രചന : ബിന്ദു കുറ്റിപ്പാല ✍️
എന്നെ തിരഞ്ഞു വരുന്നവരോട്
നിങ്ങൾ കല്ലുപാലത്തിനിപ്പുറം
കൈതക്കൂട്ടങ്ങൾ കവച്ചുകടന്ന്
പച്ചവയൽ ഞൊറിയിട്ട പാവാട തെന്നിത്തടയാതെ
വല്യരമ്പ് കേറണം …..
തെക്കോട്ട് നേരെ പോയി
ഒരു വശം പറമ്പുമാടിക്കുത്തിയ
നീരോലിയുടെ വേലിപ്പടർപ്പുകൾചാഞ്ഞത്
ഉടുപ്പിൽ കുരുങ്ങാതെ
ഊർന്നുലഞ്ഞു നടക്കണം
തൂക്കണാം കുരുവികൾ കെട്ടിയ
കൂടുകൾ ഊയലാടുന്നത് നോക്കണ്ട
വെള്ളച്ചാലിൻ്റെ ഇടവെട്ടിൽ കാലുടക്കി വീണുപോകാനിടയുണ്ടേ…
വെള്ളച്ചാലിൽ നീരൊഴുക്കിനെതിരെ
നീന്തുന്ന
പൂവാലനെ കണ്ടു നിൽക്കണ്ട ട്ടോ
സന്ധ്യായാലോ….
അന്തിക്കു വിരുന്ന് പാടില്യാന്നല്ലേ ….
വല്യരമ്പ് വണ്ണം തിരണ്ടിടത്ത്
ഒരു തെങ്ങിൻ തോപ്പില്ലേ….
അതിനു നേരെ മുന്നിൽ
ചെന്തീപ്പൂക്കൾ വിരിച്ചൊരു
പ്ലാശ് തോട്ടിലേക്ക് ചെരിഞ്ഞ് കെടപ്പുണ്ട്
അതാണടയാളം
അവടയ്ക്ക് പോണ്ടട്ടോ…
നെറവയറുമായൊരുത്തി
വടക്കോട്ടു ചാഞ്ഞ കൊമ്പത്ത്
പണ്ട് തൂങ്ങിച്ചത്ത്ണ്ടത്രെ ….
രഹസ്യാ… ആരോടും പറയണ്ട
തെങ്ങിൻ തോപ്പു തിരിയണോടത്ത്…
യ്യോ …. പറേമ്പളക്കും തിരിഞ്ഞോ…..
അവടെ നിറയെ പൂത്തൊരു
തൊട്ടാവാടിക്കൂട്ടണ്ട് …
നല്ല മൂത്ത മുള്ളാ ….
വേനിച്ചിണ്ടാവും …
സാരല്യട്ടോ കമ്യൂണിസ്റ്റപ്പ പസ്റ്റാ….
ഈ വഴിയങ്ങ് കേറണം
ദാ ആ കൊട്ടത്തും മരം കണ്ടോ
നെറെ കായണ്ടാവും
ന്ത് രസാന്നറ്യോ …..
മുള്ള് നോക്കണേ ….
നി അതാ കുളം പോലൊരു കെണറ്
പണ്ടു തേക്കുണ്ടായിരുന്നൂത്രേ
കൊട്ടച്ചാലിൽ കാരിം ചെമ്പനും
തുമ്പീല് വെള്ളം കോരും
വല്യമ്മാമ മുടിങ്കോലെളക്ക്യാ
കൃത്യകലത്തില് അവര്
മുമ്പട്ടും പിമ്പട്ടും നടന്നു തേവും
ദാകാണുന്ന മണ്ണോണ്ട്
തിണ്ടും ചുമരും പിടിച്ച
ഓലവീടിനുള്ളിൽ ആളുണ്ട് ട്ടോ
മുറ്റത്ത് നിന്നൊന്നു ചുമച്ചോളൂ
കുപ്പായടാത്തൊരമ്മൂമ്മ
ആരാത് …. ചോയ്ച്ചെറങ്ങിവരും
ന്നെ കാണാനാന്ന് പറഞ്ഞ മതി
ഏ… എന്താ പറഞ്ഞ്
ന്നെ കാണാല്യാന്നോ …..
ഞാം വ്‌ടെണ്ടായിര്ന്നൂലോ ….
വഴി പറഞ്ഞ് തന്ന്
ഞാനവിടെ തന്നെനിന്നോ
ദെന്താത് …
കല്ലുപാലം ഇടിഞ്ഞു പൊളിഞ്ഞു കെടക്കണു
കൈതല്യ…. പാടല്യ… പച്ചപ്പില്യ
നീരോലിപടർപ്പില്യ…
തൂക്കണാം കുരുവില്ല്യ
വെള്ളച്ചാലും പൂമീനും
പ്ലാശിൻപൂവും തൊട്ടാവാടീം
കൊട്ടത്തുംപഴോം കാണാല്യ…
ചതുരക്കിണറും
തുമ്പീം… കാരീം… ചെമ്പനും
മണ്ണുവീടും മാറുകാട്ട്യ മുത്തീം
ല്യാത്തോടത്ത്
ശര്യാല്ലേ ……
ഞാനെങ്ങനെ …..?
