ ഇടക്കിടെ മുത്തപ്പനെ വണങ്ങുന്നുമുണ്ട്. വസൂരിമാല ഗുളികന്റെ ചാരത്തും മറ്റ് ദൈവങ്ങളുടെ കാൽച്ചുവട്ടിലും അൽപം ചേർന്നിരിക്കുന്നുമുണ്ട്.
ചടങ്ങുകൾ ഏറെകുറെ തീർന്നു. എല്ലാവരും അനുഗ്രഹം വാങ്ങാൻ ചെറുതും വലുതുമായ തുകകളുമായി ദൈവങ്ങൾക്ക് മുന്നിൽഭക്തിപൂർവം നിൽക്കുന്നു.
കുറച്ച് കാലമായി, മനസിൽ തോന്നി തുടങ്ങിയ സംശയം. മനുഷ്യരെ പോലെ തന്നെ ദൈവങ്ങളും ഭക്തരിൽ വേർതിരിവ് കാണിക്കുന്നുണ്ടോ എന്ന്. ചിലർക്ക് ദൈവം വാരി കോരി കൊടുക്കുമ്പോൾ,, ഒരു കൂട്ടമാളുകളെ ഒട്ടും പരിഗണിക്കാതെ, പ്രാർത്ഥനകൾക്കും നൈവേദ്യത്തിനും ഫലം നൽകാതെ
മാറ്റിനിർത്തുന്നുണ്ടോ.,, അതോ മനസിൽ തോന്നുന്ന കുശുമ്പ് കൊണ്ടാണോന്നറിയില്ല. ദൈവങ്ങൾക്ക് മുന്നിൽ പോകാൻ കുഞ്ഞ് നാളിൽ പേടിയാണെങ്കിൽ ഇപ്പോഴും മുത്തപ്പനെ ഒഴികെ,,ഒരുങ്ങിയിറങ്ങി വരുന്ന മറ്റ്തെയ്യ കോലങ്ങൾകാണുമ്പോൾ
പേടി തന്നെ,, എന്നാലും അനുഗ്രഹം നേരിട്ട് വാങ്ങാൻ തോന്നാറില്ല.

മനസറിഞ്ഞ് പ്രാർത്ഥിച്ചാൽ,, ഏത് ദൈവവും അറിയില്ലെ. പിന്നെന്തിന്,
കൊടും ചൂട് സഹിച്ച്,, അനുഗ്രഹം നൽകുന്ന ദൈവങ്ങൾക്ക് മുന്നിൽ തിരക്ക് കൂട്ടണം.
ഉൽസവം കഴിഞ്ഞു. ഉച്ചഭക്ഷണം കഴിച്ച് അൽപം താഴെ വീട്ടിൽ ചെന്നിരുന്നപ്പോൾ പഴയ ഒരയൽ വാസി ചേച്ചി. സ്നേഹപൂർവം വിശേഷങ്ങൾ തിരക്കി, തന്റെ മകൻ കുറേ കാലമായി നിന്നെ അനേഷിക്കുന്നു. വന്നു കണ്ടിട്ട് പോകാം എന്ന് പറഞ്ഞ് അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു
ശോഷിച്ചു കൊണ്ടിരിക്കുന്ന ഒരു തൈപ്പറമ്പ് കടന്ന്,, ആൾ താമസമില്ലാത്ത ഒരുവലിയ തറവാട്ട് മുറ്റം കടന്ന് അവരുടെ വീട്ടിലെത്തി.

പഴയ നാട്. പതിനഞ്ച് വയസ് വരെ, താമസിച്ച പ്രദേശം. ഓർമകൾ മനസിൽ നിറഞ്ഞൊഴുകി. അവരുടെ വീട് മാത്രം ഒരു മാറ്റവും വരുത്താതെ, ഓട് മേഞ്ഞ,, നിലം കാവി മെഴുകിയ വീടിന് വരാന്തയിൽ ഒരു വശം നീളത്തിൽ കെട്ടിയതറ(നിസ്കാരത്തിനൊരുക്കിയ കരാത്ത ണ )മുൻവശത്തെ കസേരയിൽ ഒരു പയ്യൻ. യാതൊരുവിധ അപരിചിതത്വവുമില്ലാതെ ചേച്ചി എന്ന് വിളിച്ചപ്പോൾ മനസിൽ അവന്റെയും സഹോദരങ്ങളുടെയും പേര് തിരഞ്ഞുവിഷമിച്ചു, തപ്പിതടഞ്ഞ് ഒടുക്കം അവന്റെ താത്തയുടെ പേര് കിട്ടി. കുഞ്ഞാമിന,, ഫാസില,, വാഹിദ്,, വാജിദ്,,ഓ.. ഇവൻ വാഹിദ് തന്നെ.
സമാധാനമായി.

മുറ്റത്ത് നിന്ന് ചുറ്റുപാടും പഴയ വീടുകളെയും കവുങ്ങിൻ തോപ്പിനെയും കശുമാവിൻ തോട്ടങ്ങളെയും അന്യേഷിക്കുന്ന തന്നോട് പഴയ കഥകളും അവിടുന്ന് താമസം മാറിപോയ വീട്ടുകാരെ കുറിച്ചും ആ ഉമ്മയും മകനും സംസാരിച്ചു.
വല്ലാത്ത നൊമ്പരം. അവരുടെ നേരെ മുൻ വശം ചെറിയ ഒരു കുന്നിൽ തന്റെ വീടിരുന്ന സ്ഥലംമറ്റൊരാളുടെ ഉടമസ്ഥതയിൽ
ഉയർന്നിരിക്കുന്ന രണ്ട് നില കോൺ ക്രീറ്റ് വീട്. താൻ പഠിക്കാനിരിക്കുന്ന മാഞ്ചുവട്. ബാലരമയും പൂമ്പാറ്റയും വായിച്ചും കളിവീട് കെട്ടിയുമിരിക്കുന്നഗന്ധരാജന്റെചുവട്,,ഒന്നും കാണുന്നില്ല.
ഇടക്ക് വാഹിദ് പറഞ്ഞു. ചേച്ചി നോക്കിയെ,, നമ്മുടെ വല്യുപ്പാന്റെ വീടൊക്കെ പോയില്ലെ,
ഓ,, ഒരു കുഞ്ഞ് കിണർ മാത്രം. അതിനോട് ചേർന്ന വെള്ള ചായം തേച്ച ഒരു കുഞ്ഞ് വീട് ഓർമയിൽ തെളിഞ്ഞു. ഒപ്പം, അവിടെമുറ്റത്തെ തുമ്പിൽ അഛനും സുഹൃത്ത് ഉച്ചു മാപ്പിള എന്നോ, ഉച്ചൂക്ക എന്നോ ഒക്കെ വിളിക്കുന്ന അവന്റെ ഉപ്പൂപ്പയും വെത്തില മുറുക്കുന്നു.

കുറച്ച് മാറി,, ശീമക്കൊന്ന വേലി ചുറ്റിയ ഒരു കിണറിൽ നിന്ന് വെള്ളം കോരി അടുക്കളത്തോട്ടം നനക്കുന്ന അമ്മയോട് വിശേഷങ്ങൾ പറയുന്ന
കാതിൽ നിറയെ അലുക്കുകളിട്ട,, നീല കരയുള്ള കാച്ചി മുണ്ടുടുത്തകദീസുമ്മ,, വാഹിദിന്റെ ഉമ്മൂമ്മ.
ഇത്തിരി വട്ടത്തിൽ ഒരു പച്ചക്കറി കലവറ. വെണ്ട, പയർ, വെള്ളരി, പടവലം.,, ഒക്കെ പൂത്തുലഞ്ഞ് ,,,,,,

:ആ കിണറിലല്ലെ ദിവാകരൻ വീണത്: ഇത്തയുടെ സ്വരം തന്നെഓർമകളിൽ നിന്നുണർത്തി.
ദിവാകരൻ. ഓർമയുറക്കും മുന്നെ,, തന്നെ വിട്ട് പോയഏട്ടൻ,ഓർമയിൽ ഒരു ചുവന്ന വള്ളി ടൗസറിട്ട രൂപം മാത്രം. മുഖമില്ല…പേര് പോലുംഎപ്പൊഴോ മറന്നു പോയി.
അവർ ഇന്നും ഓർത്തിരിക്കുന്നു. മനസ് നീറുമ്പോഴും അവരോടുള്ള
സ്നേഹത്തിന് ഒരിത്തിരി കൂടി അളവ് കൂടി.
പഴയ രണ്ട് തറവാട് വീടുകളിലെ താമസക്കാരൊക്കെ പട്ടണത്തിലേക്ക് താമസം മാറിയത്രെ. കുന്നിൻ ചെരിവിലെകവുങ്ങിൽ തോപ്പ് മാറ്റി റബർ മരങ്ങളായി. മറുവശത്തെ തെങ്ങുകൾ വെട്ടിമാറ്റി വാടക കെട്ടിടങ്ങൾ പണിതു. പലരും ഉടമസ്ഥാവകാശം വിറ്റ് പട്ടണത്തിലേക്ക് പോയി എന്ന് പറഞ്ഞു. താൻ സൂളിൽ പോയപഴയ വഴികളിലൂടെയൊക്കെ ഒന്ന് പോകണമെന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു. ഒക്കെയും മാറി. കശുമാവിൻ തോപ്പുകൾ ഒക്കെ വെട്ടിമാറ്റി അവിടങ്ങളിലൊക്കെ വാടക കെട്ടിടങ്ങൾ പണിതു കഴിഞ്ഞു എന്ന്. കുറച്ച് മാറി, ഒരു ചെറിയ കുന്ന്.. കൽ പടവുകൾകയറിയാൽ റോഡിലെത്തും. നാൽപത്തിയൊന്നോ, അമ്പത്തി ഒന്നോ പടവുകൾ. ഓർമയില്ല. അത് വഴി പോകാൻ ഇനി ഒരിക്കൽ വരാമെന്ന് പറഞ്ഞ് അവരോട് യാത്ര പറഞ്ഞു

കുറച്ച് നേരം കൂടി,, അന്നത്തെ ആകെ പറമ്പിന്റെ ജന്മിയുടെ കൊച്ചുമകൻ,, വിൽക്കാതെ ബാക്കി വച്ച ഇത്തിരി മാത്രം തൈപറമ്പിലേക്ക് നോക്കി നിന്നു.ആ പ്രദേശത്തെ വീടുകളിലെ പെൺകുട്ടികൾ രാവിലെ വീട്ട് ജോലികൾ ഒക്കെ തീർത്ത് വന്ന് കൂടി ചേരുന്ന സ്ഥലം. മറിഞ്ഞു വീണ മരത്തടിയിലിരുന്ന് ഈണത്തിൽ പാട്ടുകൾ പാടിയും തെങ്ങോലകൾ പിടിച്ച് ഊയ്യലാടുന്നതും താൻ കുന്നിൻ മുകളിലെ തന്റെ വീട്ടിലിരുന്ന്കാണും. അവരോടൊപ്പം
കൂടാൻ കൊതിയുണ്ടെങ്കിലും സ്വയം വിലക്ക് തീർത്ത് അതിൽ ഒതുങ്ങി കൂടിയിരുന്ന കാലം. തനിക്ക് കൂട്ട് പാഠപുസ്തകങ്ങളും ചിത്രകഥകളും മാത്രം.
എന്നാലും അവരുടെ പാട്ടിന്റെ വരികൾ ചെവിയിൽ മുഴങ്ങുന്നു.
: കാഫ് മലകണ്ട പൂങ്കാറ്റേ…
കാണിക്ക നീ കൊണ്ട് വന്നാട്ടെ.

ടെലഫോൺ പ്രചാരത്തിലില്ലാതിരുന്ന കാലം. പ്രവാസ ജീവിതം നയിക്കുന്നവർ കത്തിലൂടെ മാത്രം വിവരങ്ങളറിയുന്ന കാലം. വേദന മറക്കാൻ പാടുന്ന പാട്ടുകൾനമ്മുടെ സ്വന്തം നാടിന്റെ ഉച്ചാരണശൈലിയിൽ
: പൊന്നുപ്പ വായിച്ചറിയാനും
ഇന്ന്,, പൊന്ന് മോൾ
കുത്തി കുറിക്കാനും
എന്നെന്നും കണ്ണീരാണു മ്മാക്ക്
ഒന്ന് ഇങ്ങോട്ട് വന്നൂടെ
ഉപ്പാക്ക്.
കടലും കടന്നു പ്പ
പോയില്ലെ
ഇപ്പം…
കൊല്ലങ്ങൾ നാലോളമായില്ലെ…

പൊട്ടി വീണ മരത്തടിയിലിരുന്ന് അസ്മയും തസ്ലീമയും വാഹിദയും, സാഹിദയും,, ഫാത്തിമയുംസൗജത്തും പാടുകയാണ..തൊട്ടടുത്ത കവുങ്ങിൻ തോപ്പിൽ ഒരു കൂട്ടുകാരി പശുവിന് പുല്ല് ചെത്തുന്നുണ്ടൊ,.,കയ്യിലിരിക്കുന്ന സ്കൂൾ ലൈബ്രറിയിലെ പുസ്തകം വായിച്ച് കഥ പറഞ്ഞുകൊടുക്കുന്ന
ത് ഞാൻ തന്നെയല്ലെ..ദൂരെ ചെണ്ടമേളം കേൾക്കുന്നു. ഒപ്പംകുട്ടികളുടെ ആർപ്പുവിളികളും
അകലേ,, ഒരു കൂർമ്പ ഭഗവതി ക്ഷേത്രത്തിലേക്കുള്ള കലശം എഴുന്നള്ളിപ്പിന്റെ ഒരുക്കങ്ങളാണെന്ന് തോന്നുന്നു. അവർ വീട്ടിലെത്തുമ്പോഴേക്കും വീടും പരിസരവും അടിച്ചു വാരി ചാണകം തെളിക്കാൻ വട്ടം കൂട്ടുന്നുണ്ടാവും ചേച്ചിമാരും അമ്മയും…
ചെറിയൊരു കാറ്റ് വീശി. അരികിലെ പപ്പായ മാവിന്റെ ചോട്ടിൽ മാമ്പഴങ്ങൾ വീഴുന്ന ശബ്ദം.പാടിക്കൊണ്ടിരിക്കുന്നവർ ഓടിവരുന്നുണ്ട്. ആർക്കൊക്കെയോ കിട്ടി.ഒക്കെ പങ്ക് വച്ച് കഴിക്കുന്നു. എന്തൊ,,ഒന്നിലും പങ്ക് ചേരാതിരിക്കാൻ കൂടെയുള്ള കൂട്ടുകാരിക്കും തനിക്കും മാത്രമായി വിലക്കേർപ്പെടുത്തിയത് ആരാണ് ?

: നിനക്ക് പോകാൻ തോന്നുന്നില്ലെങ്കിൽ ഇവിടെ കയറിയിരിക്ക്::. ഇത്തയുടെ ശബ്ദം. സ്വപ്നത്തിൽ നിന്നും തന്നെ ഉണർത്തി. തിരിഞ്ഞുനോക്കാതെ,, ഞാൻ പോകുന്നു,,സമയം പോയി. ബസ് കിട്ടില്ല എന്ന് പറഞ്ഞ് വേഗം നടന്നു.
നാടിന്റെ മുഖഛായ മാറി. സൗകര്യങ്ങൾ തേടി പുതുതലമുറയോടൊപ്പം പഴയവരും പട്ടണങ്ങളിലേക്ക് ചേക്കേറി..
മണലുവാരി ആഴം തീർത്ത പുഴ മാത്രം,, ദിശ തെറ്റാതെ ഒഴുകുന്നു. കാലവർഷമാകാൻ കാത്ത്… :
മഴ ആടി തിമർക്കുമ്പോൾ,, പഴശ്ശി അണക്കെട്ട് നിറഞ്ഞു കവിഞ്ഞ് കവാടങ്ങൾ തുറന്ന് വിട്ടിട്ട് വേണം,,,
,ഇരുകരകളും കവിഞ്ഞ്,,ആർത്തിരമ്പി കുതിക്കാൻ എന്നോർത്തിട്ടാവണം ഈ ശാന്തത..
ഓർമകൾ എവിടെയും അവസാനിക്കുന്നില്ല. ഒക്കെ ചേർത്തൊരുക്കി,, വലിയൊരു സ്വപ്ന ഗോപുരം തീർക്കണം. അതിനുള്ളിൽ,, നിശബ്ദമായി,,, പിന്നെയും,,പിന്നെയും നിലക്കാതെഒഴുകി വരുന്ന സ്മരണകളിൽമുഴുകി… മുഴുകി…. രാവ് വെളുക്കുവോളം ഉറങ്ങാതെ,,,

By ivayana

Leave a Reply

Your email address will not be published. Required fields are marked *