രചന : പ്രസീദ ദേവു ✍️
പ്രണയത്തിൽ നീ
കൊളംബസായിരുന്നു
മറ്റൊരാളെന്നെ
കണ്ടെത്തും വരെ,
പ്രണയത്തിൽ നീ
വാസ്കോഡഗാമയായത്
നിൻ്റെ ഹൃദയമെന്നിൽ
കപ്പലിറക്കിയ ദിവസം,
പ്രണയത്തിൽ നീ
നീൽആം സ്ട്രോങ്ങായത്
എൻ്റെ ഭ്രാന്തൻ
കുന്നുകളിൽ
നിൻ്റെ ചിന്തകൾ
കാല് കുത്തിയപ്പോൾ ,
പ്രണയത്തിൽ നീ
ഷാജഹാനയത്
എന്നിൽ നിൻ്റെ
ഉടൽ സൗധം
പണിതപ്പോൾ,
പ്രണയത്തിൽ നീ
റോമിയോ ആയത്
എൻ്റെ ചുണ്ടുകളിൽ
നീ പൂക്കൾ തിരഞ്ഞപ്പോൾ,
പ്രണയത്തിൽ നീ
പാബ്ലോ നെരുദയോ,
കാഫ്കയോ ,
സാഫോയോ
ചങ്ങമ്പുഴയോ
ആവുന്ന നേരം,
എൻ്റെ പേനയുടെ
രതിയുടെ താക്കോൽ
നിനക്കു കൈ മാറും ,
എൻ്റെ ഉടലാകെയും
നീ എഴുതി നിറയ്ക്കുക…
